ഒരിക്കല്‍ ഇന്ത്യയുടെ അഭിമാനം, ഇപ്പോള്‍ നാണംക്കെട്ട പടിയിറക്കം?

കോള്‍ഡ്‌സ്ട്രീം ഗാര്‍ഡിലംഗമായ ചരണ്‍പ്രീത് പ്രത്യേകാനുമതിയോടെയാണ് പരേഡില്‍ സിഖ് തലപ്പാവണിഞ്ഞ് പങ്കെടുത്തത്. 

Last Updated : Sep 26, 2018, 10:50 AM IST
ഒരിക്കല്‍ ഇന്ത്യയുടെ അഭിമാനം, ഇപ്പോള്‍ നാണംക്കെട്ട പടിയിറക്കം?

ലണ്ടന്‍: 2018  ജൂണ്‍ 9ആം തീയതി, അതായത് എലിസബത്ത് രാജ്ഞിയുടെ 92മത്തെ ജന്മദിനം, അന്ന് വാര്‍ത്തകളില്‍ ഏറെ നിറഞ്ഞു നില്‍ക്കുകയും ചരിത്രം സൃഷ്ടിയ്ക്കുകയും ചെയ്ത ബ്രിട്ടീഷ്‌ സൈനീകനായിരുന്നു ചരണ്‍പ്രീത് സിംഗ് ലാല്‍.

രാജ്ഞിയുടെ പിറന്നാളിന്‍റെ ഭാഗമായി നടന്ന പരേഡില്‍ സിഖ് തലപ്പാവണിഞ്ഞ് പങ്കെടുത്തതോടെ ബ്രിട്ടീഷ് ചരിത്രത്തില്‍ ആദ്യമായി തലപ്പാവണിഞ്ഞ് പ്രത്യക്ഷപ്പെടുന്ന സൈനികനായി മാറുകയായിരുന്നു  ചരണ്‍പ്രീത്. 

എന്നാലിന്ന്, മയക്കുമരുന്ന് ഉപയോഗത്തിന് പിടിക്കപ്പെട്ട് നാണംകെട്ട് പടിയിറങ്ങേണ്ട അവസ്ഥയിലാണ് ചരണ്‍പ്രീത്. വൈദ്യ പരിശോധനയില്‍ ക്ലാസ് എ  വിഭാഗത്തില്‍പ്പെട്ട കൊക്കെയ്ന്‍ അമിതമായ അളവില്‍  ഉപയോഗിച്ചിരുന്നതായി തെളിഞ്ഞിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. 

ചരണ്‍പ്രീതിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നതിനാല്‍ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കപ്പെട്ടാല്‍ ജോലി നഷ്ടമാകുമെന്നാണ് വ്യക്തമാകുന്നത്. അങ്ങനെയാണെങ്കില്‍ സൈന്യത്തില്‍ നിന്ന് പിരിച്ച് വിടുമെന്ന് മാത്രമല്ല മറ്റ് നടപടികള്‍ നേരിടേണ്ടിവരുമെന്നും സൂചനയുണ്ട്.

തന്‍റെ മയക്കുമരുന്ന് ഉപയോഗത്തെക്കുറിച്ച് ക്യാമ്പില്‍  ചരണ്‍പ്രീത് തന്നെ പറയുമായിരുന്നു എന്നാണ് സുഹൃത്തുകള്‍ പറയുന്നത്. പഞ്ചാബിലാണ് ജനിച്ചതെങ്കിലും കുട്ടിക്കാലത്ത് തന്നെ കുടുംബം ബ്രിട്ടനിലേക്ക് ചേക്കേറുകയായിരുന്നു.

2016 ജനുവരിയിലാണ് ചരണ്‍ ബ്രിട്ടിഷ് സൈന്യത്തിന്‍റെ ഭാഗമായത്. കോള്‍ഡ്‌സ്ട്രീം ഗാര്‍ഡിലംഗമായ ചരണ്‍പ്രീത് പ്രത്യേകാനുമതിയോടെയാണ് പരേഡില്‍ സിഖ് തലപ്പാവണിഞ്ഞ് പങ്കെടുത്തത്. 

 

Trending News