36 പേരുടെ ജീവനെടുത്ത് 'ഗജ' നീങ്ങി; പിന്നാലെ വരുന്നു "പെയ്തി"

തമിഴ്‌നാടിന്‍റെ തീരപ്രദേശങ്ങളില്‍ വ്യാപകമായ നാശനഷ്ടങ്ങള്‍ വിതച്ച് ഗജ ചുഴലിക്കാറ്റ് തീരം വിട്ടു. 

Last Updated : Nov 17, 2018, 05:53 PM IST
36 പേരുടെ ജീവനെടുത്ത് 'ഗജ' നീങ്ങി; പിന്നാലെ വരുന്നു "പെയ്തി"

ചെന്നൈ: തമിഴ്‌നാടിന്‍റെ തീരപ്രദേശങ്ങളില്‍ വ്യാപകമായ നാശനഷ്ടങ്ങള്‍ വിതച്ച് ഗജ ചുഴലിക്കാറ്റ് തീരം വിട്ടു. 

ഗജ ചുഴലിക്കാറ്റില്‍ ഇതുവരെ വടക്കന്‍ തമിഴ്‌നാട്ടില്‍ 36 പേര്‍ മരിച്ചുവെന്നാണ് സര്‍ക്കാര്‍ കണക്ക്. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദമാണ് ഗജ ചുഴലിക്കാറ്റായി മാറിയത്. വന്‍ നഷ നഷ്ടമാണ് സംസ്ഥാനത്ത് ചുഴലിക്കാറ്റുമൂലം സംഭവിച്ചിരിക്കുന്നത്. 

ഈ പ്രദേശങ്ങളില്‍ ഫോണ്‍, വൈദ്യുതി ബന്ധങ്ങള്‍ നിലച്ചിരിക്കുകയാണ്. 15,000ത്തോളം ഇലക്ട്രിക് പോസ്റ്റുകളാണ് കാറ്റില്‍ തകര്‍ന്ന് വീണിരിക്കുന്നത്. 9 മണിക്കൂറോളം ആഞ്ഞടിച്ച ചുഴലിക്കാറ്റില്‍ ലക്ഷത്തോളം മരങ്ങള്‍ കടപുഴകി വീണിട്ടുണ്ട്. മരങ്ങള്‍ വീണ് പലയിടത്തും റോഡ്, റെയില്‍ ഗതാഗതം സ്തംഭിച്ചു. ആയിരത്തിലേറെ കന്നുകാലികള്‍ ചത്തിട്ടുണ്ട്. ലക്ഷക്കണക്കിന് ഏക്കര്‍ കൃഷിയും നശിച്ചിട്ടുണ്ട്. 

ഗജ ചുഴലിക്കാറ്റ് കേരളത്തെയും ബാധിച്ചിരുന്നു. ചുഴലിക്കാറ്റിന്‍റെ ഭാഗമായി കേരളത്തില്‍ വിവിധ സ്ഥലങ്ങളില്‍ ശക്തമായ മഴയും കാറ്റും ഉണ്ടായി. എന്നാല്‍ മഴയുടെ ശക്തി ഇന്ന് വൈകീട്ടോടെ കുറയുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നത്. ഇടുക്കി, കോട്ടയം, ആലപ്പുഴ, എറണാകുളം ജില്ലകളിലാണ് ഗജയെ തുടര്‍ന്ന് കനത്ത മഴ ഉണ്ടായത്.

എന്നാല്‍ ഗജയുടെ ഭീതിയൊഴിയും മുൻപ് തെക്കന്‍ ബംഗാൾ ഉൾക്കടലിൽ മറ്റൊരു ന്യൂനമർദ്ദംകൂടി രൂപപ്പെടുന്നതായാണ് റിപ്പോര്‍ട്ട്. ഈ  ന്യൂനമർദ്ദത്തിന് "പെയ്തി" എന്നാണ് പേര് നിര്‍ദ്ദേശിച്ചിരിക്കുന്നത്.

അടുത്ത 10 മണിക്കൂറിനുള്ളിൽ ഇത് ചുഴലിയുടെ രൂപമാർജിക്കുമെന്നാണ് ന്യൂഡൽഹി കാലാവസ്ഥാ കേന്ദ്രത്തിലെ സൈക്ലോൺ മുന്നറിയിപ്പ് കേന്ദ്രം നൽകുന്ന സൂചന. ഉടൻ നടപടി സ്വീകരിക്കണമെന്നും നിര്‍ദ്ദേശമുണ്ട്. ലക്ഷദ്വീപിൽ കനത്ത മഴയും കാറ്റും അനുഭവപ്പെടും. ദ്വീപും കടന്ന് ചുഴലിക്കാറ്റ് പടിഞ്ഞാറേക്കു പോയി ഒമാൻ തീരത്ത് എത്തിച്ചേരാനാണ് സാധ്യതയെന്നും കേന്ദ്രം അറിയിക്കുന്നു.

ഞായറാഴ്ച വരെ കേരളത്തിന്‍റെ തീരക്കടലിലും ലക്ഷദ്വീപ് മേഖലയിലും 2.8 മീറ്റര്‍ വരെ തിരമാല ഉയര്‍ന്നേക്കും. അതുകൊണ്ട് തന്നെ തിങ്കളാഴ്ച വരെ മത്സ്യത്തൊഴിലാളികള്‍ കടലില്‍ മത്സ്യബന്ധനത്തിന് പോകരുത് എന്നും കാലാവസ്ഥാ നീരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കുന്നു. അറബിക്കടലില്‍ കേരളതീരം, ലക്ഷദ്വീപ്, കന്യാകുമാരി ഭാഗത്തും ഗള്‍ഫ് ഓഫ് മാന്നാറിലും പോകരുത് എന്നാണ് നിര്‍ദ്ദേശം. തീരദേശത്തും മലയോര മേഖലകളിലും ഉളളവരോട് അതീവജാഗ്രത പാലിക്കാന്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

 

Trending News