Sanitary Pads: സാനിറ്ററി പാഡുകൾ കാൻസറിലേക്ക് നയിക്കുമോ? പ്രമുഖ ബ്രാൻഡുകളുടേത് അടക്കമുള്ള പാഡുകൾ കാൻസറിനും വന്ധ്യതയ്ക്കും കാരണമാകുന്നവയെന്ന് പഠനം

Sanitary Pads Causing Cancer: രാസവിഷ പദാർഥങ്ങളായ കാർസിനോജനുകൾ, പ്രത്യുൽപാദനത്തെയും  എൻഡോക്രൈനെയും ദോഷകരമായി ബാധിക്കുന്ന, അലർജി ഉണ്ടാക്കുന്ന വസ്തുക്കൾ എന്നിവയെല്ലാം പാഡുകളിൽ കൂടിയ അളവിൽ അടങ്ങിയിട്ടുണ്ടെന്നാണ് പഠനത്തിൽ വ്യക്തമാക്കുന്നത്

Written by - ആതിര ഇന്ദിര സുധാകരൻ | Edited by - Roniya Baby | Last Updated : Nov 25, 2022, 12:03 AM IST
  • ഫാലേറ്റുകളും ബാഷ്പീകരണ സ്വഭാവമുള്ള ഓർഗാനിക് കാർബൺ കോംപൗണ്ടുകളുടേയും സാന്നിധ്യവും പാഡുകളിൽ കണ്ടെത്തി
  • ഇവ രണ്ടും കാൻസർ സാധ്യത വർധിപ്പിക്കുന്നതാണ്
  • പാഡുകളിൽ സുഗന്ധത്തിനായി ചേർക്കുന്ന വസ്തുക്കൾ ഗർഭകാല സങ്കീർണതകൾക്ക് വഴിവയ്ക്കുന്നു
Sanitary Pads: സാനിറ്ററി പാഡുകൾ കാൻസറിലേക്ക് നയിക്കുമോ? പ്രമുഖ ബ്രാൻഡുകളുടേത് അടക്കമുള്ള പാഡുകൾ കാൻസറിനും വന്ധ്യതയ്ക്കും കാരണമാകുന്നവയെന്ന് പഠനം

ആർത്തവസമയത്ത് തുണികൾ ഉപയോഗിച്ചിരുന്ന കാലത്ത് നിന്ന് സാനിറ്ററി പാഡിന്റെ സുരക്ഷയിലേക്ക് സ്ത്രീകൾ എത്തിയിട്ട് അധികം കാലമായില്ല. ആർത്തവ ശുചിത്വത്തിന്റെ, ആർത്തവ സ്വാതന്ത്ര്യത്തിന്റെ വിപ്ലവകരമായ മാറ്റമായിരുന്നു സാനിറ്ററി പാഡുകൾ. ദീർഘസമയം ഉപയോഗിക്കാൻ കഴിയുന്നവ, കൂടുതൽ അബ്സോർബ് ചെയ്യാൻ കഴിയുന്നവ, വിങ്സ് ഉള്ളത്, നീളവും വീതിയും കൂടുതലുള്ളത്, രാത്രിയിൽ ഉപയോഗിക്കാൻ പ്രത്യേകമായുള്ളത് അങ്ങനെ സാനിറ്റ‍റി പാഡ് ബ്രാൻഡുകൾ മാർക്കറ്റിൽ വലിയൊരു മത്സരം തന്നെ നടത്തുന്നുണ്ട്. മാർക്കറ്റ് കീഴടക്കിയ പല പ്രമുഖ ബ്രാൻഡുകളുടെ അടക്കം സാനിറ്ററി പാഡുകളെക്കുറിച്ച് ഇപ്പോൾ പുറത്ത് വരുന്ന പഠന റിപ്പോർട്ട് ഞെട്ടിക്കുന്നതാണ്. പാഡുകൾ സൃഷ്ടിക്കുന്ന സംസ്കരണ പ്രശ്നവും പരിസ്ഥിതി പ്രശ്നവും ഒക്കെ ധാരാളമുണ്ട്. പക്ഷേ കാൻസറിനും വന്ധ്യതയ്ക്കും ഒക്കെ കാരണമായാലോ? പരിസ്ഥിതി എൻജിഒ ആയ ടോക്സിക് ലിങ്ക് 'Wrapped in Secrecy; Toxic Chemicals in Menstrual Products' എന്ന തലക്കെട്ടിൽ പ്രസിദ്ധീകരിച്ച പഠന റിപ്പോർട്ടിൽ ഗുരുതരമായ കണ്ടെത്തലുകളുണ്ട്.

ശരീരത്തിന് ഹാനികരമായ രാസവിഷ പദാർഥങ്ങളായ കാർസിനോജനുകൾ, പ്രത്യുൽപാദനത്തെയും  എൻഡോക്രൈനെയും ദോഷകരമായി ബാധിക്കുന്ന, അലർജി ഉണ്ടാക്കുന്ന വസ്തുക്കൾ എന്നിവയെല്ലാം പാഡുകളിൽ കൂടിയ അളവിൽ അടങ്ങിയിട്ടുണ്ടെന്നാണ് ഈ പഠനത്തിൽ വ്യക്തമാക്കുന്നത്. ഓർഗാനിക് പാഡുകൾക്കും ഈ പ്രശ്നമുണ്ടെന്ന് പഠന റിപ്പോർട്ടിൽ പറയുന്നു. ഫാലേറ്റുകളും ബാഷ്പീകരണ സ്വഭാവമുള്ള ഓർഗാനിക് കാർബൺ കോംപൗണ്ടുകളുടേയും സാന്നിധ്യവും കണ്ടെത്തി. ഇവ രണ്ടും കാൻസർ സാധ്യത വർധിപ്പിക്കുന്നതാണ്. 

സാനിറ്ററി പാഡിൽ ഉപയോഗിക്കുന്ന ദോഷകരമായ രാസവസ്തുക്കൾ ഇവയാണ്

1. Plastics and plasticisers
(കൂടുതൽ രക്തം വലിച്ചെടുക്കുന്നതിനും പാഡുകൾക്ക് മൃദുത്വം നൽകുന്നതിനും വേണ്ടി ഉപയോഗിക്കുന്നത്)

2. Volatile organic compounds
( നനവ് ഇല്ലാതാക്കാൻ, വേഗത്തിൽ രക്തം വലിച്ചെടുക്കാനും പാഡുകൾക്ക് സുഗന്ധം നൽകുന്നതിനും വേണ്ടി ഉപയോഗിക്കുന്നവ)

3. Pesticide residue
(കോട്ടൺ സാനിറ്ററി പാഡുകളിൽ ഉപയോഗിക്കുന്നു)

4. Dioxins And furans 
(കോട്ടൺ ബ്ലീച്ചിങിന്റെ ഭാഗമായി ഉണ്ടാകുന്ന വിഷപദാർഥം)
 
സാനിറ്ററി പാഡുകൾ യോനിയുമായി ചേർന്നിരിക്കുന്നവയാണ്. അതിനാൽ  ഈ വിഷപദാർഥങ്ങൾ യോനി വളരെ വേഗം വലിച്ചെടുക്കും. സാധാരണഗതിയിൽ ശരീരത്തിലെ ത്വക്ക് വലിച്ചെടുക്കുന്നതിനെക്കാളും വേഗത്തിൽ വജൈന ഇവ ആഗിരണം ചെയ്യുമെന്നാണ് പഠനത്തിൽ പറയുന്നത്. 10 ബ്രാൻഡുകളുടെ പാഡുകളാണ് പഠന വിധേയമാക്കിയത്. ഫാലേറ്റുകളുടെ 12 വിവിധ തരങ്ങളുടെ സാമീപ്യവും ഇവയിൽ കണ്ടെത്തി. പല അസുഖങ്ങൾക്കും കാരണമാകുന്നവയാണ് ഫാലേറ്റുകൾ.  പാഡുകൾ കൂടുതൽ സമയം ഉപയോഗിക്കുമ്പോൾ രക്തം വീണ് ദുർഗന്ധം ഉണ്ടാവാതിരിക്കാൻ ഉപയോഗിക്കുന്ന വസ്തുക്കൾ വലിയ രീതിയിൽ അലർജിക്ക് കാരണമാകാറുണ്ട്.

ALSO READ: Brain Stroke Vs Heart Attack: മസ്തിഷ്കാഘാതവും ഹൃദയാ​ഘാതവും തിരിച്ചറിയാം... ഈ ലക്ഷണങ്ങളിലൂടെ

പാഡുകൾ സംസ്കരിച്ചാലും മണ്ണിലൂടെ വീണ്ടും ഈ വിഷപദാർഥങ്ങൾ ശരീരത്തിലെത്തും. ശരീരത്തിലെ ഹോർമോൺ വ്യതിയാനത്തിനും കാരണമാകും. സ്ത്രീകളെ വന്ധ്യതയിലേക്ക് നയിക്കുന്ന എൻഡോമെട്രിയോസിസ് എന്ന അവസ്ഥയ്ക്ക് കാരണമാകും. ഗർഭധാരണത്തിലെ പ്രശ്നങ്ങൾക്കും പ്രമേയഹത്തിനും വരെ ഫാലേറ്റുകൾ കാരണമാകും.  ഇലാസ്റ്റിസിറ്റി കൂട്ടാനും മൃദുത്വം നൽകാനുമാണ് ഫാലേറ്റുകൾ കൂടുതലായി ഉപയോഗിക്കുന്നത്. ബാഷ്പീകരണ സ്വഭാവമുള്ള ഓർഗാനിക് കോംപൗണ്ടുകൾ പെയിന്റ്, ഡിയോഡ്രന്റുകൾ, നെയിൽ പോളിഷ് എന്നിവയിലാണ് പ്രധാനമായും ഉപയോഗിക്കുന്നത്. പാഡുകളിൽ സുഗന്ധത്തിനായി ചേർക്കുന്ന ഇവ ഗർഭകാല സങ്കീർണതകൾക്ക് വഴിവയ്ക്കുന്നു.

പാഡുകളിൽ ഉപയോഗിക്കുന്ന ഫൈബറുകൾ ബ്ലീച്ചിങ് പ്രിക്രിയയയിലൂടെ കടന്നുപോകുമ്പോൾ ഉണ്ടാകുന്ന ഡയോക്സിൻ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുന്നതാണ്. പാഡുകളുടെ വെള്ളനിറം പ്രകൃതിദത്തമല്ല. അത് ഫൈബറുകളുടെ ക്ലോറിൻ ബ്ലീച്ചിങ് ഫലമായി ഉണ്ടാകുന്നതാണ്. തടികളുടെ പൾപ്പിൽ നിന്നും എടുക്കുന്ന സിന്തറ്റിക് ഫൈബർ ആയി റയോണും പാഡിലെ അസംസ്കൃത വസ്തുവാണ്. രക്തം വലിച്ചെടുക്കാനുള്ള കപ്പാസിറ്റി കൂട്ടാൻ കഴിയുന്ന ഇവയും ഡയോക്സിൻ വഹിക്കുന്നവയാണ്. പാഡുകളുടെ അവസാന ലെയർ ലീക്കേജ് തടയുന്നതിനായുള്ള പ്ലാസ്റ്റിക് ലെയറാണ്. ഇത് വായുസഞ്ചാരം പൂർണമായും ഇല്ലാതാക്കുന്നു. ചെറിയ തോതിൽ ഈർപ്പവും ചൂടും കൂടിച്ചേർന്ന് തുടയിടുക്കുകളിൽ ബാക്ടീരിയ വളരാനുള്ള സാഹചര്യം ഇതുവഴി ഉണ്ടാകും. ഈ ഭാഗത്ത് ചൊറിച്ചിലും തടിപ്പും ഉണ്ടാവുകയും ചെയ്യും.

ALSO READ: Memory Problems: ഈ അഞ്ച് കാര്യങ്ങൾ വാർധക്യത്തിന് മുൻപേ നിങ്ങളെ ഓർമ്മ തകരാറുകളിലേക്ക് നയിച്ചേക്കാം

രാസവസ്തുക്കളുടെ അളവ് യൂറോപ്യൻ റെഗുലേഷൻ സ്റ്റാൻഡേർഡിനെക്കാൾ മൂന്നിരട്ടി വരെ കൂടുതലാണെന്നാണ് പഠനറിപ്പോർട്ട്. തുണി നാപ്കിനുകളും മെൻസ്ട്രൽ കപ്പുകളും ഉപയോഗിക്കുന്നതാണ് ആരോഗ്യകരമെന്നാണ് ചില ഡോക്ടർമാരുടെ പക്ഷം. ഇന്ത്യയിൽ സാനിറ്ററി പാഡുകളുടെ നിർമാണത്തിൽ പ്രത്യേക നിയന്ത്രണങ്ങൾ ഇല്ല. യൂറോപ്യൻ രാജ്യങ്ങൾ ഇതിന് കൃത്യമായ മാർഗനിർദേശങ്ങൾ പുറത്തിറക്കിയിട്ടുണ്ട്.  ഇന്ത്യയിൽ കൗമാരക്കാരായ നാലിൽ മൂന്ന് സ്ത്രീകളും പാഡുകൾ ഉപയോഗിക്കുന്നവൾ ആകയാൽ ഈ പഠനറിപ്പോർട്ട് ഗൗരവത്തോടെ എടുക്കണമെന്നാണ് ആരോഗ്യപ്രവർത്തകർ പറയുന്നത്.

ആർത്തവശുചിത്വത്തിന്റെ ഭാഗമായി സ്ത്രീകൾ സാനിറ്ററി നാപ്കിനുകൾ ഉപയോഗിക്കാൻ രാജ്യമെമ്പാടും സർക്കാർതലത്തിൽ വലിയൊരു പ്രചാരണം തന്നെ നടക്കുന്ന സമയത്താണ് പഠനറിപ്പോർട്ട് പുറത്തുവരുന്നത്.  നാഷണൽ ഫാമിലി  ഹെൽത്ത് സർവെ പ്രകാരം പതിനഞ്ചിനും ഇരുപത്തിനാലിനും ഇടയിൽ പ്രായമുള്ള 64 ശതമാനം സ്ത്രീകളും സാനിറ്ററി പാഡുകൾ ഉപയോഗിക്കുന്നവരാണ്. നഗരപ്രദേശങ്ങളിൽ 77.5 ശതമാനം പേരും ഗ്രാമീണ മേഖലകളിൽ 58.9 ശതമാനം പേരും പാഡ് ഉപയോഗിക്കുന്നു എന്നാണ് കണക്ക്. ഇന്ത്യയിൽ സാനിറ്ററി പാഡുകളുടെ വിപണി ഓരോ വർഷവും കുതിച്ചുയരുന്നുണ്ട്. 2021ൽ 618.4 മില്യൺ യുഎസ് ഡോളർ ആയിരുന്നത് 2022-27 കാലയളവിൽ 1.2 ബില്യൺ ഡോളറിലെത്തുമെന്നാണ് വിലയിരുത്തൽ.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News