കുവൈറ്റ്: തൊഴില്‍ വിസ പുതുക്കാന്‍ യഥാര്‍ഥ ബിരുദ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം

തൊഴില്‍വിസയും വിദേശികളുടെ താമസരേഖയും പുതുക്കാന്‍ യഥാര്‍ഥ ബിരുദ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന നിയമം ഈ മാസം കുവൈറ്റില്‍ നിലവില്‍ വരും. കുവൈത്ത് ആഭ്യന്തരമന്ത്രാലയവും തൊഴില്‍മന്ത്രാലയവും സംയുക്തമായാണ് ഈ തീരുമാനത്തിലെത്തിയത്. നടപടിക്രമങ്ങളെ സംബന്ധിച്ച് ആഭ്യന്തര മന്ത്രി ഷെയ്ഖ് ഖാലിദ് അല്‍ജാറ അല്‍ സബാഹും സാമൂഹിക തൊഴില്‍ മന്ത്രി ഹിന്ദ് അല്‍ സബീഹും തമ്മില്‍ ധാരണയായി.

Updated: Oct 13, 2017, 12:14 PM IST
കുവൈറ്റ്: തൊഴില്‍ വിസ പുതുക്കാന്‍ യഥാര്‍ഥ ബിരുദ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം

കുവൈറ്റ്: തൊഴില്‍വിസയും വിദേശികളുടെ താമസരേഖയും പുതുക്കാന്‍ യഥാര്‍ഥ ബിരുദ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന നിയമം ഈ മാസം കുവൈറ്റില്‍ നിലവില്‍ വരും. കുവൈത്ത് ആഭ്യന്തരമന്ത്രാലയവും തൊഴില്‍മന്ത്രാലയവും സംയുക്തമായാണ് ഈ തീരുമാനത്തിലെത്തിയത്. നടപടിക്രമങ്ങളെ സംബന്ധിച്ച് ആഭ്യന്തര മന്ത്രി ഷെയ്ഖ് ഖാലിദ് അല്‍ജാറ അല്‍ സബാഹും സാമൂഹിക തൊഴില്‍ മന്ത്രി ഹിന്ദ് അല്‍ സബീഹും തമ്മില്‍ ധാരണയായി.

ബിരുദധാരികളായ വിദേശികള്‍ വിസയും ജോലിയും നേടിയതിന് ശേഷം യഥാര്‍ഥ ബിരുദ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയില്ലെങ്കില്‍ ഇഖാമ അഥവാ താമസരേഖ പുതുക്കി നല്‍കേണ്ടെന്നാണ് സര്‍ക്കാരിന്‍റെ നിലപാട്. ഇക്കാര്യത്തില്‍ ആര്‍ക്കും ഇളവ് നല്‍കില്ല. തൊഴില്‍ തേടുമ്പോള്‍ ഹാജരാക്കുന്ന സര്‍ട്ടിഫിക്കറ്റും ഇഖാമ പുതുക്കാന്‍ ഹാജരാക്കുന്ന സര്‍ട്ടിഫിക്കറ്റും വ്യത്യസ്തമാണെങ്കില്‍ പ്രോസിക്യൂഷന്‍ നടപടി നേരിടേണ്ടി വരും. വ്യാജരേഖ ചമച്ചെന്ന കുറ്റം ചുമത്തിയാകും കേസ്.

വിദേശികള്‍ക്കെതിരെ കരുതിക്കൂട്ടിയുള്ള ഒരു നടപടിയല്ല ഇത് എന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. ഈ യോഗ്യതാ സര്‍ട്ടിഫിക്കറ്റ് പരിശോധന സ്വദേശികള്‍ക്കും വിദേശികള്‍ക്കും ഒരുപോലെ ബാധകമാണ്. വിദേശികളില്‍ വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കി തൊഴില്‍ നേടുന്ന സാഹചര്യത്തിലാണ് ഇങ്ങനെയൊരു തീരുമാനം. ഇതുവഴി അവിദഗ്ധരുടെ എണ്ണം കുറയ്ക്കുകയും വ്യാജ ബിരുദധാരികളെ ഒഴിവാക്കുകയും ചെയ്യാനാകും.

വര്‍ധിച്ചുവരുന്ന അയോഗ്യരായ തൊഴിലാളികളുടെ തള്ളിക്കയറ്റം നിയന്ത്രിക്കുകയും അവിദഗ്ധ തൊഴിലാളികള്‍ റിക്രൂട്ട് ചെയ്തു വരുന്നത് അവസാനിപ്പിക്കുകയും ചെയ്യുക എന്ന ഉദ്ദേശ്യത്തോടെയാണ് സര്‍ക്കാര്‍ ഈ പുതിയനിയമം നടപ്പാക്കുന്നത്.