'ദൈവമേ, കേരളം മുഴുവനും കറന്റ് പോണേ എന്ന് പ്രാര്‍ത്ഥിച്ചിട്ടുണ്ട്'... ഭാവന ഇങ്ങനെ പ്രാര്‍ത്ഥിക്കാനുള്ള കാരണം അറിയാമോ?

Bhavana Returns: അഞ്ച് വർഷത്തെ ഇടവേളയ്ക്ക് ശേഷം ഭാവന മലയാള സിനിമയിലേക്ക് തിരികെ എത്തുന്ന ചിത്രമാണ് 'ന്റിക്കാക്കാക്കൊരു പ്രേമണ്ടാർന്ന്'. ഷറഫുദ്ദീനാണ് ഭാവനയ്ക്കൊപ്പം ഈ സിനിമയിൽ അഭിനയിക്കുന്നത്.

Written by - Zee Malayalam News Desk | Last Updated : Feb 13, 2023, 06:35 PM IST
  • ഫെബ്രുവരി 17 ന് ആണ് സിനിമയുടെ റിലീസ്
  • അഞ്ച് വര്‍ഷം മലയാള സിനിമയില്‍ നിന്ന് മാറി നിന്നതിന് ശേഷം തിരിച്ചെത്തുന്നതില്‍ വലിയ എക്‌സൈറ്റ്‌മെന്റ് ഉണ്ടെന്ന് ഭാവന
  • സിനിമ തിരഞ്ഞെടുക്കുന്നതില്‍ കാലം സൃഷ്ടിച്ച മാറ്റത്തെ കുറിച്ച് ഷറഫുദ്ദീന്‍ അഭിമുഖത്തില്‍ പറയുന്നു
'ദൈവമേ, കേരളം മുഴുവനും കറന്റ് പോണേ എന്ന് പ്രാര്‍ത്ഥിച്ചിട്ടുണ്ട്'... ഭാവന ഇങ്ങനെ പ്രാര്‍ത്ഥിക്കാനുള്ള കാരണം അറിയാമോ?

'ന്റിഇക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്' എന്ന സിനിമയിലൂടെ ഭാവന മലയാള സിനിമയിലേക്ക് തിരിച്ചുവരികയാണ്- അഞ്ച് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം. ക്ലീന്‍ യു സര്‍ട്ടിഫിക്കറ്റ് സ്വന്തമാക്കിയ ചിത്രം ഫെബ്രുവരി 17 ന് തീയേറ്ററുകളില്‍ എത്തും. ഇതിന് മുന്നോടിയായി ഭാവനയും സിനിമയിലെ നായക കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഷറഫുദ്ദീനും ചേര്‍ന്ന് ട്രൂ കോപ്പി തിങ്കിന് നല്‍കിയ അഭിമുഖം ഇപ്പോള്‍ ഏറെ ശ്രദ്ധ നേടിക്കൊണ്ടിരിക്കുകയാണ്.

തന്റെ പെര്‍ഫോമന്‍സ് ഇഷ്ടപ്പെടാത്ത ഒരുപാട് സിനിമകള്‍ ഉണ്ടെന്നാണ് ഭാവന പറയുന്നത്. ക്രിഞ്ച് എന്ന് തോന്നിപ്പിക്കുന്ന ഒരുപാട് സംഭവങ്ങള്‍ തന്റെ പ്രകടനത്തിലുണ്ട്. ഏതെങ്കിലും ഒരു സിനിമയിലെ പ്രകടനം കണ്ട് ' അതില്‍ ഞാന്‍ പൊളിച്ചു'  എന്ന് തനിക്ക് ഇതുവരെ തോന്നിയിട്ടില്ല എന്നും ഭാവന അഭിമുഖത്തില്‍ രസകരമായി പറയുന്നുണ്ട്. ഒരുപാട് ഇന്‍സെക്യൂരിറ്റീസ് ഉള്ള ആളാണ് താന്‍, പ്രത്യേകിച്ച് ശബ്ദത്തിന്റെ കാര്യത്തില്‍. കണുന്ന എല്ലാവര്‍ക്കും ഇതെല്ലാം തോന്നുന്നുണ്ടാവില്ലേ എന്ന് താന്‍ ആലോചിക്കാറുണ്ട്. തന്റെ പെര്‍ഫോമന്‍സ് ഇഷ്ടമില്ലാത്ത സിനിമകള്‍ ടിവിയില്‍ വരുമ്പോള്‍ 'ദൈവമേ കേരളം മുഴുവന്‍ കറന്റ് പോണേ'  എന്ന് പ്രാര്‍ത്ഥിച്ചിട്ടുണ്ട് എന്നും ചിരിച്ചുകൊണ്ട് ഭാവന പറയുന്നു.

Read Also: ഫിദയായി അനാർക്കലി നാസർ; 'ന്‍റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്' ഉടൻ തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലേക്കുള്ള തിരിച്ചുവരവ് ഒരുപാട് ആലോചനകള്‍ക്ക് ശേഷമായിരുന്നു എന്നാണ് ഭാവന പറയുന്നത്. അഭിനയിക്കാന്‍ തീരുമാനിച്ചതിന് ശേഷം പോലും ആശയക്കുഴപ്പമുണ്ടായിരുന്നു. ഇതൊരു നല്ല തീരുമാനമാണോ, അതില്‍ പശ്ചാത്തപിക്കേണ്ടി വരുമോ തുടങ്ങി ഒരുപാട് ചോദ്യങ്ങളും സംശയങ്ങളുമായിരുന്നു മനസ്സില്‍. സിനിമ അനൗണ്‍സ് ചെയ്തതിന് ശേഷവും ഈ ആശയക്കുഴപ്പങ്ങളുണ്ടായിരുന്നു. അവസാന നിമിഷം വരെ, സിനിമ തുടങ്ങുന്നതിന്റെ പത്ത് ദിവസം മുമ്പ് വരെ പിന്‍മാറുന്നതിനെ കുറിച്ച് ആലോചിച്ചിരുന്നു. 

അഞ്ച് വര്‍ഷം മലയാള സിനിമയില്‍ നിന്ന് മാറി നിന്നതിന് ശേഷം തിരിച്ചെത്തുന്നതില്‍ വലിയ എക്‌സൈറ്റ്‌മെന്റ് ഉണ്ട്.  അഞ്ച് വര്‍ഷം മാറി നിന്നപ്പോള്‍ മലയാള സിനിമ തന്നെ മിസ് ചെയ്‌തോ എന്നറിയില്ല. എന്നാല്‍ താന്‍ മലയാള സിനിമയെ മിസ് ചെയ്തിരുന്നു എന്നും ഭാവന അഭിമുഖത്തില്‍ പറഞ്ഞു. 

തന്റെ വായനാശീലത്തെ കുറിച്ചും ഭാവന അഭിമുഖത്തില്‍ പറയുന്നുണ്ട്. സ്‌കൂളില്‍ പഠിക്കുന്ന കാലത്ത് കോമിക്‌സ് മാത്രമായിരുന്നു വായിച്ചിരുന്നത്. ബോബനും മോളിയും ആയിരുന്നു ഏറ്റവും പ്രിയപ്പെട്ടത്. തന്റെ ഒരു മുന്‍ പ്രണയിതാവിനെ ഇംപ്രസ് ചെയ്യിക്കാന്‍ വേണ്ടിയാണ് പുസ്തകം വായിക്കാന്‍ തുടങ്ങിയത് എന്ന് തുറന്ന് സമ്മതിക്കുന്നുണ്ട് ഭാവന. എന്നാല്‍ പുസ്തകം വായിച്ചുതുടങ്ങിയതിന് ശേഷം ആണ് അതിന്റെ ഒരു ഫലം തനിക്ക് മനസ്സിലായത്. സിനിമയും പുസ്തകവും തമ്മിലുള്ള വ്യത്യാസത്തെ കുറിച്ചും അത് എങ്ങനെയാണ് തന്നെ സ്വാധീനിക്കുന്നത് എന്നും പുസ്തകം വായിച്ച് കരഞ്ഞതിനെ കുറിച്ചും എല്ലാം ഭാവന ഓര്‍ത്തെടുക്കുന്നുണ്ട്. 

Read Also: അബ്ദുൾഖാദറായി അശോകൻ; 'ന്‍റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്' ക്യാരക്ടർ പോസ്റ്റർ

സിനിമ തിരഞ്ഞെടുക്കുന്നതില്‍ കാലം സൃഷ്ടിച്ച മാറ്റത്തെ കുറിച്ച് ഷറഫുദ്ദീന്‍ അഭിമുഖത്തില്‍ പറയുന്നുണ്ട്. ഹാപ്പി വെഡ്ഡിങ് എന്ന സിനിമയെ കുറിച്ചായിരുന്നു ചോദ്യം. ഇപ്പോഴാണെങ്കില്‍ അങ്ങനെയുള്ള കഥാപാത്രത്തേയോ സംഭാഷണങ്ങളെയോ താന്‍ സമീപിക്കാനുള്ള സാധ്യത കുറവാണെന്നാണ് ഷറഫുദ്ദീന്‍ തുറന്ന് പറഞ്ഞത്. അത്തരത്തിലുള്ള സംഭാഷണങ്ങളെ താന്‍ പൂര്‍ണമായും ഒഴിവാക്കിയിട്ടുണ്ട് എന്നും ഷറഫുദ്ദീന്‍ വെളിപ്പെടുത്തി. 

ഭാവനയും ഷറഫുദ്ദീനും അനാര്‍ക്കലി നാസറും ആണ് സിനിമയിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അശോകന്‍, ഷെബിന്‍ ബെന്‍സന്‍ എന്നിവരും സിനിമയിലുണ്ട്. ആദില്‍ എം അഷറഫ് ആണ് സംവിധാനം. ആദിലിനൊപ്പം വിവേക് ഭരതന്‍, ശബരിദാസ് തോട്ടിങ്ങല്‍, ജയ് വിഷ്ണു എന്നിവരും രചനയില്‍ പങ്കാളികളാണ്. രാജേഷ് കൃഷ്ണയും റെനീഷ് അബ്ദുള്‍ഖാദറും ആണ് നിര്‍മാതാക്കള്‍. ബിജിബാല്‍ ആണ് പശ്ചാത്തല സംഗീതം ഒരുക്കിയിരിക്കുന്നത്. ജോക്കര്‍ ബ്ലൂസ്, പോള്‍ മാത്യൂസ്, നിശാന്ത് രാംതെകെ എന്നിവരാണ് സംഗീതം. അരുണ്‍റുഷ്ദിയാണ് ക്യാമറ. 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News