കാണാതായ ഇന്റര്‍പോള്‍ തലവന്‍ ചൈനീസ് കസ്റ്റഡിയിലെന്ന്‍ റിപ്പോര്‍ട്ട്

ചൈനക്കാരനായ അദ്ദേഹത്തെ വീട്ടീലേക്കുള്ള യാത്രയ്ക്കിടെയാണ് കാണാതായത്. 

Last Updated : Oct 6, 2018, 12:48 PM IST
കാണാതായ ഇന്റര്‍പോള്‍ തലവന്‍ ചൈനീസ് കസ്റ്റഡിയിലെന്ന്‍ റിപ്പോര്‍ട്ട്

ബെയ്ജിംഗ്: കാണാതായ ഇന്റര്‍പോള്‍ തലവന്‍ മെങ് ഹോങ്‌വെയിൻ ചൈനയില്‍ തന്നെയുണ്ടെന്ന് സൂചന. അദ്ദേഹം പൊലീസ് കസ്റ്റഡിയിലാണെന്നാണ് ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. 

ചൈനക്കാരനായ അദ്ദേഹത്തെ വീട്ടീലേക്കുള്ള യാത്രയ്ക്കിടെയാണ് കാണാതായത്. ഫ്രഞ്ച് നഗരമായ ലിയോണിലെ ഇന്റര്‍പോള്‍ ആസ്ഥാനത്ത് നിന്ന് ഒരാഴ്ച്ചയ്ക്ക് മുമ്പ് ചൈനയിലേക്ക് പുറപ്പെട്ടതിന് ശേഷം വെയിനേക്കുറിച്ച് യാതൊരു വിവരവും ഇല്ലെന്ന് അദ്ദേഹത്തിന്‍റെ ഭാര്യ ഫ്രഞ്ച് പൊലീസില്‍ പരാതിപ്പെട്ടതോടെയാണ് ഇന്‍റര്‍പോള്‍ മേധാവിയുടെ തിരോധാനം പുറം ലോകം അറിയുന്നത്.

ചൈനയില്‍ ലാന്‍ഡ് ചെയ്തതിന് ശേഷം ഹോങ്‌വെയിനിനെ ചോദ്യം ചെയ്യലിനായി കസ്റ്റഡിയിലെടുത്തുവെന്നാണ് ഹോങ്കോംഗ് ആസ്ഥാനമായുള്ള സൗത്ത് ചൈന മോണിംഗ് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നത്. കസ്റ്റഡിയിൽനിന്നും എത്രയും പെട്ടെന്ന് അദേഹത്തെ വിട്ടയക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു. 

ഫ്രാന്‍സില്‍ നിന്നല്ല ഹോങ്‌വെയിനിനെ കാണാതായെന്നാണ് ഫ്രഞ്ച് പൊലീസിനെ ഉദ്ധരിച്ച് ബിബിസി നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. സെപ്തംബർ 29 നാണ് ഹോങ്‌വെയിനിനെ കാണാതാവുന്നത്. 

അറുപത്തിനാലുകാരനായ മെങ് ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാവാണ്. നേരത്തെ ചൈനീസ് പബ്ലിക് സെക്യൂരിറ്റി വകുപ്പിന്‍റെ സഹമന്ത്രിയായിരുന്നു. രണ്ട് വര്‍ഷം മുന്‍പാണ് അദ്ദേഹം ഇന്‍ര്‍പോള്‍ മേധാവിയായി തെരഞ്ഞെടുക്കപ്പെട്ടത്. 

Trending News