ബഹറിൻ ശ്രീനാരായണ ഗുരു കള്‍ച്ചറല്‍ സൊസൈറ്റിയുടെ മഹാസമ്മേളനം സ്വാമി സച്ചിദാനന്ദ ഉത്ഘാടനം ചെയ്തു

മനുഷ്യന്‍ കെട്ടുപോയാല്‍ പിന്നെ മതം കൊണ്ടും തത്വദര്‍ശനം കൊണ്ടും ഒരു പ്രയോജനവുമില്ല എന്ന് ഗുരുദേവന്‍ പഠിപ്പിക്കുന്നു

Written by - Zee Malayalam News Desk | Last Updated : May 5, 2022, 08:53 PM IST
  • മതവും തത്വദര്‍ശനവുമെല്ലാം മനുഷ്യന് വേണ്ടിയുള്ളതാണ്
  • ശ്രീശങ്കരനും മറ്റും വൈജ്ഞാനികാദ്വൈതം അവതരിപ്പിച്ചപ്പോള്‍ ഗുരുദേവന്‍ പ്രായോഗികാദ്വൈതത്തിന്‍റെ മഹാപ്രവാചകനായി മാറി
ബഹറിൻ ശ്രീനാരായണ ഗുരു കള്‍ച്ചറല്‍ സൊസൈറ്റിയുടെ മഹാസമ്മേളനം  സ്വാമി സച്ചിദാനന്ദ ഉത്ഘാടനം ചെയ്തു

ബഹറിൻ : ശ്രീനാരായണ ഗുരുദേവന്‍ വിശ്വമാനവിക തത്വദര്‍ശനത്തിന്‍റെ മഹാപ്രവാചകനാണെന്ന്  ശിവഗിരി ശ്രീനാരായണ  ധര്‍മ്മസംഘം ട്രസ്റ്റ് പ്രസിഡന്‍റ് സച്ചിദാനന്ദ സ്വാമികള്‍ പറഞ്ഞു. ബഹറിന്‍ ശ്രീനാരായണ ഗുരു കള്‍ച്ചറല്‍ സൊസൈറ്റിയുടെ ഇന്ന് (5/5/22 ) നടന്ന മഹാസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു. മറ്റ് ദാര്‍ശനികന്‍മാരുടേയും മതചിന്തകന്‍മാരുടേയും തത്വദര്‍ശനത്തെ  തലനാരിഴ കീറുന്ന ചിന്താപദ്ധതികളായി വ്യാഖ്യാനിച്ചപ്പോള്‍ ഗുരുദേവന്‍ മനുഷ്യ നിഷ്ഠമായ ദര്‍ശനമവതരിപ്പിക്കുകയാണ്  ചെയ്തത്. മതവും തത്വദര്‍ശനവുമെല്ലാം മനുഷ്യന് വേണ്ടിയുള്ളതാണ്. മനുഷ്യന്‍ കെട്ടുപോയാല്‍ പിന്നെ മതം കൊണ്ടും തത്വദര്‍ശനം കൊണ്ടും ഒരു പ്രയോജനവുമില്ല എന്ന് ഗുരുദേവന്‍ പഠിപ്പിക്കുന്നു. ലോകത്ത് എവിടെയുമുള്ള മനുഷ്യസഞ്ചയം നന്നാവുക എന്നതിനാണ് പ്രസക്തി. അദ്വൈത ദാര്‍ശനികനായിരുന്ന മഹാഗുരു അദ്വൈതത്തെ ഒരു ചിന്താപദ്ധതി എന്നതിനപ്പുറം അതിനെ ഒരു  ജീവിതപദ്ധതിയാക്കി മാറ്റി. ശ്രീശങ്കരനും മറ്റും വൈജ്ഞാനികാദ്വൈതം അവതരിപ്പിച്ചപ്പോള്‍ ഗുരുദേവന്‍ പ്രായോഗികാദ്വൈതത്തിന്‍റെ മഹാപ്രവാചകനായി മാറി. അതുകൊണ്ടാണ് ഗുരുദേവന്‍ ഭാവിലോകത്തിന്‍റെ പ്രവാചകനായി മഹത്തുക്കള്‍ വിലയിരുത്തിയത്. 

  ബഹറിന്‍ ശ്രീനാരായണ കള്‍ച്ചറല്‍ മിഷനിലെത്തിയ ധര്‍മ്മസംഘം  ട്രസ്റ്റ് ഭാരവാഹികളായ പ്രസിഡന്‍റ് സച്ചിദാനന്ദ സ്വാമി ജനറല്‍സെക്രട്ടറി ഋതംഭരാനന്ദ സ്വാമി, ഗുരുധര്‍മ്മപ്രചരണ സഭാ സെക്രട്ടറി സ്വാമി ഗുരുപ്രസാദ്  എന്നിവരെ ശ്രീനാരായണ കള്‍ച്ചറല്‍ ഭാരവാഹികള്‍ പൂര്‍ണ്ണ കുംഭം നല്‍കി സ്വീകരിച്ചു.  യജ്ഞം, ശ്രീനാരായണ ദിവ്യപ്രബോധനം, ധ്യാനം എന്നിവ  നടന്നു.  പ്രവാസി സമ്മാന്‍ അവാര്‍ഡ് നേടിയ പ്രമുഖവ്യവസായി ബാബുരാജിനെ യോഗം ആദരിച്ചു.  കള്‍ച്ചറല്‍ സൊസൈറ്റി പ്രസിഡന്‍റ് ജയന്‍ കുമാറിന്‍റെ അദ്ധ്യക്ഷതയില്‍ നടന്ന യോഗത്തില്‍  സെക്രട്ടറി സുനീഷ് സുശീലന്‍, പവിത്രന്‍ പുക്കോട്ടില്‍ തുടങ്ങിയവര്‍ സംസാരിച്ചു.

  മേയ് 6 ന് ബഹ്റൈന്‍  ഇന്ത്യന്‍ സ്കൂള്‍ ഓഡിറ്റോറിയത്തില്‍ വിപുലമായ ശ്രീനാരായണീയ  മഹാസമ്മേളനം നടക്കും.  ബഹ്റൈന്‍ ശ്രീനാരായണ കള്‍ച്ചറല്‍ മിഷന്‍, ബഹ്റൈന്‍ ഗുരുദേവ സൊസൈറ്റി, ബഹ്റൈന്‍ ബില്ലവ അസോസിയേഷന്‍ എന്നിവ സംയുക്തമായിട്ടാണ് സമ്മേളനം സംഘടിപ്പിക്കുന്നത്. ശിവഗിരി ധര്‍മ്മസംഘം ഭാരവാഹികളായ സച്ചിദാനന്ദ സ്വാമി, ഋതംഭരാനന്ദ സ്വാമി, ശാരദാനന്ദ സ്വാമി വിശാലാനന്ദ സ്വാമി, ഗുരുപ്രസാദ്  സ്വാമി എന്നിവര്‍ക്ക് സ്വീകരണം  നല്‍കും. ജി.എസ്.എസ്. ചെയര്‍മാന്‍  ചന്ദ്രബോസ്,  ബില്ലവാസ് ചെയര്‍മാന്‍ രാജ് കുമാര്‍, വൈസ് ചെയര്‍മാന്‍ ചരണ്‍, ഷാജി കാര്‍ത്തികേയന്‍, ബിനുരാജ് തുടങ്ങിയവര്‍ സംസാരിക്കും. സുപ്രസിദ്ധ സിനിമാതാരം നവ്യാനായരുടെ നൃത്തപരിപാടിയും ഉണ്ടായിരിക്കും.  ശിവഗിരിമഠം ഗുരുധര്‍മ്മപ്രചരണ സഭയുടെ യൂണിറ്റ്  ബഹറിനില്‍ സ്ഥാപിക്കുന്നതിന്‍റെ പ്രാരംഭ നടപടികള്‍ സ്വീകരിച്ചു  കഴിഞ്ഞതായി ധര്‍മ്മസംഘം ഭാരവാഹികള്‍ അറിയിച്ചു. ശിവഗിരി തീര്‍ത്ഥാടന  നവതി ആഘോഷം, ബ്രഹ്മവിദ്യാലയ കനക ജൂബിലി ആഘോഷം എന്നിവയും സമ്മേളന പരിപാടികളുടെ ഭാഗമായി നടക്കും.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ

Trending News