Video: ദേശസ്നേഹത്തിന്‍റെ മഹത്തായ ഉദാഹരണം

റാറ്റിന സ്‌റ്റേഡിയത്തില്‍ ഇന്ത്യയുടെ ദേശീയ ഗാനം ഉയര്‍ന്നപ്പോള്‍ നിയന്ത്രണം വിട്ടു കരയുകയായിരുന്നു ഹിമ. 

Last Updated : Jul 14, 2018, 04:22 PM IST
Video: ദേശസ്നേഹത്തിന്‍റെ മഹത്തായ ഉദാഹരണം

ദേശസ്നേഹത്തിന് ഉത്തമ ഉദാഹരണമായി മാറിയിരിക്കുകയാണ് ലോക അണ്ടർ–20 അത്‍ലറ്റിക്സിൽ സ്വർണം നേടി ചരിത്രമെഴുതിയ അസം സ്വദേശിനി ഹിമ ദാസ്. 

റാറ്റിന സ്‌റ്റേഡിയത്തില്‍ ഇന്ത്യയുടെ ദേശീയ ഗാനം ഉയര്‍ന്നപ്പോള്‍ നിയന്ത്രണം വിട്ടു കരയുകയായിരുന്നു ഹിമ. റാറ്റിന സ്‌റ്റേഡിയത്തില്‍ ഇന്ത്യന്‍ ദേശീയ ഗാനം മുഴങ്ങാന്‍ കാരണക്കാരിയയതില്‍ അഭിമാനിക്കുന്നുവെന്നും ആ സന്തോഷത്തില്‍ വന്ന കരച്ചില്‍ അടക്കാന്‍ ഏറെ പണിപ്പെട്ടെന്നും ഹിമ പറഞ്ഞു.

തന്‍റെ രാജ്യത്തിന് വേണ്ടി സ്വര്‍ണം നേടി കൊടുക്കാന്‍ സാധിച്ചതില്‍ ഒരുപാട് അഭിമാനം ഉണ്ടെന്നും, തന്‍റെ ഈ സ്വര്‍ണ നേട്ടം ഓരോ ഇന്ത്യക്കാരനുമുള്ള സമ്മാനമാണെന്നും ഹിമ വ്യക്തമാക്കി.

ഗുവാഹട്ടിയിലെ ഗ്രാമത്തില്‍ നിന്നും എന്നെ പുറത്തുകൊണ്ട് വന്ന എന്‍റെ മാതാപിതാക്കള്‍ക്കും കോച്ചിനും ഒരുപാട് നന്ദിയുണ്ട്. ലോക ജൂനിയർ ചാംപ്യൻഷിപ്പിൽ സ്വർണം നേടാനായതിൽ അതിയായ സന്തോഷം. ഇന്ത്യയിലിരുന്നും വേദിയിലെത്തിയും എന്നെ പ്രോത്സാഹിപ്പിച്ച എല്ലാ ഇന്ത്യക്കാർക്കും ഹൃദയം നിറഞ്ഞ നന്ദി. ഇത്തരം പിന്തുണ വളരെയധികം പ്രചോദനമാണ് ഏഷ്യന്‍ ഗെയിംസില്‍ മികച്ച പ്രകടനം കാഴ്ച വയ്ക്കാന്‍ ശ്രമിക്കും. ഞാന്‍ മെഡലിന് പിന്നാലെയല്ല, സമയത്തിന് മുന്നിലാണ് ഓടുന്നത്- ഹിമ പറഞ്ഞു. 

ഈ സ്വര്‍ണനേട്ടത്തോടെ ചരിത്രത്തില്‍ ഇടംനേടിയ 18 കാരിയായ ഹിമയ്ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര മന്ത്രി മേനക ഗാന്ധിയും അഭിനന്ദനവുമായെത്തി. ഹിമ ഇന്ത്യയുടെ സന്തോഷവും അഭിമാനവുമാണെന്നു പറഞ്ഞ പ്രധാനമന്ത്രി, ഈ നേട്ടം യുവ അത്‌ലറ്റുകള്‍ക്ക് പ്രചോദനമാകുമെന്നും കൂട്ടിച്ചേര്‍ത്തു.

നിന്‍റെ കണ്ണുനീര്‍ ദേശസ്നേഹത്തിന്‍റെ മഹത്തായ സന്ദേശമാണ് നല്‍കുന്നത്. എല്ലാ വിജയാശംസകളും- മേനക ഗാന്ധി ട്വിറ്ററില്‍ കുറിച്ചു. 

400 മീറ്റർ ഓട്ടം 51.46 സെക്കൻഡിൽ ഫിനിഷ് ചെയ്താണ് ഹിമ ലോക അത്‌ലറ്റിക്സിൽ സ്വർണം നേടുന്ന ആദ്യ ഇന്ത്യൻ വനിതാ താരമായി മാറിയത്. അവസാന 100 മീറ്റർ വരെ പിന്നിലായിരുന്ന ഹിമ ഒടുവിൽ നടത്തിയ ഉജ്വല കുതിപ്പിലൂടെയാണ് സ്വർണത്തിലേക്കെത്തിയത്.

റുമാനിയയുടെ ആൻഡ്രിയ മികോസ് (52.07 സെക്കൻഡ്) വെള്ളിയും അമേരിക്കയുടെ ടെയ്‌ലർ മാൻസൺ (52.28) വെങ്കലവും നേടി. 51.13 ആണ് ഹിമ ദാസിന്‍റെ മികച്ച സമയം

Trending News