ജീവിക്കാന്‍ വെങ്കല മെഡല്‍ പോരാ, ചായക്കട തന്നെ വേണം

ഉച്ചയ്ക്ക് രണ്ടു മുതല്‍ ആറുവരെയുള്ള സമയമാണ് ഞാന്‍ പരിശീലനത്തിനായി മാറ്റിവെയ്ക്കുന്നത്. ഭാവിയില്‍ നല്ലൊരു ജോലി കിട്ടിയെങ്കില്‍ മാത്രമേ എനിക്ക് എന്‍റെ കുടുംബത്തെ സഹായിക്കാന്‍ കഴിയു എന്നാണ്.  

Last Updated : Sep 7, 2018, 04:51 PM IST
ജീവിക്കാന്‍ വെങ്കല മെഡല്‍ പോരാ, ചായക്കട തന്നെ വേണം

ന്യൂഡല്‍ഹി: ജക്കാര്‍ത്തയില്‍ നടന്ന ഏഷ്യന്‍ ഗെയിംസില്‍ സെപക് താക്രോ ടീം ഇനത്തില്‍ വെങ്കലം നേടിയ താരമാണ് ഹരീഷ് കുമാര്‍. പരിശീലനത്തില്‍ കൂടുതല്‍ ശ്രദ്ധിക്കേണ്ട സമയത്ത് കുടുംബം പുലര്‍ത്താന്‍ അച്ഛനൊപ്പം ചായക്കടയില്‍ ജോലി ചെയ്യുകയാണ് ഹരീഷ് ഇപ്പോള്‍.

പ്രമുഖ മാധ്യമമായ എഎന്‍ഐയോട് ഹരീഷ് പറഞ്ഞത് ഇങ്ങനെയാണ് എന്‍റെ കുടുംബത്തില്‍ അംഗങ്ങള്‍ കൂടുതലും വരുമാനം കുറവുമാണ്. എന്‍റെ കുടുംബം മുന്നോട്ടു കൊണ്ടുപോകാന്‍ അച്ഛന് കൈത്താങ്ങായി ഞാന്‍ അച്ഛന്‍റെ ചായക്കടയില്‍ എത്തി വേണ്ട സഹായം ചെയ്യും. 

ഇതിനിടയ്ക്ക് എന്‍റെ പരിശീലനത്തിന് വേണ്ടി ഞാന്‍ നാലു മണിക്കൂര്‍ ചെലവഴിക്കും.  ഉച്ചയ്ക്ക് രണ്ടു മുതല്‍ ആറുവരെയുള്ള സമയമാണ് ഞാന്‍ പരിശീലനത്തിനായി മാറ്റിവെയ്ക്കുന്നത്. ഭാവിയില്‍ നല്ലൊരു ജോലി കിട്ടിയെങ്കില്‍ മാത്രമേ എനിക്ക് എന്‍റെ കുടുംബത്തെ സഹായിക്കാന്‍ കഴിയു എന്നാണ്. 

2011-ലാണ് ഹരീഷ് സെപക് താക്രോയിലേക്ക് തിരിയുന്നത്. കോച്ച് ഹേമരാജാണ് ഹരീഷിനെ ഇതിലേക്ക് വഴിതിരിച്ചുവിടുന്നത്. സ്‌പോര്‍ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യയ്ക്ക് ഹരീഷിനെ പരിചയപ്പെടുത്തുന്നതും ഹേമരാജാണ്. സായിയില്‍ ചേര്‍ന്നതിനു ശേഷമാണ് പരിശീലനത്തിനായുള്ള സാമ്പത്തിക സഹായവും കിറ്റുകളും ഹരീഷിന് ലഭിക്കുന്നത്. മാത്രമല്ല എന്തിന്‍റെ പേരിലാണെങ്കിലും ഹരീഷ് ഒരു ദിവസംപോലും പ്രാക്ടീസ് മുടക്കാറില്ല. 

ഓട്ടോ ഡ്രൈവറാണ് ഹരീഷിന്‍റെ പിതാവ്. ഓട്ടോ ഓടിച്ച ശേഷമാണ് ചായക്കട തുറക്കുന്നതും. എങ്കിലും ഹരീഷിന്‍റെ പരിശീലനത്തിനും മറ്റും സഹായിക്കുന്ന സര്‍ക്കാര്‍ സംവിധാനങ്ങളോടും ഹരീഷിന്‍റെ കോച്ചിനോടും ഹരീഷിന്‍റെ അമ്മ ഇന്ദിരാ ദേവി തന്‍റെ നന്ദി അറിയിച്ചു. 

പലപ്പോഴും പരിശീലകന്‍ ഹേമരാജിന്‍റെ സഹായം കൊണ്ടാണ് ഹരീഷ് മുന്നോട്ടുപോകുന്നത്. ഈ കഷ്ടപ്പാടില്‍ നിന്നൊക്കെ രക്ഷപ്പെടാന്‍ ഒരു സര്‍ക്കാര്‍  ജോലി ഹരീഷിനെ സഹായിക്കുമെന്നാണ് സഹോദരന്‍ ധവാന്‍ പറയുന്നത്.

Trending News