യുഎഇയില്‍ നിന്ന് ഇന്ത്യയിലേക്ക് പറക്കാം ചുരുങ്ങിയ ചെലവില്‍, പക്ഷേ തിരിച്ചുപറ്റില്ല! ടിക്കറ്റ് റേറ്റിലെ അന്തരത്തിന് പിന്നില്‍..

India to UAE Airfare: മാർച്ച് മാസം അവസാനം ആകുമ്പോഴേക്കും ടിക്കറ്റ് നിരക്കുകൾ വീണ്ടും ഉയരും. അവധിക്കാലം അവസാനിക്കുമ്പോൾ യുഎഇയിൽ നിന്നുള്ള നിരക്കുകളാകും ഉയർന്നുനിൽക്കുക.

Written by - Zee Malayalam News Desk | Last Updated : Jan 18, 2023, 05:46 PM IST
  • ഇന്ത്യയിൽ നിന്ന് യുഎഇയിലേക്കുള്ള യാത്രക്കാരുടെ ഒഴുക്ക് ഇപ്പോഴും തുടരുകയാണ്
  • ഡിസംബറിൽ യുഎഇയിൽ നിന്ന് ഇന്ത്യയിലേക്കുള്ള യാത്രാ നിരക്കുകളും കൂടിയിരുന്നു
  • മാർച്ച് മാസത്തോടെ നിരക്കുകൾ ഇനിയും ഉയരും
യുഎഇയില്‍ നിന്ന് ഇന്ത്യയിലേക്ക് പറക്കാം ചുരുങ്ങിയ ചെലവില്‍, പക്ഷേ തിരിച്ചുപറ്റില്ല! ടിക്കറ്റ് റേറ്റിലെ അന്തരത്തിന് പിന്നില്‍..

ദുബായ്: ഒരേ വിമാന കമ്പനിയുടെ വിമാനത്തില്‍ ഒരേ ദിവസം ഒരിടത്തേക്ക് പോയി തിരിച്ചുവരാന്‍ വ്യത്യസ്ത ടിക്കറ്റ് നിരക്ക് വരുന്നത് ചിലരെ സംബന്ധിച്ചെങ്കിലും അത്ഭുതപ്പെടുത്തുന്ന കാര്യമായിരിക്കാം. പക്ഷേ, വിമാന ടിക്കറ്റ് നിരക്കുകള്‍ അങ്ങനെയൊക്കെയാണ് വ്യത്യാസപ്പെടാറുള്ളത്. ഇന്ത്യയില്‍ നിന്ന് യുഎഇയിലേക്കും തിരിച്ചും ഉള്ള വിമാന ടിക്കറ്റ് നിരക്കുകള്‍ കഴിഞ്ഞ നവംബര്‍ മുതല്‍ കുത്തനെ ഉയര്‍ന്നിരിക്കുകയാണ്. എന്നാലിപ്പോള്‍ യുഎഇയില്‍ നിന്ന് തിരികെ ഇന്ത്യയിലേക്കുള്ള ടിക്കറ്റ് നിരക്കുകളില്‍ വലിയ കുറവ് വന്നിട്ടുണ്ട്. ഈ ഒരു പ്രതിഭാസം എത്രനാള്‍ കൂടി ഉണ്ടാകും എന്ന് പറയാന്‍ ആവില്ല.

ജനുവരി 23 ന് ദുബായില്‍ നിന്ന് ഇന്ത്യയിലേക്കും ഫെബ്രുവരി 1 ന് ഇന്ത്യയില്‍ നിന്ന് ദുബായിലേക്കും ഉള്ള എക്കോണമി ക്ലാസ്സിലെ ശരാശരി നിരക്കുകള്‍ പരിശോധിക്കാം (നിരക്കുകൾ 'ഗൾഫ് ന്യൂസ്' പ്രസിദ്ധീകരിച്ച വാർത്ത പ്രകാരമുള്ളതാണ്. വ്യത്യസ്ത പ്ലാറ്റ്ഫോമുകളിൽ വ്യത്യസ്ത നിരക്കുകളാണ് കാണാൻ കഴിയുക). ജനുവരി 23 ന് ദുബായില്‍ നിന്ന് കൊച്ചിയിലേക്ക് യാത്ര ചെയ്യാന്‍ ടിക്കറ്റ് നിരക്ക് 964 ദിര്‍ഹം ആണ്. ഇപ്പോഴത്തെ വിനിമയ നിരക്ക് പ്രകാരം 21,317 രൂപ. എന്നാല്‍ ഫെബ്രുവരി 1 ന് തിരിച്ച് കൊച്ചിയില്‍ നിന്ന് ദുബായിലേക്ക് പോകാന്‍ 1144 ദിര്‍ഹം വേണം- 25,326 രൂപ. നാലായിരം രൂപയില്‍ അധികമാണ് ടിക്കറ്റ് നിരക്കിലെ വ്യത്യാസം.

ഇനി തിരുവനന്തപുരത്തേക്കും തിരിച്ചുമുള്ള യാത്രാ നിരക്കുകള്‍ പരിശോധിക്കാം. ദുബായില്‍ നിന്ന് തിരുവനന്തപുരത്തേക്കുള്ള ഏറ്റവും കുറഞ്ഞ നിരക്ക് 1,195 ദിര്‍ഹം (26,447 രൂപ) ആണ്. എന്നാല്‍ തിരുവനന്തപുരത്ത് നിന്ന് ദുബായിലേക്കുള്ള ഏറ്റവും കുറഞ്ഞ നിരക്ക് 1,839 ദിര്‍ഹം (40,698 രൂപ) ആണ്. ഏതാണ്ട് പതിനാലായിരം രൂപയുടെ വ്യത്യാസമാണ് ടിക്കറ്റ് നിരക്കില്‍ വരുന്നത്. 

മുംബൈയിലേക്കുള്ള യാത്രാനിരക്കിലും തിരിച്ചുള്ള യാത്രാനിരക്കിലും  വലിയ വ്യത്യാസമുണ്ട്. ജനുവരി 23 ന് ദുബായില്‍ നിന്ന് മുംബൈയിലേക്കുള്ള ടിക്കറ്റ് നിരക്ക് 861 ദിര്‍ഹം (19,058 രൂപ) ആണ്. എന്നാല്‍ ഫെബ്രുവരി 1 ന് മുംബൈയില്‍ നിന്ന് ദുബായിലേക്ക് പോകാന്‍ 1361 ദിര്‍ഹം (30,129 രൂപ) മുടക്കണം. പതിനായിരം രൂപയില്‍ അധികമാണ് വ്യത്യാസം. മറ്റ് വിമാനത്താവളങ്ങളിലേക്കുള്ള നിരക്കുകളിലും സമാനമായ വ്യത്യാസം കാണാന്‍ സാധിക്കും.

ഇന്ത്യയില്‍ നിന്ന് യുഎഇയിലേക്കുള്ള യാത്രക്കാരുടെ എണ്ണം കൂടി നില്‍ക്കുന്നത് വിമാന കമ്പനികള്‍ പരമാവധി ഉപയോഗപ്പെടുത്തുകയാണ് എന്നും പറയാം. ജോലി ആവശ്യത്തിനായും വിനോദ സഞ്ചാരത്തിനായും ആളുകളുടെ കുത്തൊഴുക്കാണ് ഇപ്പോള്‍. ഡിസംബറില്‍ ആണ് വിമാന ടിക്കറ്റ് നിരക്കുകള്‍ കുത്തനെ ഉയര്‍ന്നത്. ആ ഘട്ടത്തില്‍ യുഎഇയില്‍ നിന്ന് ഇന്ത്യയിലേക്കുള്ള നിരക്കുകളും ഉയര്‍ന്ന് തന്നെ നില്‍ക്കുകയായിരുന്നു.

യുഎഇയില്‍ നിന്ന് ഇന്ത്യയിലേക്കുള്ള നിരക്കുകള്‍ ഇപ്പോള്‍ കുറഞ്ഞിരിക്കുന്നത് കണക്കിലെടുക്കേണ്ട. മാര്‍ച്ച് അവസാനിക്കുന്നതോടെ നിരക്കുകള്‍ കുത്തനെ കൂടും. ഇപ്പോള്‍ കൂടിയിരിക്കുന്ന ഇന്ത്യ- യുഎഇ നിരക്കുകള്‍ അതിലും കൂടും എന്നും ഉറപ്പാണ്. ഇന്ത്യയില്‍ സ്‌കൂള്‍ അവധിക്കാലം ആരംഭിക്കുന്ന മാസമാണ് ഏപ്രില്‍ എന്നത് തന്നെയാണ് ഇതിന് പ്രധാന കാരണം. ഈ ഘട്ടത്തിൽ ഇന്ത്യയിൽ നിന്ന് ഗൾഫ് രാജ്യങ്ങളിലേക്കുള്ള യാത്രക്കാരുടെ എണ്ണം ക്രമാതീതമായി കൂടും. അതുപോലെ തന്നെ തിരിച്ചുവരവും. അവധിക്കാലം അവസാനിക്കുന്ന സമയത്ത് ടിക്കറ്റ് നിരക്കുകൾ റോക്കറ്റ് പോലെ കുതിച്ചുകയറുന്നതാണ് പതിവ്. 

കൊവിഡ് കൊണ്ടുപോയ രണ്ട് വർഷങ്ങൾ മാറ്റി നിർത്തി, 2019 നോടാണ് ഇപ്പോഴത്തെ വിമാന നിരക്കുകൾ താരതമ്യം ചെയ്യുന്നത്. അതിൽ വലിയ വർദ്ധന പ്രകടമാണ്. 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News