ക്യൂബന്‍ വിപ്ലവകാരിയും രക്തസാക്ഷിയുമായ ചെഗുവേരയുടെ മകൾ ഡോ. അലൈഡ ഗുവേര കേരളത്തിലെത്തുന്നു.
ഡിസംബര്‍ 29 ാം തിയതി കണ്ണൂരിലെ നായനാർ അക്കാദമിയിൽ നടക്കുന്ന ക്യൂബൻ ഐക്യദാർഢ്യ സമ്മേളനത്തിൽ പങ്കെടുക്കാനാണ് അലൈഡ എത്തുന്നത്.
സിപിഎം ജില്ലാകമ്മിറ്റിയും തൃശൂര്‍ സമതയെന്ന പ്രസാധന രംഗത്തെ പെണ്‍കുട്ടായ്മയും ചേര്‍ന്നാണ് പരിപാടി നടത്തുന്നത്.
ലാറ്റിനമേരിക്കയെക്കുറിച്ചുള്ള പുസ്തകങ്ങളുടെ പ്രകാശനവും ചടങ്ങിൽ നടക്കും. 1997ലാണ് ഇതിനു മുൻപ് അലൈഡ ഗുവേര കേരളം സന്ദർശിച്ചത്.
സംസ്ഥാനത്ത് വിവിധയിടങ്ങളിലായി സ്നേഹോഷ്‌മളമായ സ്വീകരണമാണ് അലൈഡയ്‌ക്ക് അന്ന് ലഭിച്ചത്. ലേകത്തെ അറിയപ്പെടുന്ന മനുഷ്യാവകാശ പ്രവര്‍ത്തകരില്‍ ഒരാളാണ് ചെഗുവേരയുടെ നാല് മക്കളില്‍ മൂത്തവളായ അലൈഡ.
ഇപ്പോള്‍ ക്യൂബന്‍ തലസ്ഥാനമായ ഹവാനയില്‍ കുട്ടികളുടെ ആശുപത്രിയില്‍ ഡോക്ടറായി സേവനമനുഷ്ഠിച്ചു വരികയാണ് അലൈഡ. ഷാവേസ്, വെനസ്വേല ആന്‍റ് ദി ന്യൂ ലാറ്റിനമേരിക്ക എന്നിവ അലൈഡയുടെ പ്രധാനപ്പെട്ട കൃതികളാണ്.
അലൈഡയ്ക്ക് ഏഴ് വയസ്സുള്ളപ്പോഴാണ് കോംഗോയുടെ വിമോചന സമരത്തിന്‍റെ ഭാഗമായി ചെഗുവേര ബൊളീവിയന്‍ കാടുകളില്‍ വെച്ച് പിടിക്കപ്പെടുകയും പിന്നീട് വെടിയേറ്റ് മരിക്കുകയുമായിരുന്നു.