ആഗോളതലത്തില്‍ ഉത്തര കൊറിയക്ക് മേലുള്ള സമ്മർദ്ദം ശക്തമാക്കണമെന്ന് ട്രംപ്

  

Last Updated : Feb 7, 2018, 05:04 PM IST
 ആഗോളതലത്തില്‍ ഉത്തര കൊറിയക്ക് മേലുള്ള സമ്മർദ്ദം ശക്തമാക്കണമെന്ന് ട്രംപ്

വാഷിംഗ്‌ടൺ : ആഗോളതലത്തില്‍ ഉത്തര കൊറിയക്ക് മേലുള്ള സമ്മർദ്ദം കൂടുതൽ ശക്തമാക്കണെമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയും ഉത്തരവാദിത്തമുള്ള എല്ലാ രാജ്യങ്ങളും ഉത്തര കൊറിയയോടുള്ള സമ്മർദ്ദം വർധിപ്പിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

തെരേസ മേ അടുത്തിടെ ചൈനയിലേയ്ക്ക് നടത്തിയ യാത്രയെക്കുറിച്ച് ഇരു നേതാക്കളും ഫോണിലൂടെ സംസാരിച്ചപ്പോഴാണ് ഈക്കാര്യം വ്യക്തമാക്കിയത്.

ഉത്തരവാദിത്തമുള്ള എല്ലാ രാജ്യങ്ങളും ഉത്തരകൊറിയക്ക് മേൽ കൂടുതൽ സമ്മർദ്ദം ചെലുത്തണം എന്ന കാര്യത്തിൽ ഇരുരാജ്യങ്ങളും സമ്മതിച്ചതായി വൈറ്റ് ഹൌസ് അറിയിച്ചു. അതേസമയം ദക്ഷിണ കൊറിയയിൽ നടക്കുന്ന ശൈത്യ കാല ഒളിമ്പിക്സിലോ അതിന് ശേഷമോ ഉത്തര കൊറിയയുടെ പ്രതിനിധി സംഘത്തെ കാണാൻ അമേരിക്കൻ അധികാരികൾ പദ്ധതിയിട്ടിട്ടില്ലെന്ന് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് വ്യക്തമാക്കി.

ഉത്തരകൊറിയ നടത്തുന്ന ആണവ മിസൈൽ പരീക്ഷണങ്ങളാണ് ഇത്തരത്തിൽ അമേരിക്കയെ കിം ജോങ് ഭരണകൂടത്തിന് എതിരായി നടപടിയെടുക്കാൻ പ്രേരിപ്പിക്കുന്നത്. യുഎസിന്‍റെയും മറ്റ്‌ ലോക രാജ്യങ്ങളുടെയും സമ്മർദ്ദത്തിൽ നിലവിൽ ഐക്യരാഷ്ട്ര സഭാ ഉത്തര കൊറിയക്ക് പരീക്ഷണങ്ങൾക്കും, വ്യവസായത്തിനും ഉപരോധം ഏർപ്പെടുത്തിയിരിക്കുകയാണ്.

Trending News