ജയ്പുര്‍: ഐപിഎല്‍ താരലേലത്തിന്‍റെ ഒന്നാം ദിവസം യുവരാജ് സിംഗിന്‍റെ ആരാധകര്‍ക്ക് നിരാശയായിരുന്നു ഫലം. കഴിഞ്ഞ കുറച്ച് മാസങ്ങളായി മികച്ച ഫോമിലല്ലാത്ത യുവിയെ അവഗണിക്കുകയായിരുന്നു ഇത്തവണ ഐപിഎല്‍ ഫ്രാഞ്ചൈസി.
എന്നാല്‍ ഐപിഎല്‍ താരലേലത്തിന്‍റെ രണ്ടാം ദിവസം കഥ മാറി. യുവരാജ് സിംഗിനെ മുംബൈ ഇന്ത്യന്‍സ് സ്വന്തമാക്കി. യുവരാജ് സിംഗിന്‍റെ ഇത്തവണത്തെ അടിസ്ഥാന വില വെറും ഒരു കോടി രൂപയായിരുന്നു. ആ വിലയ്ക്കാണ് മുംബൈ ഇന്ത്യന്‍സ് യുവരാജിനെ സ്വന്തമാക്കിയിരിക്കുന്നത്. സ്തെസമയം, 2 വര്‍ഷം മുന്‍പ് ഈ താരത്തിന് വില 16 കോടിയായിരുന്നു!!
യുവരാജിനെപ്പോലെ ഒരു താരത്തെ അവസാന നിമിഷം വെറും ഒരു കോടി രൂപയ്ക്കു സ്വന്തമാക്കാനായത് മുംബൈ ഇന്ത്യന്‍സിന്‍റെ ഏറ്റവും വലിയ നേട്ടമാണെന്ന് ടീം ഉടമ ആകാശ് അംബാനി അഭിപ്രായപ്പെട്ടു. യുവരാജിനെ സ്വന്തമാക്കിയതിന് ശേഷമായിരുന്നു ആകാശിന്‍റെ പ്രതികരണം.
യുവരാജിനും മലിംഗയ്ക്കുമായി കൂടുതല്‍ പണം മാറ്റിവച്ചിരുന്നു. എന്നാല്‍ വെറും ഒരു കോടി രൂപയ്ക്കു യുവരാജിനെ ടീമിലെത്തിക്കാന്‍ സാധിച്ചത് 12 വര്‍ഷത്തെ ഐപിഎല്‍ താരലേലത്തിന്‍റെ ചരിത്രത്തില്‍ത്തന്നെ മുംബൈയ്ക്കു ലഭിച്ച ഏറ്റവും വലിയ നേട്ടമാണ്. ഒരു താരത്തിന് കരിയറില്‍ നേടാന്‍ കഴിയുന്ന കിരീടങ്ങളെല്ലാം സ്വന്തമാക്കിയിട്ടുള്ള താരമാണ് യുവരാജെന്നും ആകാശ് അംബാനി പറഞ്ഞു.
കൂടാതെ, അനുഭവസമ്പത്തിനും യുവത്വത്തിനും ഒരുപോലെ പ്രാധാന്യം നല്‍കാനാണ് ലേലത്തില്‍ മുംബൈ ഇന്ത്യന്‍സ് ശ്രമിച്ചതെന്നും ആകാശ് പറഞ്ഞു.
കഴിഞ്ഞ വര്‍ഷത്തെ ലേലത്തിൽ കിംഗ്സ് ഇലവൻ പഞ്ചാബ് ടീം യുവരാജിനെ ഉൾപ്പെടുത്തിയിരുന്നു.