Hanste Aansoo: ഇന്ത്യയിലെ ആദ്യത്തെ 'എ' പടം ഏത്? നായിക ബോളിവുഡിനെ ഇളക്കിമറിച്ച 16 കാരി... ആ സിനിമ 'എ' പടം ആയ കഥ ഇങ്ങനെ!

First Adults-Only Film in India: 1949  ൽ ആയിരുന്നു കാഴ്ചക്കാരുടെ പ്രായ പരിധി അനുസരിച്ച് സിനിമകൾക്ക് സെൻസർ സർട്ടിഫിക്കറ്റ് നൽകുന്ന നിയമം ഇന്ത്യയിൽ നടപ്പിലായത്.

Written by - Zee Malayalam News Desk | Last Updated : May 21, 2024, 12:10 PM IST
  • 1950 ൽ ആയിരുന്നു ഹൻസ്തേ ആംസൂ റിലീസ് ചെയ്തത്
  • ആദ്യ ദിവസങ്ങളിൽ തീയേറ്ററുകൾ ഹൌസ് ഫുൾ ആയിരുന്നു
  • പുതിയ നിയമ പ്രകാരം ആയിരുന്നു സിനിമയ്ക്ക് എ സർട്ടിഫിക്കറ്റ് ലഭിച്ചത്
Hanste Aansoo: ഇന്ത്യയിലെ ആദ്യത്തെ 'എ' പടം ഏത്? നായിക ബോളിവുഡിനെ ഇളക്കിമറിച്ച 16 കാരി... ആ സിനിമ 'എ' പടം ആയ കഥ ഇങ്ങനെ!

'എ' പടം എന്ന് കേള്‍ക്കുമ്പോള്‍ പലരുടേയും മനസ്സിലേക്ക് കടന്നുവരിക അശ്ലീല സിനിമ എന്നായിരിക്കും. ഒരു കാലത്ത് അത്തരം സിനിമകള്‍ ഒരുപാട് ഇറങ്ങിയിരുന്നു. എല്ലാം ഈ വിഭാഗത്തില്‍ പെടുന്നതും ആയിരുന്നു. എന്നാല്‍, സിനിമയുടെ 'എ' സര്‍ട്ടിഫിക്കറ്റ് എന്നത് അശ്ലീലമോ ലൈംഗിക രംഗങ്ങളോ ഉള്ളതുകൊണ്ട് മാത്രം നല്‍കുന്ന ഒന്നല്ല എന്നതാണ് സത്യം. പ്രായപൂര്‍ത്തി ആയ ആളുകള്‍ക്ക് മാത്രം കാണാന്‍ ഉതകുന്ന സിനിമ എന്നതാണ് അത് അര്‍ത്ഥമാക്കുന്നത്. അക്രമം, മോശം ഭാഷ, ക്രൂരത തുടങ്ങിയവയെല്ലാം തന്നെ ഒരു സിനിമയ്ക്ക് 'എ' സര്‍ട്ടിഫിക്കറ്റ് ലഭിക്കാന്‍ കാരണമാകാം.

ഇവിടെ പറയാന്‍ പോകുന്നത് ഇന്ത്യയിലെ ആദ്യത്തെ 'എ' സര്‍ട്ടിഫിക്കറ്റ് ലഭിച്ച സിനിമയെ കുറിച്ചതാണ്. അതിന് പതിറ്റാണ്ടുകളുടെ പഴക്കവും ഉണ്ട്,. 1950 ല്‍ പുറത്തിറങ്ങിയ ഹന്‍സ്‌തേ ആംസൂ (Hanste Aansoo)  എന്ന സിനിമയ്ക്കാണ് ആദ്യമായി ഇന്ത്യയില്‍ എ സര്‍ട്ടിഫിക്കറ്റ് ലഭിച്ചത്. പ്രായപരിധി അനുസരിച്ച് സിനിമകള്‍ക്ക് സര്‍ട്ടിഫിക്കറ്റുകള്‍ ഏര്‍പ്പെടുത്താനുള്ള നിയമം വന്നത് 1949 ല്‍ ആയിരുന്നു.

ഇതേ വര്‍ഷം തന്നെയാണ് കെബി ലാല്‍ ഹന്‍സ്‌തേ ആംസൂ എന്ന സിനിമ പ്രഖ്യാപിച്ചത്. അന്ന് വെറും 16 വയസ്സ് മാത്രം പ്രായമുണ്ടായിരുന്ന മധുബാല ആയിരുന്നു സിനിമയിലെ നായിക. മധുബാല പിന്നീട് ബോളിവുഡിലെ എക്കാലത്തേയും പ്രിയപ്പെട്ട നായികമായി മാറുകയും ചെയ്തു. മോത്തിലാല്‍ ഗോപെയും മനോരമയും ആയിരുന്നു മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

എന്തായാലും ഹന്‍സ്‌തേ ആംസൂ എന്ന സിനിമയില്‍ കിടപ്പറ രംഗങ്ങളോ അശ്ലീല രംഗങ്ങളോ ഒന്നും ഉണ്ടായിരുന്നില്ല. വളരെ സാമൂഹിക പ്രസക്തമായ വിഷയമായിരുന്നു ആ സിനിമ സംവദിച്ചിരുന്നത്. ഭര്‍ത്താവില്‍ നിന്ന് ക്രൂരമായ ഗാര്‍ഹിക പീഡനം ഏറ്റുവാങ്ങേണ്ടി വരുന്ന ഒരു ഭാര്യ, അവരുടെ ചെറുത്തുനില്‍പ്പുകളും പ്രതിരോധങ്ങളും ആയിരുന്നു ഹന്‍സ്‌തേ ആംസൂ. ഭര്‍ത്താവിന്റെ പീഡനം സഹിക്കവയ്യാതെ വീടുവിട്ടിറങ്ങിയ ഉഷ എന്ന സ്ത്രീ പിന്നീട് സ്ത്രീകളുടെ അവകാശങ്ങള്‍ക്ക് വേണ്ടി പോരാടാനിറങ്ങി. സ്ത്രീകള്‍ കുടുംബിനികളായി മാത്രം ഒതുങ്ങിയിരുന്ന ഒരു കാലത്ത്, ഉഷ ഒരു ഫാക്ടറിയില്‍ ജോലിയ്ക്കും പോകുന്നുണ്ട്. ഇത് അന്ന് വലിയ വിവാദത്തിനും വിമര്‍ശനത്തിനും തിരികൊളുത്തിയിരുന്നു. യാഥാസ്ഥിതിക മധ്യവര്‍ഗ്ഗ സമൂഹം സിനിമയെ അധാര്‍മികം എന്നാണ് വിശേഷിപ്പിച്ചത്. കുടുംബ മൂല്യങ്ങളെ ആക്രമിക്കുന്നതാണ് സിനിമയുടെ ഇതിവൃത്തം എന്നും വിമര്‍ശനം ഉയര്‍ന്നു.

ഗാര്‍ഹിക പീഡന ദൃശ്യങ്ങളും പിന്നെ ഒരല്‍പം ഡബിള്‍ മീനിങ് തമാശകളും ഒക്കെ ആയിരുന്നു ഹന്‍സ്‌തേ ആംസൂ എന്ന ചിത്രത്തിന് എ സര്‍ട്ടിഫിക്കറ്റ് ലഭിക്കാനുള്ള കാരണം. എന്തായാലും എ സര്‍ട്ടിഫിക്കറ്റും തുടക്കത്തിലെ വിമര്‍ശനങ്ങളും സിനിമയുടെ റിലീസിന് ഒരല്‍പം ഗുണം ചെയ്തു എന്ന് പറയാം. ആദ്യ ദിവസങ്ങളില്‍ തീയേറ്ററുകളില്‍ തരംഗം സൃഷ്ടിച്ച് തന്നെയാണ് സിനിമ മുന്നോട്ട് പോയത്. എന്നാല്‍ പതിയെ പതിയെ തീയേറ്ററുകള്‍ ഒഴിഞ്ഞു. എ സര്‍ട്ടിഫിക്കറ്റ് സിനിമ ആയതുകൊണ്ട് കുടുംബ പ്രേക്ഷകര്‍ തീയേറ്ററുകളിലേക്ക് എത്തിയില്ല എന്നത് തന്നെയായിരുന്നു പ്രധാന പ്രശ്‌നം. 

എന്തായാലും ആ കാലഘട്ടത്തില്‍ ഇങ്ങനെ ഒരു സാമൂഹിക വിഷയം കൈകാര്യം ചെയ്യാന്‍ ഹന്‍സ്‌തേ ആംസൂവിന്റെ അണിയറ പ്രവര്‍ത്തകര്‍ തയ്യാറായി എന്നത് തന്നെ വലിയ കാര്യമാണ്. ഈ സിനിമയില്‍ അഭിനയിക്കുമ്പോള്‍ മധുബാലയുടെ പ്രായം 16 വയസ്സായിരുന്നു എന്ന് പറഞ്ഞല്ലോ. അതിന് മുമ്പ് തന്നെ മധുബാല സിനിമയിലേക്ക് എത്തിയിരുന്നു. 1947 ല്‍ പുറത്തിറങ്ങിയ നീല്‍ കമല്‍ വന്‍ ഹിറ്റായിരുന്നു. മധുബാല പിന്നീട് ബോളിവുഡിലെ ഡ്രീം ഗേള്‍ ആയി മാറി. 20 വര്‍ഷം നീണ്ട അവരുടെ സിനിമ ജീവിതത്തിനും ഭൗതിക ജീവിതത്തിനും 1966 ഫെബ്രുവരി 23 ന് അന്ത്യമായി. തന്റെ 36-ാം വയസ്സില്‍ ആയിരുന്നു മധുബാല മരണത്തിന് കീഴടങ്ങിയത്. അനശ്വര ഗായകന്‍ കിഷോര്‍ കുമാര്‍ ആയിരുന്നു മധുബാലയുടെ ഭര്‍ത്താവ്. 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News