ഐഎസ്എല്‍: വിനീത് നാളെ പൂനെ സിറ്റിക്കെതിരെ കളിക്കില്ല

ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ കേരള ബ്ലാസ്റ്റേഴ്സിന്‍റെ മുഖ്യ പരിശീലകന്‍ റെനി മ്യൂലന്‍സ്റ്റീന്‍ രാജിവച്ചത്തിനു പിന്നാലെ കേരള ബ്ലാസ്റ്റേഴ്സിന് അടുത്ത തിരിച്ചടി.

Last Updated : Jan 3, 2018, 05:36 PM IST
ഐഎസ്എല്‍:  വിനീത് നാളെ പൂനെ സിറ്റിക്കെതിരെ കളിക്കില്ല

കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ കേരള ബ്ലാസ്റ്റേഴ്സിന്‍റെ മുഖ്യ പരിശീലകന്‍ റെനി മ്യൂലന്‍സ്റ്റീന്‍ രാജിവച്ചത്തിനു പിന്നാലെ കേരള ബ്ലാസ്റ്റേഴ്സിന് അടുത്ത തിരിച്ചടി.നാളെ പൂനെ സിറ്റിയുമായുള്ള മത്സരത്തില്‍ മലയാളി താരം സി കെ വിനീത് കളിക്കില്ല. പരിശീലനത്തിനിടെ പരിക്കേറ്റ വിനീതിന് രണ്ടാഴ്ചത്തേക്ക് കളിക്കാനാകില്ല എന്നാണ് സൂചന. ബംഗലൂരുവിനെതിരായ മത്സരത്തിനു മുന്‍പ് പരിക്കേറ്റതിനാല്‍ ബിഎഫ്സിക്കെതിരെയും വിനീത് കളിച്ചിരുന്നില്ല. 

കാലില്‍ പരിക്കേറ്റ വിനീതിപ്പോള്‍ പൂര്‍ണമായും പരിശീലനത്തില്‍ നിന്നും  വിട്ടു നില്‍കുകയാണ്‌. അടുത്തയാഴ്ച ഡല്‍ഹി ഡൈനാമോസിനെതിരെയും മുംബൈ സിറ്റിക്കെതിരെയുമാണ് ബ്ലാസ്റ്റേഴ്സിന്‍റെ മത്സരങ്ങള്‍. 
ഈ സീസണില്‍ ബ്ലാസ്റ്റേഴ്സ്  നേടിയ ഏക വിജയവും ചെന്നൈക്കെതിരെ ഒരുക്കിയ സമനിലയും സി കെ വിനീതിന്‍റെ ഗോളിലൂടെ ആയിരുന്നു. ഈ സീസണില്‍ അഞ്ചു മത്സരങ്ങളിലാണ് വിനീത് കളിച്ചത്.

അതേസമയം, നാളെ പൂനെയുമായി നടക്കുന്ന മത്സരത്തില്‍ താങ്ബോയി സിങ്തോ കേരള ബ്ലാസ്റ്റേഴ്സ് പരിശീലകനാകും. നിലവില്‍ കേരള ബ്ലാസ്റ്റേഴ്സിന്റെ അസിസ്റ്റന്റ്‌ കോച്ചാണ് സിങ്തോ. ഇതുവരെ ഏഴ് കളികള്‍ നേരിട്ട ടീം ഒരു വിജയം മാത്രമാണ് കരസ്ഥമാക്കിയത്. 

രണ്ട് തോല്‍വിയും നാല് സമനിലയുമായി ഏഴ് പോയിന്റ് നേടി എട്ടാം സ്ഥാനത്താണ് ബ്ലാസ്റ്റേഴ്സ്. 

Trending News