ഇന്ത്യന്‍ സംഗീത ഇതിഹാസം എ. ആര്‍ റഹ്മാന് വേണ്ടി ഗാനം ആലപിക്കണമെന്ന് പോപ് താരം സെലിന ഗോമസ്.
സെലിനയുടെ ഏറ്റവും പുതിയ ചിത്രമായ ഹോട്ടല്‍ ട്രാന്‍സില്‍വാനിയ 3യുടെ പ്രൊമോഷന്‍റെ ഭാഗമായി ഒരു സ്വകാര്യ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കവെയാണ് താരം തന്‍റെ ആഗ്രഹം വെളിപ്പെടുത്തിയത്.
എ. ആര്‍ റഹ്മാന്‍റെ ആരാധികയാണെന്നും അദ്ദേഹത്തോടൊപ്പം പ്രവര്‍ത്തിക്കാന്‍ ആഗ്രഹമുണ്ടെന്നും താരം അഭിമുഖത്തില്‍ വ്യക്തമാക്കി.
നിരവധി ഇന്ത്യന്‍ സംഗീതജ്ഞരോടൊപ്പം പ്രവര്‍ത്തിച്ചിട്ടുണ്ടെങ്കിലും കൂടുതല്‍ ആകര്‍ഷിച്ചത് റഹ്മാന്‍റെ സംഗീതം ആണെന്നും താരം പറഞ്ഞു.
'എ. ആര്‍ റഹ്മാന്‍റെ പാട്ടുകള്‍ എനിക്കിഷ്ടമാണ്. അദ്ദേഹം ഇന്ന് ആഗോളതലത്തില്‍ തന്നെ അറിയപ്പെടുന്ന താരമാണ്. അദ്ദേഹത്തിന്‍റെ സംഗീതത്തിന്‍റെ ഭാഗമാകാനോ പാടാനോ ഞാന്‍ ആഗ്രഹിക്കുന്നു. ബോളിവുഡ് സിനിമയ്ക്കു വേണ്ടി പാടാന്‍ കഴിഞ്ഞാല്‍ സന്തോഷം' സെലിന പറഞ്ഞു.
പാശ്ചാത്യ സംഗീതവും ഇന്ത്യന്‍ രാഗങ്ങളും ഇഴ ചേര്‍ത്ത് അവതരിപ്പിക്കുന്ന റഹ്മാന്‍റെ കഴിവിനെയും സെലിന അഭിനന്ദിച്ചു. എന്നാല്‍, സെലിനയുടെ ഈ ബോളിവുഡ് ആഗ്രഹത്തിന് സമൂഹമാധ്യമങ്ങളില്‍ ട്രോളോട് ട്രോളാണ്.
ഹിന്ദി ഗാനങ്ങള്‍ പാടാന്‍ മാത്രം റേഞ്ചുള്ള ശബ്ദമാണോ സെലിനയുടേതെന്നാണ് ട്രോളന്മാര്‍ ചോദിക്കുന്നത്. എന്നാല്‍, ഇരുപത്തഞ്ചുകാരിയായ സെലിനയുടെ ബോളിവുഡ് ഗാനത്തിനായി കാത്തിരിക്കുന്നവരും അഭിനന്ദനങ്ങള്‍ അറിയിക്കുന്നവരുമുണ്ട് ഈക്കൂട്ടത്തില്‍.
സ്ലംഡോഗ് മില്യണയര്‍, 127 അവേഴ്‌സ്, മില്യണ്‍ ഡോളര്‍ ആം, പീപ്പിള്‍ ലൈക്ക് അസ് ആന്‍റ് പെലെ; ബര്‍ത്ത് ഓഫ് എ ലെജന്‍ഡ് തുടങ്ങി നിരവധി ഹോളിവുഡ് ചിത്രങ്ങള്‍ക്ക് വേണ്ടി സംഗീതം ഒരുക്കിയ എ.ആര്‍ റഹ്മാന്‍ ഓസ്കാര്‍ ജേതാവ് കൂടിയാണ്.