കുവൈറ്റില്‍ പൊതുമാപ്പ് പ്രഖ്യാപിച്ചതിനെത്തുടര്‍ന്ന് രാജ്യം വിട്ടവരില്‍ കൂടുതലും ഇന്ത്യാക്കാര്‍

  

Last Updated : Feb 7, 2018, 02:38 PM IST
കുവൈറ്റില്‍ പൊതുമാപ്പ് പ്രഖ്യാപിച്ചതിനെത്തുടര്‍ന്ന് രാജ്യം വിട്ടവരില്‍ കൂടുതലും ഇന്ത്യാക്കാര്‍

കുവൈറ്റ്: കുവൈറ്റില്‍ പൊതുമാപ്പ് പ്രഖ്യാപിച്ചതിനെത്തുടര്‍ന്ന് രാജ്യം വിട്ടവരില്‍ കൂടുതല്‍ ഇന്ത്യയില്‍ നിന്നുള്ളവരാണെന്നാണ് റിപ്പോര്‍ട്ട്. ഒരാഴ്‍ചയ്‍ക്കിടയില്‍ രണ്ടായിരം ഇന്ത്യാക്കാരാണ് രാജ്യം വിട്ടത്. പൊതുമാപ്പ് പ്രഖ്യാപിച്ച് ശേഷം ഇതുവരെ 5000 പേരാണ് രാജ്യം വിട്ടത്. താമസകാര്യ വകുപ്പ് വ്യക്തമാക്കി.

പൊതുമാപ്പിന്‍റെ ആനുകൂല്യത്തില്‍ 2000 മുതല്‍ അയ്യായിരം പേര്‍വരെ രാജ്യംവിട്ടതായി താമസകാര്യ വകുപ്പ് ആക്ടിംഗ് ഡയറക്ടര്‍ ജനറല്‍ മേജര്‍ ജനറല്‍ അബ്‍ദുള്ള അല്‍ ഹജ്‌റി അറിയിച്ചു. കൂടാതെ, നൂറ് കണക്കിനാളുകള്‍ തങ്ങളുടെ താമസപദവി നിയമാനുസൃതമാക്കുകയും ചെയ്‍തിട്ടുണ്ട്.

നിയമലംഘകരായി മാറിയിട്ടുള്ള 32,000 പേരില്‍  രണ്ടായിരം ഇന്ത്യാക്കാരും‍, 1000  ഈജിപ്‍ത് പൗരന്‍മാരും,  500 ഫിലിപ്പൈന്‍സ് പൗരന്‍മാരും 400 ബംഗ്ലാദേശ് പൗരന്‍മാരും കഴിഞ്ഞ ഒരാഴ്ചക്കിടയില്‍ സ്വദേശങ്ങളിലേക്കു  മടങ്ങിയിട്ടുണ്ട്. 

രാജ്യം വിട്ടുപോയവരില്‍ ഒന്നാംസ്ഥാനം ഇന്ത്യാക്കാര്‍ക്കാണ്. പൊതുമാപ്പിന്‍റെ കാലാവധി ദീര്‍ഘിപ്പിക്കണമെന്ന് ആവശ്യമുയരുന്നുണ്ടെങ്കിലും ഇതു സംബന്ധിച്ച് അനുകൂല തീരുമാനം സര്‍ക്കാര്‍ എടുത്തിട്ടില്ല. ഇന്ത്യന്‍ എംബസിയില്‍ ഔട്ട് പാസിന് അപേക്ഷിച്ചിരിക്കുന്നവരുടെ എണ്ണം 8000 ത്തോളമാണ്. എംബസിയുടെ ഇടപെടലിനെ തുടര്‍ന്ന്, കുവൈറ്റ് ഡെമസ്റ്റിക് ലേബര്‍ ഓഫീസില്‍ നിന്നുള്ള ക്ലീയറന്‍സ് അടക്കമാണ് ഔട്ട് പാസ് നല്‍കുന്നതും. കഴിഞ്ഞമാസം 29 നാണ് പൊതുമാപ്പ് പ്രഖ്യാപിച്ചത്. 22-വരെയാണ് പൊതുമാപ്പിന് കാലാവധി.

Trending News