Qatar World Cup 2022: ഈ ചരിത്രം ബ്രസീലിന് തുണയാകും? ഏറ്റവും ഒടുവില്‍ സംഭവിച്ചത് അങ്ങനെയായിരുന്നു... മെസ്സിയുടെ പ്രതീക്ഷകള്‍ വെള്ളത്തിലാകും

Qatar World Cup 2022: 2002 ൽ ആയിരുന്നു ബ്രസീൽ അവസാനമായി ലോകകപ്പ് സ്വന്തമാക്കിയത്. അന്ന് ലുല ആയിരുന്നു ബ്രസീലിന്റെ പ്രസിഡന്റ്. അതുതന്നെയാണ് ഇപ്പോൾ ആരാധകരുടേയും പ്രതീക്ഷ.

Written by - Binu Phalgunan A | Last Updated : Nov 18, 2022, 07:27 PM IST
  • ഏഴ് തവണ ലോകകപ്പ് നേടിയ രാജ്യമാണ് ബ്രസീൽ, 2000 ന് ശേഷം ലോകകപ്പ് നേടിയ ഏക ലാറ്റിനമേരിക്കൻ രാജ്യവും
  • സ്വന്തം നാട്ടിൽ നടന്ന ലോകകപ്പിൽ ക്വാർട്ടർ കാണാതെ പുറത്തായെങ്കിലും കഴിഞ്ഞ തവണ ക്വാർട്ടറിലാണ് പുറത്തായത്
  • ഇത്തവണ ബ്രസീൽ ലോകകിരീടം സ്വന്തമാക്കുമെന്നാണ് ആരാധകരുടെ പ്രതീക്ഷ
Qatar World Cup 2022: ഈ ചരിത്രം ബ്രസീലിന് തുണയാകും? ഏറ്റവും ഒടുവില്‍ സംഭവിച്ചത് അങ്ങനെയായിരുന്നു... മെസ്സിയുടെ പ്രതീക്ഷകള്‍ വെള്ളത്തിലാകും

ഖത്തര്‍: ഇരുപത്തിയൊന്നാം നൂറ്റാണ്ടിലേക്ക് പ്രവേശിച്ചതിന് ശേഷം ഒരേയൊരു ലാറ്റിനമേരിക്കന്‍ രാജ്യം മാത്രമാണ് ഫുട്‌ബോള്‍ ലോകകപ്പ് സ്വന്തമാക്കിയിട്ടുള്ളത്. അത് ബ്രസീല്‍ മാത്രമാണ്. സ്വന്തം ഷെല്‍ഫില്‍ ഏഴ് ലോകകപ്പ് കിരീടങ്ങള്‍ സ്വന്തമായുള്ള, ഒരേയൊരു ബ്രസീല്‍. എന്നാല്‍ 21-ാം നൂറ്റാണ്ടിലെ ശേഷിച്ച നാല് ലോകകപ്പുകളും സ്വന്തമാക്കിയത് യൂറോപ്യന്‍ രാജ്യങ്ങളായിരുന്നു. 2014 ല്‍ അര്‍ജന്റീന ഫൈനലിലെത്തിയത് മാത്രമായിരുന്നു ഏക ആശ്വാസം. ഇത്തവണ ഏതെങ്കിലും ലാറ്റിനമേരിക്കന്‍ രാജ്യം കിരീടം തിരിച്ചുപിടിക്കുമോ എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്.

ഏഴ് തവണ ലോക കിരീടം നേടിയ ബ്രസീല്‍ ഇത്തവണ ഫിഫ ലോക റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്തിന്റെ പകിട്ടുമായാണ് ഖത്തറില്‍ എത്തുന്നത്. കിരീടത്തില്‍ കുറഞ്ഞ ഒന്നും അവര്‍ പ്രതീക്ഷിക്കുന്നത്. പരമ്പരാഗത വൈരികളായ അര്‍ജന്റീനയാകട്ടെ, അജയ്യമായ വിജയങ്ങളുടെ അകമ്പടിയോടേയും. ലയണല്‍ മെസ്സിയെ സംബന്ധിച്ച് ലോകകപ്പില്‍ മുത്തമിടാനുള്ള അവസാന അവസരം കൂടിയാണിത്. ബ്രസീലും അര്‍ജന്റീനയും തമ്മില്‍ ഒരു ഫൈനല്‍ മത്സരം എന്ന ആരാധക സ്വപ്‌നം പൂവണിയുമോ എന്നും കാത്തിരുന്ന് കാണാം.

Read Also:മെസി മേഴ്സിയായതിന്റെ പിന്നിൽ ബ്ലാക് മെയിൽ തന്ത്രം; ഇപി ജയരാജൻ 

കളിക്കളത്തിലെ പ്രകടനവും ഭാഗ്യവും ആണ് ഫുട്‌ബോളില്‍ വിജയികളെ നിശ്ചയിക്കുന്നത്. മറ്റ് കണക്കുകളും ഊഹാപോഹങ്ങളും എല്ലാം വെള്ളത്തില്‍ വരച്ച വരപോലെ മായുമെന്നതാണ് ചരിത്രം. പക്ഷേ, ആരാധകരെ സംബന്ധിച്ച് ഇത്തരം കണക്കുകളോടാണ് എന്നും പ്രിയം. അത്തരം ഒരു സാധ്യത വച്ച് നോക്കിയാല്‍ ബ്രസീല്‍ ഇത്തവണ ലോകകപ്പ് കിരീടം സ്വന്തമാക്കുമെന്നാണ് ചിലര്‍ പ്രതീക്ഷിക്കുന്നത്. 

ഈ കണക്കുകൂട്ടലില്‍ ഫുട്‌ബോളിന് പുറമേ അല്‍പം രാഷ്ട്രീയം കൂടിയുണ്ട്. 2021 ലെ പൊതു തിരഞ്ഞെടുപ്പില്‍ ആയിരുന്നു ലുല ഡ സില്‍വ എന്ന ഇടതുനേതാവ് ആദ്യമായി ബ്രസീലിന്റെ പ്രസിഡന്റ് ആയി തിരഞ്ഞെടുക്കപ്പെടുന്നത്. 2002 ലെ ലോകകപ്പില്‍ ബ്രസീല്‍ കപ്പടിയ്ക്കുകയും ചെയ്തു. 2014 ല്‍ ലോകകപ്പ് മാമാങ്കം ബ്രസീലില്‍ എത്തിയപ്പോഴേക്കും ലുല പുറത്തായിരുന്നു. ലുലയുടെ സ്വന്തം പാര്‍ട്ടിക്കാരിയായ ദില്‍മ റൂസെഫിന്റെ ഭരണകാലത്തായിരുന്നു ആ ലോകകപ്പ്. പക്ഷേ, ബ്രസീലിന് ദയനീയ പരാജയം ഏറ്റുവാങ്ങേണ്ടി വന്ന ലോകകപ്പ് ആയിരുന്നു അത്. 2018 ല്‍ ബ്രസീലിന് ക്വാര്‍ട്ടര്‍ ഫൈനലില്‍ ബെല്‍ജിയത്തോട് കീഴടങ്ങി മടങ്ങേണ്ടി വന്നു. ഇതേ ലോകകപ്പില്‍ ക്വാര്‍ട്ടര്‍ ഫൈനല്‍ കാണാതെ പുറത്തായ ടീം ആയിരുന്നു അര്‍ജന്റീന.

Read Also:  'ലോകകപ്പ് ചാമ്പ്യൻ ശാപം'; ഖത്തറിൽ ഫ്രാൻസ് മറികടക്കുമോ?

2022 ല്‍ എത്തിയപ്പോള്‍ ബ്രസീലില്‍ വീണ്ടും ഒരു പൊതു തിരഞ്ഞെടുപ്പ് നടന്നു. ഒരുപാട് ആരോപണങ്ങള്‍ നേരിട്ടിരുന്ന ലുല, അഗ്നിശുദ്ധി വരുത്തി തിരിച്ചെത്തിയ കാഴ്ചയാണ് ബ്രസീല്‍ കണ്ടത്. നിലവിലെ പ്രസിഡന്റ് ബോള്‍സനാരോയ്ക്ക് വേണ്ടി പ്രചാരണത്തിനിറങ്ങാന്‍ ബ്രസീലിന്റെ പ്രതീക്ഷയായ നെയ്മറും ഉണ്ടായിരുന്നു എന്നത് സത്യം. പക്ഷേ, വിജയം ലുലയ്‌ക്കൊപ്പം ആയിരുന്നു. 2002 ല്‍ ലുലയുടെ ഭരണകാലത്ത് ബ്രസീല്‍ കപ്പ് നേടിയ കാര്യം നേരത്തേ പറഞ്ഞല്ലോ. അങ്ങനെയെങ്കില്‍, ലുല വീണ്ടും തിരഞ്ഞെടുപ്പ് വിജയം നേടിയ ഈ വര്‍ഷവും ബ്രസീല്‍ കപ്പ് നേടുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. 

രാഷ്ട്രീയവും ഊഹാപോഹവും ചരിത്രവും എല്ലാം കൂട്ടിക്കുഴച്ചുള്ള ഈ കണക്ക് ഫലിച്ചാൽ തകരുക അർജന്റീന ആരാധകരുടെ ചങ്കായിരിക്കും. ഇതിഹാസമെന്ന് തന്നെ വിശേഷിപ്പിക്കാവുന്ന താരമാണ് ലയണൽ മെസ്സി. ഒരു ലോകകപ്പ് കിരീടം പോലും സ്വന്തമാക്കാതെ ആ മെസ്സിയ്ക്ക് വിരമിക്കേണ്ടി വന്നാൽ അതിനെ വൻദുരന്തം എന്ന് തന്നെ വിശേഷിപ്പിക്കാം. 2014 ൽ ബ്രലീസിന്റെ തട്ടകത്തിൽ റയോ ഡി ജനീറോയിലെ മാരക്കാന സ്റ്റേഡിയത്തിൽ കപ്പിനും ചുണ്ടിനും ഇടയിൽ വിജയം നഷ്ടപ്പെട്ട ദു:ഖത്തിൽ നിന്ന് അർജന്റീന ആരാധകർ ഇനിയും കരകയറിയിട്ടില്ല. 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News