സൗദിയുടെ കുറ്റസമ്മത൦; ജമാല്‍ ഖഷോഗ്ഗി കൊല്ലപ്പെട്ടു

സൗദി കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍റെ ഉപദേശകന്‍ സൗദ് അല്‍ ഖഹ്താനി ഉള്‍പ്പടെ അഞ്ച് ഉന്നത ഉദ്യോഗസ്ഥര്‍ അറസ്റ്റിലായതാണ് റിപ്പോര്‍ട്ട്. 

Last Updated : Oct 20, 2018, 10:20 AM IST
സൗദിയുടെ കുറ്റസമ്മത൦; ജമാല്‍ ഖഷോഗ്ഗി കൊല്ലപ്പെട്ടു

റിയാദ്: ഇസ്താംബൂളിലെ സൗദി കോൺസുലേറ്റില്‍ വെച്ച് കാണാതായ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗ്ഗി കൊല്ലപ്പെട്ടതായി സൗദി അറേബ്യ സമ്മതിച്ചു. 

തുര്‍ക്കിയിലെ തങ്ങളുടെ കോണ്‍സുലേറ്റില്‍ വെച്ച് മല്‍പ്പിടിത്തത്തിനിടെയാണ് അദ്ദേഹം കൊല്ലപ്പെട്ടതെന്നാണ് സൗദി അറിയിച്ചിരിക്കുന്നത്. 

ഖഷോഗ്ഗിയുടെ കൊലപാതകത്തില്‍ ഇസ്താംബൂളിലെ സൗദി കോണ്‍സുലേറ്റിലെ ഒരു ഡസനിലധികം ഉദ്യോഗസ്ഥര്‍ക്ക് പങ്കുള്ളതായി സൗദി ആഭ്യന്തര മന്ത്രാലയം സ്ഥിരീകരിച്ചു. 

കോണ്‍സുലേറ്റില്‍ വെച്ചുണ്ടായ തര്‍ക്കം സംബന്ധിച്ച് പ്രാഥമിക അന്വേഷണം നടത്തിയതായും മന്ത്രാലയം അറിയിച്ചു.

പ്രാഥമിക അന്വേഷണത്തിന്‍റെ അടിസ്ഥാനത്തില്‍ സൗദി കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍റെ ഉപദേശകന്‍ സൗദ് അല്‍ ഖഹ്താനി ഉള്‍പ്പടെ അഞ്ച് ഉന്നത ഉദ്യോഗസ്ഥര്‍ അറസ്റ്റിലായതാണ് റിപ്പോര്‍ട്ട്. 

ഒക്ടോബർ രണ്ടിനാണ് ഇസ്താംബൂളിലെ സൗദി കോൺസുലേറ്റിലെത്തിയ സൗദി വിമർശകനും വാഷി൦ഗ്ടൺ പോസ്റ്റ് കോളമിസ്റ്റുമായ ഖഷോഗ്ഗിയെ ദുരൂഹ സാഹചര്യത്തിൽ കാണാതാകുന്നത്. 

ഖഷോഗ്ഗി  കോണ്‍സുലേറ്റില്‍ വെച്ച് കൊല്ലപ്പെട്ടതായി തുര്‍ക്കി നേരത്തെ ആരോപിച്ചിരുന്നെങ്കിലും സൗദി ഇത് നിരസിക്കുകയായിരുന്നു. അമേരിക്കയടക്കമുള്ള ലോക രാജ്യങ്ങളില്‍ നിന്നുള്ള കടുത്ത സമ്മര്‍ദ്ദമാണ് ഇപ്പോള്‍ കുറ്റസമ്മതം നടത്താന്‍ സൗദിയെ പ്രേരിപ്പിച്ചത്. 

ഖഷോഗ്ഗിയെ കണ്ടെത്താനുള്ള അന്വേഷണത്തിൽ സഹകരിക്കാൻ സമ്മർദം ചെലുത്തണമെന്നാവശ്യപ്പെട്ട് തുർക്കി ബ്രിട്ടനെ സമീപിച്ചിരുന്നു.

തങ്ങളുടെ അന്വേഷണോദ്യോഗസ്ഥർക്ക് കോൺസുലേറ്റിനുള്ളിൽ കയറി പരിശോധന നടത്തുന്നതിന് സൗദി അനുവാദം നൽകുന്നില്ലെന്നായിരുന്നു തുർക്കിയുടെ ആരോപണ൦.

ഖഷോഗ്ഗി വധിക്കപ്പെട്ടുവെന്ന് തെളിഞ്ഞാൽ സൗദി അറേബ്യയ്ക്കെതിരെ ശിക്ഷാ നടപടികളുണ്ടാകുമെന്ന യു.എസ്. പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപിന്‍റെ പ്രസ്താവനയും ഏറെ ശ്രദ്ധേയമായിരുന്നു. 

എന്നാല്‍, തിരോധാനവുമായി ബന്ധപ്പെട്ട് തങ്ങൾക്കെതിരെ ഉപരോധങ്ങളുണ്ടായാൽ ശക്തമായി തിരിച്ചടിക്കുമെന്നാണ് അന്ന് സൗദി അറേബ്യ നല്‍കിയ മറുപടി. 
   
സൗദിയിൽ കിരീടാവകാശി മുഹമ്മദ് ബിൻ സൽമാന്‍റെ നേതൃത്വത്തിൽ നടക്കുന്ന പരിഷ്കരണ പദ്ധതികൾ പ്രോത്സാഹിപ്പിക്കുന്നത് ലക്ഷ്യമിട്ട് സംഘടിപ്പിക്കുന്ന സമ്മേളനത്തിൽ നിന്ന് ലോകബാങ്ക് പ്രസിഡന്‍റ് ജിം യോ൦ഗ് കിം, ഉബർ ചീഫ് എക്സിക്യുട്ടീവ് റിച്ചാർഡ് ബ്രാൻസൻ തുടങ്ങിയ ഉന്നത നേതാക്കൾ പിന്മാറിയിട്ടുണ്ട്. 

പരിപാടി റിപ്പോർട്ട് ചെയ്യുന്നതിൽ നിന്ന് സി.എൻ.എൻ., ന്യൂയോർക്ക് ടൈംസ്, ഫിനാൻഷ്യൽ ടൈംസ് എന്നിവയുൾപ്പെടെയുള്ള അന്താരാഷ്ട്ര മാധ്യമങ്ങളും പിന്മാറിയിരുന്നു.

 

 

 

 

 

 

 

Trending News