മത്സരത്തിനിടെ വെള്ളം കുടിക്കുന്നതില്‍ നിയന്ത്രണം; പ്രതിഷേധവുമായി കൊഹ്‌ലി

ബാറ്റിങ്ങായാലും, ഫീല്‍ഡിങ്ങായാലും വെള്ളം കുടിക്കാതെ 40 മുതല്‍ 45 മിനിറ്റ് ഗ്രൗണ്ടില്‍ ചിലവിടുകയെന്നത് ബുദ്ധിമുട്ടുള്ള കാര്യമാണ് .  

Last Updated : Oct 8, 2018, 03:32 PM IST
മത്സരത്തിനിടെ വെള്ളം കുടിക്കുന്നതില്‍ നിയന്ത്രണം; പ്രതിഷേധവുമായി കൊഹ്‌ലി

ന്യൂഡല്‍ഹി: മത്സരത്തിനിടെ വെള്ളം കുടിക്കുന്നതില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയ ഐസിസിയുടെ തീരുമാനത്തിനെതിരെ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലി രംഗത്ത്. ഐസിസിയുടെ പുതിയ ഉത്തരവ് പ്രകാരം വിക്കറ്റ് വീണ ശേഷമോ, അല്ലെങ്കില്‍ ഓവറുകള്‍ക്കിടയില്‍ മാത്രമോ ആണ് കളിക്കാര്‍ക്ക് വെള്ളം കുടിക്കാന്‍ സമയം അനുവദിച്ചിരിക്കുന്നത്. 

കൂടാതെ അമ്പയര്‍മാര്‍ നിശ്ചയിക്കുന്ന കുടിവെള്ള ഇടവേളകളും ഇതില്‍ ഉള്‍പ്പടും. സെപ്റ്റംബര്‍ 30ന് നിലവില്‍ വന്ന ഈ നിബന്ധനക്കെതിരെയാണ് കോഹ്‌ലിയുടെ പ്രതിഷേധം.പുതിയ നിയന്ത്രണങ്ങള്‍ കാരണം മത്സരത്തിനിടെ ആവശ്യത്തിന് വെള്ളം കുടിക്കാന്‍ കിട്ടിയില്ലെന്ന് കോഹ്‌ലി ചൂണ്ടിക്കാട്ടി. ഇത്തരം നിയമങ്ങള്‍ നടപ്പാക്കുമ്പോള്‍ സാഹചര്യങ്ങള്‍ കൂടി കണക്കിലെടുക്കണമെന്നും ഓവര്‍ റേറ്റ് വര്‍ദ്ധിക്കാന്‍ സഹായിക്കുമ്പോഴും കളിക്കാര്‍ ഏറെ ബുദ്ധിമുട്ടേണ്ടി വരുമെന്നും കോഹ്‌ലി കൂട്ടിച്ചേര്‍ത്തു.

ബാറ്റിങ്ങായാലും, ഫീല്‍ഡിങ്ങായാലും വെള്ളം കുടിക്കാതെ 40 മുതല്‍ 45 മിനിറ്റ് ഗ്രൗണ്ടില്‍ ചിലവിടുകയെന്നത് ബുദ്ധിമുട്ടുള്ള കാര്യമാണ് . ഇത് മനസ്സിലാക്കി ബന്ധപ്പെട്ടവര്‍ തീരുമാനത്തില്‍ മാറ്റം കൊണ്ടു വരുമെന്ന് പ്രതീക്ഷിക്കുന്നതായും കോഹ്‌ലി പറഞ്ഞു.

ഇതേസമയം നിയന്തണം വന്നതിനാല്‍ വെസ്റ്റ് ഇന്‍ഡീസിനെതിരായ ടെസ്റ്റ് മത്സരത്തില്‍ ചേതേശ്വര്‍ പൂജാര പോക്കറ്റില്‍ വെള്ളക്കുപ്പി കരുതിയിരുന്നു.

Trending News