'ഗജ' ചുഴലിക്കാറ്റ്: 45 മരണം, ദുരന്തനിവാരണ നടപടികളില്‍ ജനങ്ങള്‍ക്ക്‌ അതൃപ്തി

കക്ഷി രാഷ്ട്രീയ ഭേദമെന്യേ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ പങ്കുചേരാന്‍ മുഖ്യമന്ത്രി പളനിസ്വാമിയുടെ ആഹ്വാനം

Last Updated : Nov 19, 2018, 01:03 PM IST
'ഗജ' ചുഴലിക്കാറ്റ്: 45 മരണം, ദുരന്തനിവാരണ നടപടികളില്‍ ജനങ്ങള്‍ക്ക്‌ അതൃപ്തി

ചെന്നൈ: വടക്കന്‍ തമിഴ്‌നാട്ടിലും തീരപ്രദേശങ്ങളിലും കനത്ത നാശനഷ്ടങ്ങള്‍ വിതച്ച് ഗജ ചുഴലിക്കാറ്റ് തീരം വിട്ടു. എന്നാല്‍ സംസ്ഥാന സര്‍ക്കാര്‍ നടത്തിവരുന്ന ദുരന്തനിവാരണ നടപടികളില്‍ ജനങ്ങള്‍ തികഞ്ഞ അതൃപ്തിയാണ് പ്രകടിപ്പിക്കുന്നത്. 

പുതുക്കോട്ടയ്ക്കടുത്തുള്ള കൊത്തമംഗലം ഗ്രാമത്തിലെ ജനങ്ങള്‍ ദുരന്തനിവാരണ നടപടികളില്‍ കാലതാമസം വരുത്തുന്നതില്‍ പ്രതിക്ഷേധിച്ച് നിരവധി സര്‍ക്കാര്‍ വാഹനങ്ങള്‍ അഗ്നിക്കിരയാക്കി. പൊലീസുമായും ഏറ്റുമുട്ടലുകള്‍ നടന്നതായാണ് റിപ്പോര്‍ട്ട്. കൂടാതെ, 60 ഓളം പേര്‍ സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് കസ്റ്റഡിയിലാണ്. 

അതേസമയം, കക്ഷി രാഷ്ട്രീയ ഭേദമെന്യേ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ പങ്കുചേരാന്‍ മുഖ്യമന്ത്രി പളനിസ്വാമി ആഹ്വാനം ചെയ്തു. 

സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന റിപ്പോര്‍ട്ട് അനുസരിച്ച് 'ഗജ' ചുഴലിക്കാറ്റു മൂലം സംസ്ഥാനത്ത് 45 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു. 1.7 ലക്ഷം മരങ്ങള്‍ കടപുഴകി വീണു. 735 വളര്‍ത്തുമൃഗങ്ങള്‍ ചത്തൊടുങ്ങി. 1.17 ലക്ഷം വീടുകള്‍ തകര്‍ന്നു. 88,102 ഏക്കര്‍ സ്ഥലത്തെ കൃഷി നശിച്ചു. 

ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദമാണ് ഗജ ചുഴലിക്കാറ്റായി മാറിയത്. വന്‍ നഷ നഷ്ടമാണ് സംസ്ഥാനത്ത് ചുഴലിക്കാറ്റുമൂലം സംഭവിച്ചിരിക്കുന്നത്. കൂടാതെ, ഈ പ്രദേശങ്ങളില്‍ ഫോണ്‍, വൈദ്യുതി ബന്ധങ്ങള്‍ നിലച്ചിരിക്കുകയാണ്. 15,000ത്തോളം ഇലക്ട്രിക് പോസ്റ്റുകളാണ് കാറ്റില്‍ തകര്‍ന്ന് വീണിരിക്കുന്നത്. 9 മണിക്കൂറോളമാണ് ചുഴലിക്കാറ്റ് ആഞ്ഞടിച്ചത്.

ചുഴലിക്കാറ്റില്‍ മരിച്ചവരുടെ കുടുംബങ്ങൾക്ക് 10 ലക്ഷം രൂപ വീതം നഷ്ടപരിഹാരം സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്. കൂടാതെ, ഗുരുതര പരിക്കുകളുള്ളവർക്ക് ഒരു ലക്ഷം രൂപ വീതവും നിസ്സാര പരിക്കുകളുള്ളവർക്ക് 25,000 രൂപ വീതവും നഷ്ടപരിഹാരം നൽകും.

Trending News