അവന്‍ഫീല്‍ഡ് അഴിമതി കേസ്: നവാസ് ഷരീഫിന് 10 വര്‍ഷം തടവ്

മുന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിന് 10 വര്‍ഷം തടവ് വിധിച്ച് പാകിസ്ഥാന്‍ അക്കൗണ്ടബിലിറ്റി കോടതി. 

Last Updated : Jul 6, 2018, 06:13 PM IST
അവന്‍ഫീല്‍ഡ് അഴിമതി കേസ്: നവാസ് ഷരീഫിന് 10 വര്‍ഷം തടവ്

ഇസ്ലാമാബാദ്: മുന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിന് 10 വര്‍ഷം തടവ് വിധിച്ച് പാകിസ്ഥാന്‍ അക്കൗണ്ടബിലിറ്റി കോടതി. 

അവന്‍ഫീല്‍ഡ് അഴിമതിക്കേസിലാണ് നവാസ് ഷെരീഫിന് പാകിസ്ഥാന്‍ കോടതി ശിക്ഷ വിധിച്ചത്. നവാസ് ഷെരീഫിനെക്കൂടാതെ മകള്‍ മറിയം ഷരീഫിന് ഏഴ് വര്‍ഷവും മരുമകന്‍ റിട്ട. ലഫ്റ്റനന്റ് മുഹമ്മദ് സഫ്ദറിന് ഒരു വര്‍ഷവും തടവ് ശിക്ഷ വിധിച്ചിട്ടുണ്ട്. തടവ് ശിക്ഷക്കൊപ്പം ഷരീഫിന് 8 മില്യണ്‍ പൗണ്ടും മറിയത്തിന് 2 മില്യണ്‍ പൗണ്ടും പിഴ ശിക്ഷയും വിധിച്ചിട്ടുണ്ട്. 

നവാസ് ഷെരീഫിനെതിരായ നാല് അഴിമതിക്കേസുകളില്‍ ഒന്നിലാണ് കോടതി വിധി പറഞ്ഞത്. പാകിസ്ഥാനില്‍ ജൂലൈ 25 ന് തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് വിധി പുറത്ത് വരുന്നത്. 

വരവിനെക്കാള്‍ ഉയര്‍ന്ന ആഡംബരജീവിതമാണ് ഷെരീഫും മക്കളും നയിച്ചിരുന്നതെന്നായിരുന്നു ആരോപണം. ഷെരീഫിന്‍റെ മക്കളായ മറിയം, ഹസന്‍, ഹുസൈന്‍ എന്നിവര്‍ ലണ്ടനില്‍ നാല് ആഡംബരഫ്ളാറ്റുകള്‍ സ്വന്തമാക്കിയെന്നും മകള്‍ മറിയം വ്യാജരേഖ ചമച്ചെന്നും കേസുണ്ടായിരുന്നു. തൊണ്ണൂറുകളില്‍ പ്രധാനമന്ത്രിയായിരിക്കേ ഷെരീഫും കുടുംബാംഗങ്ങളും വിദേശരാജ്യത്ത് കോടികളുടെ വസ്തുവകകള്‍ വാങ്ങിക്കൂട്ടിയതായും അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. 

2013-ലെ പൊതുതിരഞ്ഞെടുപ്പില്‍ നാമനിര്‍ദേശപത്രികയ്ക്കൊപ്പം സമര്‍പ്പിച്ച സ്വത്തുവിവരത്തില്‍ ദുബായ് കേന്ദ്രീകരിച്ചുള്ള ആസ്തികള്‍ മറച്ചുവെയ്ക്കുകവഴി പ്രധാനമന്ത്രി പാര്‍ലമെന്റിനെയും കോടതിയെയും വഞ്ചിച്ചതായും സുപ്രീംകോടതി പരാമര്‍ശിക്കുകയുണ്ടായി. 

പാനമ പേപ്പേഴ്‌സ് പുറത്തുവിട്ട അഴിമതി വിവാദത്തില്‍ കുരുങ്ങിയതിനെ തുടര്‍ന്ന് ജൂലൈ 28ന് പാക് സുപ്രീംകോടതി നവാസ് ഷരീഫിനെ അയോഗ്യനായി പ്രഖ്യാപിച്ചിരുന്നു. തുടര്‍ന്ന്, പ്രധാനമന്ത്രി പദത്തില്‍ നിന്ന് അദ്ദേഹം രാജിവെയ്ക്കുകയും ചെയ്തിരുന്നു. കൂടാതെ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്നും ആജീവനാന്ത വിലക്കും ഏര്‍പ്പെടുത്തിയിട്ടുണ്ട്. എന്നാല്‍, തനിക്കെതിരായ ആരോപണങ്ങള്‍ നിഷേധിച്ച ഷരീഫ് അതെല്ലാം രാഷ്ട്രീയ ലക്ഷ്യം വെച്ചുള്ളതാണെന്നാണ് വാദിച്ചത്.

നിലവില്‍ നവാസ് ഷെരീഫും മറിയയും ലണ്ടനിലാണ്. നവാസിന്‍റെ ഭാര്യ കുല്‍സും നവാസിന്‍റെ അര്‍ബുദ ചികിത്സയ്ക്കായാണ് ഇവര്‍ ലണ്ടനിലെത്തിയത്. വിധി പ്രസ്താവം ഒരാഴ്ചത്തേക്ക് നീട്ടി വയ്ക്കാന്‍ നവാസ് ഷെരീഫ് കോടതിയില്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും കോടതി ആവശ്യം തള്ളുകയായിരുന്നു. 

അതേസമയം, നീതിയ്ക്കുവേണ്ടി പൊരുതുന്നതിനായി നിയമപരവും ഭരണഘടനാവുമായ എല്ലാ വഴികളും തങ്ങള്‍ തേടുമെന്ന് നവാസ് ഷെരീഫിന്‍റെ സഹോദരന്‍ ഷെഹ്ബാസ് ഷെരീഫ് മാധ്യമങ്ങളോട് പറഞ്ഞു.

 

Trending News