റാഞ്ചി ടെസ്റ്റ്‌:ഓസ്ട്രേലിയ 300/4; സ്റ്റീവ് സ്മിത്തിന് സെഞ്ച്വറി, മാക്സ്വെലിന് അര്‍ദ്ധസെഞ്ച്വറി

Last Updated : Mar 16, 2017, 05:32 PM IST
റാഞ്ചി ടെസ്റ്റ്‌:ഓസ്ട്രേലിയ 300/4; സ്റ്റീവ് സ്മിത്തിന് സെഞ്ച്വറി, മാക്സ്വെലിന് അര്‍ദ്ധസെഞ്ച്വറി

ഇന്ത്യ- ഓസ്ട്രേലിയ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ഓസ്ട്രേലിയ മികച്ച സ്കോറിലേക്ക്. സെഞ്ചുറി നേടിയ ക്യാപ്റ്റൻ സ്റ്റീവൻ സ്മിത്തിന്‍റെയും ടെസ്റ്റിൽ കന്നി അർധസെഞ്ചുറി കുറിച്ച ഗ്ലെൻ മാക്സ്‌വെല്ലിന്‍റെയും മികവിൽ നാലു വിക്കറ്റ് നഷ്ടത്തിൽ 300 റണ്‍സെന്ന നിലയിലാണ്.

പരമ്പരയില്‍ സ്മിത്ത് നേടുന്ന രണ്ടാം സെഞ്ചുറിയാണിത്. ടെസ്റ്റ് ക്രിക്കറ്റില്‍ പത്തൊന്‍പതാം സെഞ്ചുറിയും സ്മിത്ത് പൂര്‍ത്തിയാക്കി. ഒപ്പം തന്‍റെ തൊണ്ണൂറ്റിഏഴാം ഇന്നിങ്‌സില്‍ 5000 റണ്‍സ് പൂര്‍ത്തിയാക്കിയ സ്മിത്ത് മറ്റൊരു റെക്കോര്‍ഡ് കൂടി സൃഷ്ടിച്ചു. ഏറ്റവും കുറഞ്ഞ ഇന്നിങ്‌സില്‍ 5000 റണ്‍സിലെത്തുന്ന മൂന്നാമത്തെ ഓസീസ് ബാറ്റ്‌സ്മാനാണ് സ്മിത്ത്. ഡോണ്‍ ബ്രാഡ്മാനും മാത്യു ഹെയ്ഡനുമാണ് ഇക്കാര്യത്തില്‍ സ്മിത്തിന് മുന്നിലുള്ളത്.

19 റണ്‍സെടുത്ത ഡേവിഡ് വാര്‍ണറെ പുറത്താക്കി രവീന്ദ്ര ജഡേജയാണ് ഇന്ത്യക്ക് ആദ്യ വിക്കറ്റ് സമ്മാനിച്ചത്. ആദ്യ വിക്കറ്റില്‍ 50 റണ്‍സിന്‍റെ കൂട്ടുകെട്ടുണ്ടാക്കിയ ശേഷമാണ് വാര്‍ണര്‍ മടങ്ങിയത്. പിന്നീട് റെന്‍ഷാ സ്മിത്തിനെ കൂട്ടുപിടിച്ച് ഇന്നിങ്‌സ് മുന്നോട്ടു നയിച്ചെങ്കിലും അധികം ആയുസുണ്ടായില്ല. 44 റണ്‍സെടുത്ത റെന്‍ഷാ മികച്ച നിലയില്‍ നില്‍ക്കെ ഉമേഷ് യാദവിന്‍റെ പന്തില്‍ വിരാട് കോലിക്ക് ക്യാച്ച് നല്‍കി റെന്‍ഷാ പുറത്തായി.

 

 

പിന്നീട് വന്ന ഷോണ്‍ മാര്‍ഷി(2)ന് കാര്യമായ സംഭാവന നല്‍കാനായില്ല. പീറ്റർ ഹാൻഡ്സ്കോംബ് (19) റണ്‍സെടുത്തു പുറത്തായി. ഇന്ത്യയ്ക്കായി ഉമേഷ് യാദവ് മൂന്നും അശ്വിൻ, ജഡേജ, എന്നിവർ ഓരോ വിക്കറ്റും വീഴ്ത്തി. നാലു ടെസ്റ്റുകളുള്ള പരമ്പരയില്‍ ഓരോ ടെസ്റ്റ് വീതം ജയിച്ചു നില്‍ക്കുകയാണ് ഇരു ടീമുകളും.

Trending News