ക്യൂബയുടെ പ്രസിഡന്‍റായി മിഗ്വൽ ഡിയസ് കാനൽ ചുമതലയേറ്റു

  

Last Updated : Apr 20, 2018, 02:56 PM IST
ക്യൂബയുടെ പ്രസിഡന്‍റായി മിഗ്വൽ ഡിയസ് കാനൽ ചുമതലയേറ്റു

ഹവാന: ക്യൂബയുടെ പ്രസിഡന്‍റായി മിഗ്വൽ ഡിയസ് കാനൽ ചുമതലയേറ്റു.  60 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് കാസ്ട്രോ കുടുംബാംഗമല്ലാത്ത ഒരാൾ അതും വിപ്ലവത്തിന് ശേഷം ജനിച്ച ഒരാള്‍ ക്യൂബയുടെ നേതൃപദവിയേൽക്കുന്നത്. എന്നാല്‍,  പ്രസിഡന്‍റ് പദവിയൊഴിഞ്ഞ റൗൾ കാസ്ട്രോ ക്യൂബന്‍ കമ്യുണിസ്റ്റ് പാര്‍ട്ടിയുടെ അദ്ധ്യക്ഷനായി തുടരും. 

ദേശീയ അസംബ്ലിയിൽ നടന്ന വോട്ടെടുപ്പിൽ ഒരാളൊഴിച്ച് മറ്റെല്ലാവരും ഡിയസിനെയാണ് പിന്തുണച്ചത്. രാജ്യത്തെ അധികാരകേന്ദ്രമായ കൗൺസിൽ ഓഫ് സ്റ്റേറ്റിന്‍റെ വൈസ് പ്രസിഡന്‍റായിരുന്ന മിഗ്വൽ ഡിയസ് പ്രസിഡന്‍റാകുമെന്നത് നേരത്തെ നിശ്ചയിക്കപ്പെട്ട കാര്യമാണ്. മിഗ്വൽ ഡിയസ് റൊൾ കാസ്ട്രോയുടെ ഉറ്റ അനുയായിയായത് കൊണ്ട് തന്നെ രാജ്യത്തിന്‍റെ അടിസ്ഥാനനയങ്ങൾ മാറുമെന്ന് നിരീക്ഷകർ കരുതുന്നില്ല. 

വിദേശനയത്തിന് മാറ്റമുണ്ടാകില്ലെന്നും മുതലാളിത്തത്തിന് രാജ്യത്ത് സ്ഥാനമില്ലെന്നും പുതിയ പ്രസിഡന്‍റ് വ്യക്തമാക്കിയെങ്കിലും മാറ്റങ്ങൾ ആഗ്രഹിക്കുന്ന യുവതലമുറ ഡിയസിലാണ് പ്രതീക്ഷയർപ്പിക്കുന്നത്. റൗൾ കാസ്ട്രോ കൊണ്ടുവന്ന പരിഷ്കരണങ്ങളുടെ വഴിയിലൂടെയാവും മിഗ്വൽ ഡിയസും സഞ്ചരിക്കുകയെന്നാണ് യുവതലമുറയുടെ പ്രതീക്ഷ.

സ്ഥാനമൊഴിഞ്ഞെങ്കിലും റൗൾ കാസ്ട്രോ  തന്നെയായിരിക്കും പാർട്ടിയുടെ മേധാവി. സർവസൈന്യാധിപനും റൗൾ തന്നെയാണ്. അതുകൊണ്ട് നിർണായകതീരുമാനങ്ങളിൽ റൗൾ കാസ്ട്രോയുടെ അഭിപ്രായമാവും നടപ്പാവുക.

Trending News