'അടിവസ്ത്ര'വുമായി വനിതാ എംപിയുടെ പ്രതിഷേധം!

പീഡിപ്പിക്കപ്പെട്ട സമയത്ത് പെണ്‍കുട്ടി ധരിച്ചിരുന്ന നെറ്റ് നിര്‍മ്മിത അടിവസ്ത്രമായിരുന്നു കേസിനെതിരായി വന്ന പ്രധാന തെളിവ്. 

Sneha Aniyan | Updated: Nov 15, 2018, 04:08 PM IST
'അടിവസ്ത്ര'വുമായി വനിതാ എംപിയുടെ പ്രതിഷേധം!

അയര്‍ലന്‍ഡ്: അയര്‍ലന്‍ഡ് പാര്‍ലമെന്‍റില്‍ 'അടിവസ്ത്ര'വുമായി വനിതാ എംപിയുടെ പ്രതിഷേധം. 

ക്രൂരപീഡനത്തിന് ഇരയായ പെണ്‍കുട്ടിയെ കോടതിയില്‍ അപമാനിക്കാന്‍ ശ്രമിച്ചതിനായിരുന്നു വനിതാ എം പിയായ റൂത്ത് കോപ്പിംഗറിന്‍റെ പ്രതിഷേധം. 

പതിനേഴുകാരിയെ ക്രൂരപീഡനത്തിന് ഇരയാക്കിയ ആളെ വെറുതെ വിടാന്‍ വാദി ഭാഗം മുന്നോട്ട് വച്ച വാദങ്ങള്‍ക്കെതിരെയായിരുന്നു പ്രതിഷേധം.

 ഏതാനും ദിവസം മുന്‍പ് അയര്‍ലന്‍ഡ് കോടതി എടുത്ത ഒരു വിധിയോടുള്ള രൂക്ഷപ്രതിഷേധത്തിന്‍റെ ഭാഗമായാണ് ലേസ് നിര്‍മിതമായ അടിവസ്ത്രവുമായി റൂത്ത് പാര്‍ലമെന്‍റില്‍ എത്തിയത്. 

പെണ്‍കുട്ടിയുടെ വസ്ത്രധാരണമായിരുന്നു ഇരുപത്തിയേഴുകാരന് പീഡിപ്പിക്കാന്‍ പ്രകോപനം ആയതെന്ന വാദി ഭാഗത്തിന്‍റെ വാദം അംഗീകരിച്ച് കേസില്‍ പ്രതിയെ വെറുതെ വിട്ടിരുന്നു. 

പീഡിപ്പിക്കപ്പെട്ട സമയത്ത് പെണ്‍കുട്ടി ധരിച്ചിരുന്ന നെറ്റ് നിര്‍മ്മിത അടിവസ്ത്രമായിരുന്നു കേസിനെതിരായി വന്ന പ്രധാന തെളിവ്. 

പ്രതിയെ വെറുതെ വിട്ടതിലുള്ള പ്രതിഷേധമായാണ് കേസിലെ പ്രധാന തെളിവിന് സമാനമായ അടിവസ്ത്രവുമായി റൂത്ത് പാര്‍ലമെന്‍റില്‍ എത്തിയത്. 

അടിവസ്ത്രം ഉയര്‍ത്തിക്കാണിച്ച് ഇതെങ്ങനെ ലൈംഗിക ബന്ധത്തിനുള്ള തെളിവാകുമെന്ന് റൂത്ത് ചോദിച്ചു.

അടിവസ്ത്രം പാര്‍ലമെന്‍റില്‍ കാണിക്കാന്‍ നാണക്കേടുണ്ടെങ്കിലും ക്രൂരപീഡനത്തിന് ഇരയായ പെണ്‍കുട്ടിയ്ക്ക് അവളുടെ അടിവസ്ത്രം ഉഭയസമ്മതമായി കണക്കാക്കാന്‍ കാരണമാകുമ്പോള്‍ ഈ അപമാനം നിസാരമാണെന്നും റൂത്ത് പറഞ്ഞു. 

കോടതിയോട് ബഹുമാനമുള്ളത് കൊണ്ട് വിധിയെ ചോദ്യം ചെയ്യുന്നില്ല. എന്നാല്‍ ഇതിനെതിരെ ശക്തമായ നിയമനിര്‍മാണം നടത്താന്‍ പാര്‍ലമെന്‍റിന് സാധിക്കും. 

സത്വരമായ നടപടികള്‍ സ്വീകരിക്കുന്നത് സമാനമായ സംഭവങ്ങളില്‍ ഇരയ്ക്ക് നീതി ഉറപ്പാക്കുമെന്നും റൂത്ത് പാര്‍ലമെന്‍റില്‍ വിശദമാക്കി. 

കോടതി നടപടിക്കെതിരെ അയര്‍ലന്‍ഡില്‍ വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ പ്രതിഷേധം നടന്നതിന് പിന്നാലെയായിരുന്നു റൂത്തിന്‍റെ പ്രതിഷേധം. 
 

By continuing to use the site, you agree to the use of cookies. You can find out more by clicking this link

Close