കടമെടുത്ത ഗര്‍ഭപാത്രത്തില്‍ നിന്നും ആരോഗ്യമുള്ള കുഞ്ഞ്!

എം.ആര്‍.കെ.എച്ച് എന്ന ശരീരാവസ്ഥയോടെ ജനിച്ചയാളായിരുന്നു ഗര്‍ഭപാത്രം സ്വീകരിച്ച യുവതി. 

Last Updated : Dec 5, 2018, 03:26 PM IST
കടമെടുത്ത ഗര്‍ഭപാത്രത്തില്‍ നിന്നും ആരോഗ്യമുള്ള കുഞ്ഞ്!

ബ്രസിലിയ: മരിച്ച സ്ത്രീയുടെ ഗര്‍ഭപാത്രം സ്വീകരിച്ച യുവതി പൂര്‍ണ ആരോഗ്യമുള്ള കുഞ്ഞിനെ പ്രസവിച്ചു. ചരിത്രത്തിലാദ്യമായാണ് മരിച്ച സ്ത്രീയില്‍ നിന്ന് സ്വീകരിച്ച ഗര്‍ഭപാത്രത്തിലൂടെ കുഞ്ഞ് ജനിക്കുന്നത്. 

രണ്ടര കിലോ ഗ്രാം ഭാരം വരുന്ന പെണ്‍കുഞ്ഞിനാണ് യുവതി ജന്മം നല്‍കിയത്. ബ്രസില്‍ സ്വദേശിയായ മുപ്പത്തിരണ്ടുകാരിയാണ് കുഞ്ഞിനെ പ്രസവിച്ചത്. 

2016 സെപ്റ്റംബറിലാണ് യുവതി സ്‌ട്രോക്ക് വന്നു മരിച്ച 45കാരിയുടെ ഗര്‍ഭപാത്രം സ്വീകരിച്ചത്. 

യൂണിവേഴ്‌സിറ്റി ഓഫ് സാവേ പോളോയിലെ ദാസ് ക്ലിനിക്കസ് ആശുപത്രിയില്‍ വെച്ച് നടന്ന 11 മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയയിലൂടെയാണ് ഗര്‍ഭപാത്രം മാറ്റി വച്ചത്.

എം.ആര്‍.കെ.എച്ച് എന്ന ശരീരാവസ്ഥയോടെ ജനിച്ചയാളായിരുന്നു ഗര്‍ഭപാത്രം സ്വീകരിച്ച യുവതി. ജന്മനാ ഗര്‍ഭപാത്രം ഇല്ലാത്ത അവസ്ഥയാണ് എം.ആര്‍.കെ.എച്ച് അഥവാ മെയോര്‍ റൊക്കിസ്റ്റന്‍സി കെസ്റ്റര്‍ ഹൗസര്‍ സിന്‍ഡ്രോം.

ഐവിഎഫ് വഴിയുള്ള ആദ്യ ശ്രമത്തില്‍ തന്നെ യുവതി ഗര്‍ഭിണിയാകുകയും എട്ടാം മാസം (35 ആഴ്ചയും മൂന്നു ദിവസവും) സിസേറിയന്‍ വഴി പെണ്‍കുഞ്ഞിന് ജന്മം നല്‍കുകയുമായിരുന്നു. 

വന്ധ്യതമൂലം വിഷമിക്കുന്ന ആയിരക്കണക്കിനാളുകള്‍ക്ക് പ്രതീക്ഷ നല്‍കുന്നതാണ് വൈദ്യശാസ്ത്രത്തിലെ ഈ പുത്തന്‍ മുന്നേറ്റം. നിലവില്‍ 11 സ്ത്രീകള്‍ക്ക് ജീവിച്ചിരിക്കുന്ന ദാതാവില്‍ നിന്ന് സ്വീകരിച്ച ഗര്‍ഭപാത്രത്തിലൂടെ ആരോഗ്യമുള്ള കുഞ്ഞ് ജനിച്ചിട്ടുണ്ട്. 

18 വര്‍ഷങ്ങള്‍ക്കു മുമ്പ് സൗദി അറേബ്യയില്‍ ജീവിച്ചിരിക്കുന്ന ദാതാവില്‍നിന്ന് ഗര്‍ഭപാത്രം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടത്തിയത് വൈദ്യശാസ്ത്ത്രിലെ നാഴികക്കല്ലായിരുന്നു. 

മരണശേഷം ദാതാവില്‍നിന്ന് ഗര്‍ഭപാത്രം സ്വീകരിച്ചുകൊണ്ടുള്ള 11 ശസ്ത്രക്രിയകള്‍ ഇതുവരെ ലോകത്താകമാനമായി നടന്നിട്ടുണ്ട്. 

ഇതില്‍ വിജയകരമായി കുഞ്ഞു ജനിച്ച ആദ്യത്തെ സംഭവമാണ് ബ്രസിലില്‍ റിപ്പോര്‍ട്ട് ചെയ്തത്. മെഡിക്കല്‍ ജേര്‍ണലായ ദ ലാന്‍സെറ്റിലാണ് വാര്‍ത്ത പ്രസിദ്ധീകരിച്ചത്. 

Trending News