വിസരഹിത യാത്ര: സ്പീക്കര്‍ക്ക് ഗള്‍ഫ് മലയാളികളുടെ പരാതി

ഖത്തർ വിസരഹിത യാത്രാ പ്രശ്‌നത്തിലും മലപ്പുറം പാസ്‌പോര്‍ട്ട് ഓഫീസിന്‍റെ വിഷയത്തിലും അടിയന്തിരമായി ഇടപെടണമെന്നാവശ്യപ്പെട്ട് ഗള്‍ഫ് കാലിക്കറ്റ് എയര്‍ പാസഞ്ചേഴ്‌സ് അസോസിയേഷന്‍ കേരള നിയമസഭാ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന് നിവേദനം സമര്‍പ്പിച്ചു. 

Last Updated : Oct 16, 2017, 05:27 PM IST
വിസരഹിത യാത്ര: സ്പീക്കര്‍ക്ക് ഗള്‍ഫ് മലയാളികളുടെ പരാതി

ദോഹ: ഖത്തർ വിസരഹിത യാത്രാ പ്രശ്‌നത്തിലും മലപ്പുറം പാസ്‌പോര്‍ട്ട് ഓഫീസിന്‍റെ വിഷയത്തിലും അടിയന്തിരമായി ഇടപെടണമെന്നാവശ്യപ്പെട്ട് ഗള്‍ഫ് കാലിക്കറ്റ് എയര്‍ പാസഞ്ചേഴ്‌സ് അസോസിയേഷന്‍ കേരള നിയമസഭാ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന് നിവേദനം സമര്‍പ്പിച്ചു. 

ഖത്തർ ടൂറിസം അതോറിറ്റി അധികൃതര്‍ കഴിഞ്ഞ ഓഗസ്റ്റില്‍ നടപ്പിലാക്കിയ നിയമമനുസരിച്ച് ഇന്ത്യയില്‍നിന്നും വിസയില്ലാതെ ഖത്തറില്‍ പോകാം. ലോകത്തി​​​​ന്‍റെ വിവിധ ഭാഗങ്ങളിലുള്ള 80 രാജ്യങ്ങളിൽനിന്നുള്ളവർക്കാണ് ഈ ആനുകൂല്യം ലഭിക്കുന്നത്. ഈ രാജ്യങ്ങളിൽനിന്നുള്ളവർക്ക്​ വിസക്ക്​ അപേക്ഷിക്കുകയോ ഫീ അടക്കുക​യോ വേണ്ടതില്ല. ചുരുങ്ങിയത്​ ആറു മാസം കാലാവധിയുള്ള പാസ്​പോർട്ടും റിട്ടേൺ ടിക്കറ്റും ഖത്തറിലേക്കുള്ള പ്രവേശനകവാടത്തിൽ ഹാജരാക്കിയാൽ പ്രവേശനാനുമതി ലഭിക്കും. 

പക്ഷെ വിസ രഹിത സംവിധാനത്തിലൂടെ കേരളത്തില്‍നിന്നും ഖത്തറിലേക്ക് വരുന്നവര്‍ക്ക് പലതരം പ്രയാസങ്ങളും, യാത്രാ നിഷേധം വരെ ഉണ്ടാവുന്ന സാഹചര്യങ്ങളും ഉണ്ടാവുന്നതായി അസോസിയേഷന്‍ അറിയിച്ചു. എയര്‍ പോര്‍ട്ടുകളില്‍ യാത്രക്കാരോട് അനാവശ്യ  നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ ആവശ്യപ്പെടുന്നത് സാധാരണക്കാരായ പ്രവാസികള്‍കളുടെ ചുരുങ്ങിയ കാലമെങ്കിലും ഖത്തറില്‍ കഴിയാനുള്ള മോഹങ്ങള്‍ക്ക് വലിയ തിരിച്ചടിയാണെന്ന് അസോസിയേഷന്‍ നിവേദനത്തില്‍ ചൂണ്ടിക്കാട്ടി. 

അതുകൂടാതെ കേരളത്തിലെ ഏറ്റവും കൂടുതല്‍ പ്രവാസികളുള്ള മലപ്പുറം ജില്ലയിലെ പാസ്‌പോര്‍ട്ട് ഓഫീസ് പൂട്ടാനുള്ള തീരുമാനം സംബന്ധമായ വിഷയങ്ങളില്‍ വലിയ പ്രതിസന്ധി സൃഷ്ടിക്കുമെന്നും സ്പീക്കര്‍ക്ക് നല്‍കിയ നിവേദനത്തില്‍ അവര്‍ ചൂണ്ടിക്കാട്ടി.

വിസരഹിത യാത്രാ പ്രശ്‌നം മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍ കൊണ്ടുവന്ന് ഉചിത നടപടി അടിയന്തിരമായി കൈ കൊള്ളുമെന്ന് സ്പീക്കര്‍ ഉറപ്പു നല്‍കി. മലപ്പുറം പാസ്‌പോര്‍ട്ട് വിഷയത്തില്‍ മുഖ്യമന്ത്രിയും ജനപ്രതിനിധികളും ഇടപെടുന്നുണ്ടെന്നും പ്രശ്‌ന പരിഹാര ശ്രമങ്ങള്‍ തുടരുകയാണെന്നും സ്പീക്കര്‍ അസോസിയേഷന്‍ ഭാരവാഹികളെ അറിയിച്ചു.

 

Trending News