സിയോള്‍: പ്രശസ്ത ദക്ഷിണ കൊറിയന്‍ സംവിധായകനായ കിം കി ഡുക്കിനെതിരെ ലൈംഗിക ആരോപണവുമായി കൂടുതല്‍ പേര്‍ രംഗത്ത്. ദക്ഷണിണ കൊറിയന്‍ അന്വേഷണാത്മക ടിവി പരമ്പരയായ പി.ഡി നോട്ടുബുക്ക് എന്ന പരിപാടിയലൂടെയാണ് കിം കി ഡുക്കിന്‍റെ ലൈംഗിക പീഡനങ്ങള്‍ സഹപ്രവര്‍ത്തകരില്‍ ചിലര്‍ വെളിപ്പെടുത്തിയത്.
2017ല്‍ കിം കി ഡുക്കിനെതിരെ ആരോപണം ഉന്നയിച്ച നടിക്ക് പുറമെ ഇദ്ദേഹത്തിന്‍റെ ചിത്രീകരണത്തില്‍ സഹകരിച്ചിട്ടുള്ള രണ്ട് പുരുഷ സഹപ്രവര്‍ത്തകരും മറ്റൊരു നടിയും ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല്‍ നടത്തി.
സംവിധായകന്‍ കിം കി ഡുക്കും അദ്ദേഹത്തിന്‍റെ ചിത്രങ്ങളിലെ അഭിനേതാവും സിനിമയുടെ പ്രീ-പ്രൊഡക്ഷന്‍ ജോലികള്‍ക്കിടയില്‍ ബലാത്സംഗം ചെയ്തുവെന്നാണ് പുതിയ ആരോപണം. സ്ക്രിപ്റ്റ് ചര്‍ച്ചക്കെന്ന പേരില്‍ വിളിച്ചു വരുത്തിയായിരുന്നു ലൈംഗിക അതിക്രമം. ചിത്രീകരണത്തിനിടയില്‍ നായകന്‍റെ മാനേജരും ബലാത്സംഗത്തിന് ശ്രമിച്ചതായി നടി ആരോപിച്ചു. സംവിധായകനുമായുള്ള ലൈംഗിക ബന്ധം തുടരാന്‍ സമ്മതിച്ചാല്‍ പുതിയ സിനിമയില്‍ അവസരം നല്‍കാമെന്നായിരുന്നു വാഗ്ദാനം. മാനസികമായി തകര്‍ന്ന നടി പിന്നീട് മനഃശാസ്ത്രജ്ഞനെ സമീപിക്കുകയായിരുന്നു.
ക്യാമറയ്ക്ക് മുന്നില്‍ ഒരു സ്ത്രീയുമായി മൂന്ന് രീതിയില്‍ ലൈംഗികവേഴ്ചയിലേര്‍പ്പെടാന്‍ സംവിധായകന്‍ കിം കി ഡുക്ക് നിര്‍ബന്ധിച്ചതായി മറ്റൊരു നടി വെളിപ്പെടുത്തി. അത് നിരാകരിച്ചപ്പോള്‍ തന്നെ വിശ്വാസമില്ലാത്ത വ്യക്തികള്‍ക്കൊപ്പം പ്രവര്‍ത്തിക്കാന്‍ താല്‍പര്യമില്ലെന്നായിരുന്നു കിം കി ഡുക്കിന്‍റെ പ്രതികരണം. ഇതിനെതിരെ നിയമനടപടി സ്വീകരിക്കാന്‍ നാല് വര്‍ഷമെടുത്തുവെന്നും കിം കി ഡുക്ക് പ്രശസ്ത സംവിധായകനായതിനാല്‍ സഹപ്രവര്‍ത്തകര്‍ തനിക്കൊപ്പം നില്‍ക്കാന്‍ വിമുഖത കാണിച്ചെന്നും നടി പറയുന്നു.
പിഡി നോട്ടുബുക്കിന്‍റെ പുതിയ എപ്പിസോഡില്‍ കിം കി ഡുക്കിന്‍റെ പുരുഷ സഹപ്രവര്‍ത്തകരുടെയും തുറന്നു പറച്ചിലുകളുണ്ട്. സെറ്റില്‍ ഞെട്ടിപ്പിക്കുന്ന സംഭവങ്ങളാണ് നടക്കുന്നതെന്ന് ഇവര്‍ ആരോപിച്ചു. പ്രീ-പ്രൊഡക്ഷന്‍റെ ഭാഗമായി സംവിധായകനെ കണ്ട മറ്റൊരു നടിയും സംവിധായകനെതിരെ ലൈംഗികാരോപണം ഉന്നയിച്ചു. അനുയോജ്യമല്ലാത്ത ലൈംഗിക ചോദ്യങ്ങളായിരുന്നു കാസ്റ്റിംഗ് കോളിന്‍റെ ഭാഗമായെത്തിയ നടിയോട് സംവിധായകന്‍ ഉന്നയിച്ചതെന്നും ആരോപണമുണ്ട്.
സെറ്റില്‍ വച്ച് നടിയോട് മോശമായി പെരുമാറിയതിനും അതിക്രമം നടത്തിയതിനും കിം കി ഡുക്കിന് നേരത്തെ പിഴയൊടുക്കേണ്ടി വന്നിട്ടുണ്ട്. കേരളത്തിലും ഏറെ പ്രശസ്തനായ കിം കി ഡുക്കിനെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ മലയാളികളായ ആരാധകരേയും ഞെട്ടിച്ചിരിക്കുകയാണ്.