യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ്: അവസാന സംവാദവും പൂര്‍ത്തിയായി

യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ അവസാനത്തെ സംവാദത്തില്‍ ഏറ്റുമുട്ടി ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി ഹില്ലരി ക്ലിന്റണും റിപ്പബ്‌ളിക്കന്‍ സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപും.

Last Updated : Oct 20, 2016, 12:19 PM IST
യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ്: അവസാന സംവാദവും പൂര്‍ത്തിയായി

ലാസ് വേഗാസ്: യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ അവസാനത്തെ സംവാദത്തില്‍ ഏറ്റുമുട്ടി ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി ഹില്ലരി ക്ലിന്റണും റിപ്പബ്‌ളിക്കന്‍ സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപും.

ട്രംപിന്‍റെ തെരഞ്ഞെടുപ്പ് പ്രചരണത്തിനായി പണം മുടക്കുന്നത് തോക്ക് ലോബിയാണെന്ന് ഹിലരി പറഞ്ഞു. തോക്ക് കൈവശം വെക്കുന്നതിന് പുതിയ നിയമം ആവശ്യമാണ്. സ്ത്രീകളോട് മോശമായി പെരുമാറുന്ന ആളാണ് ട്രംപെന്നും റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമര്‍ പുടിന്‍റെ കളിപാവയാണ് ട്രംപെന്നും ഹിലരി ആരോപിച്ചു. 

സിറിയയിലെ പ്രശ്‌നങ്ങള്‍ക്കും ഐഎസ് തീവ്രവാദത്തിനും ഹിലരിയുടെ ദുര്‍ബല വിദേശനയതന്ത്രമാണ് കാരണമായതെന്നും ട്രംപ് പറഞ്ഞു. തുറന്ന അതിര്‍ത്തി വേണമെന്ന ഹിലരിയുടെ ആരോപണം ട്രംപ് എതിര്‍ത്തു. സുരക്ഷിതമായ അതിര്‍ത്തിയാണ് വേണ്ടതെന്നാണ് ട്രംപ് അഭിപ്രായപ്പെട്ടു. 

ഇന്ത്യ ഏഴ് ശതമാനവും ചൈന എട്ട് ശതമാനവും സാമ്പത്തിക വളര്‍ച്ച നേടിയപ്പോള്‍ അമേരിക്ക ഒരു ശതമാനം വളര്‍ച്ച മാത്രമാണ് നേടിയത്. പ്രസിഡന്റായാല്‍ അമേരിക്കയെ കൂടുതല്‍ മികച്ചതാക്കുമെന്നും ട്രംപ് പറഞ്ഞു.

പ്രസിഡന്റ് ബറാക് ഒബാമയുടെ സാമ്പത്തിക നയങ്ങള്‍ രാജ്യത്തിന്റെ വളര്‍ച്ചയ്ക്ക് സഹായിച്ചെന്നാണ് തന്‍റെ അഭിപ്രായമെന്ന് ഹിലരി വ്യക്തമാക്കി. അവസരം ലഭിച്ചാല്‍ ജനങ്ങളുടെ പ്രസിഡന്റായി പ്രവര്‍ത്തിക്കും. സ്ത്രീകളോട് മോശമായി പെരുമാറുന്ന ട്രംപ് പ്രസിഡന്റ് പദവിക്ക് യോഗ്യനല്ലെന്നും ഹിലരി പറഞ്ഞു.

 ഒന്നരമണിക്കൂര്‍ നീണ്ടുനിന്ന സംവാദത്തില്‍ യുഎസിന്‍റെ സാമ്പത്തിക സ്ഥിതി, സുപ്രീം കോടതി, വിദേശകാര്യം തുടങ്ങിയ വിഷയങ്ങള്‍ ഈ സംവാദത്തില്‍ ചര്‍ച്ചയായി.നവംബര്‍ എട്ടിനാണ് പ്രസിഡന്റ് തെരഞ്ഞെടുപ്പ്.

Trending News