ന്യുസിലന്‍ഡിനെതിരായ നാലാം മത്സരം ഇന്ന്‍ റാഞ്ചിയില്‍ ; ജയവും പരമ്പരയും ലക്ഷ്യമിട്ട് ഇന്ത്യ

Last Updated : Oct 26, 2016, 11:56 AM IST
ന്യുസിലന്‍ഡിനെതിരായ നാലാം മത്സരം ഇന്ന്‍ റാഞ്ചിയില്‍ ; ജയവും പരമ്പരയും ലക്ഷ്യമിട്ട് ഇന്ത്യ

റാഞ്ചി∙ ന്യുസിലന്‍ഡിനെതിരായ നാലാം മത്സരം ഇന്ന് റാഞ്ചിയില്‍ നടക്കും  ഇന്ന് ജയിച്ചാല്‍ പരമ്പര ഇന്ത്യയ്ക്ക് സ്വന്തം. ഇന്നത്തെ കളിക്ക് ഒരു പ്രത്യേകത കൂടിയുണ്ട്. ക്യാപ്റ്റന്‍ കൂളിന്‍റെ സ്വന്തം തട്ടകത്തിലാണ് കളി നടക്കുന്നത്. കഴിഞ്ഞ മത്സരത്തിലെ അതേ പ്രകടനം ഈ മത്സരത്തിലും പുറത്തെടുക്കാന്‍ സാധിച്ചാല്‍ അതില്‍ പരം സന്തോഷം ധോണിയുടെ ആരാധകര്‍ക്ക് ഉണ്ടാകില്ല.

ചിലപ്പോള്‍ ഈ മത്സരം സ്വന്തം മണ്ണിൽ കളിക്കുന്ന അവസാന രാജ്യാന്തര ഏകദിനമായിരിക്കാം ധോണിയുടെത്. കാരണം നേരത്തെ തന്നെ അദ്ദേഹം വ്യക്തമാക്കിയിരുന്നു. പണ്ടത്തെ പോലെ ബെസ്റ്റ് ഫിനിഷര്‍ റോള്‍ ഏറ്റെടുക്കാന്‍ സാധിക്കുന്നില്ലെന്നും  അതുകൊണ്ടുതന്നെയാണ് കഴിഞ്ഞ മല്‍സരത്തില്‍ നേരത്തെ ഇറങ്ങിയതെന്നും ധോണി പറഞ്ഞിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തില്‍ എപ്പോള്‍ വേണമെങ്കിലും വിരമിക്കല്‍ പ്രഖ്യാപനം ധോണിയുടെ ഭാഗത്തുനിന്ന് നമ്മുക്ക് പ്രതീക്ഷിക്കാം. അതുകൊണ്ടുതന്നെ വിട പറയുന്നതിനു മുന്‍പ് കളിക്കുന്ന എല്ലാ മത്സരത്തിലും ജയം മാത്രമായിരിക്കും ധോണിയും ലക്ഷ്യമിടുന്നത്. ഉച്ചയ്ക്ക് 1.30നു മൽസരം. സ്റ്റാർ സ്പോർട്സിൽ തൽസമയം.

2011 ലോകകപ്പ് ഫൈനല്‍ മത്സരത്തില്‍ സ്വയം മുന്നോട്ടുവന്നു നടത്തിയ അതേ രീതിയിലുള്ള പ്രകടനമാണ് കഴിഞ്ഞ കളിയിലും ധോണി ആവര്‍ത്തിച്ചത്. നേരിട്ട 91 പന്തുകളിൽ 80 റൺസും അടിച്ചു കൂട്ടിയ ധോണിയും ഒപ്പം കോഹ്‌ലിയുമൊത്ത് നേടിയ 151 റണ്‍സിന്‍റെ മികച്ച കൂട്ടുകെട്ടാണ് വിജയത്തിന്‍റെ അടിസ്ഥാനം. ധോണി ഏകദിനത്തിൽ 9000 റൺസ് ക്ലബ്ബിൽ എത്തുകയും ചെയ്തു. 50 റൺസിനു മേലെ ശരാശരിയിൽ ഈ നേട്ടത്തിലെത്തുന്ന ആദ്യതാരം. 

ധോണിയുടെ സ്വപ്നങ്ങൾക്കു കൂടൊരുക്കിയ ഈ മണ്ണിൽ മൂന്ന് ഏകദിനങ്ങളും ഒരു ട്വന്റി20 മൽസരവും നടന്നിട്ടുണ്ട്. മഴ കാരണം മുടങ്ങിയ ഒരു കളി മാറ്റി നിര്‍ത്തിയാല്‍ ബാക്കിയെല്ലാം ഇന്ത്യ ജയിച്ചു. തീർച്ചയായും കണക്കുകളുടെ കരുത്ത് ഇന്ത്യയുടെ ആത്മവിശ്വാസം കൂട്ടും.

റാഞ്ചിയില്‍ ക്യാപ്റ്റന്‍ ധോണിക്കു മാത്രമല്ല ഉപനായകൻ കോഹ്‌ലിക്കുമുണ്ട് അഭിമാനിക്കാൻ വക. ഇവിടെ കളിച്ച രണ്ട് ഏകദിനങ്ങളിലും പുറത്താകാതെ നിന്ന 77ഉം, 139 ഉം നേടിയത് കോഹ്‌ലിയാണ്. ആ ആത്മവിശ്വാസത്തോടെയാകും ഇന്നത്തെ മത്സരത്തിലും കോഹ്‌ലി ഇറങ്ങുക. കഴിഞ്ഞ കളിയിലെ അതേ പ്രകടനം ഇവിടെയും ആവര്‍ത്തിക്കുകയാണെങ്കില്‍ ന്യുസിലന്‍ഡിന് പണിയാകും എന്നതില്‍ യാതൊരു സംശയവുമില്ല. അതുകൊണ്ടുതന്നെ ന്യൂസീലൻഡ് ഏറ്റവും മോഹിക്കുന്ന വിക്കറ്റാവും കോഹ്‌ലിയുടേത്.

Trending News