Brahmapuram Plant Fire : ബ്രഹ്മപുരത്തെ തീപിടുത്തം; കൊച്ചിയിലും സമീപ പഞ്ചായത്തുകളിലും ഏഴ് വരെയുള്ള ക്ലാസുകൾക്ക് നാളെ അവധി

Brahmapuram Waste Plant Fire Break : കൊച്ചിയിലും സമീപ പഞ്ചായത്തുകളിൽ ഏഴാം ക്ലാസ് വരെയുള്ള വിദ്യാർഥികൾക്കാണ് കലക്ടർ അവധി പ്രഖ്യാപിച്ചിരിക്കുന്നത്.

Written by - Zee Malayalam News Desk | Last Updated : Mar 5, 2023, 06:11 PM IST
  • കൊച്ചി കോർപ്പറേഷനും സമീപ പഞ്ചായത്തുകളിലും നഗരസഭകളിലുമായി പ്രവർത്തിക്കുന്ന സ്കൂളുകൾക്കാണ് അവധി ബാധകം.
  • അന്തരീക്ഷത്തിൽ പുകയുടെ സാന്നിധ്യം റിപ്പോർട്ട് ചെയ്തിരിക്കുന്ന സാഹചര്യം ഉള്ളതിനാൽ ആരോഗ്യപരമായ മുൻകരുതലിന്റെ ഭാഗമായിട്ടാണ് അവധി
  • സിബിഎസ്ഇ ഐസിഎസ്ഇ സ്കൂളുകൾക്കും അവധി ബാധകമാണ്.
Brahmapuram Plant Fire : ബ്രഹ്മപുരത്തെ തീപിടുത്തം; കൊച്ചിയിലും സമീപ പഞ്ചായത്തുകളിലും ഏഴ് വരെയുള്ള ക്ലാസുകൾക്ക് നാളെ അവധി

കൊച്ചി : ബ്രഹ്മപുരം മാലിന്യ പ്ലാന്റിൽ ഉണ്ടായി തീപിടുത്തത്തെ തുടർന്നുണ്ടായ അന്തരീഷ മലനീകരണത്തിന്റെ സാഹചര്യത്തിൽ ഏഴാം ക്ലാസ് വരെയുള്ള വിദ്യാർഥികൾക്ക് നാളെ ജില്ല കലകട്ർ അവധി പ്രഖ്യാപിച്ചു. കൊച്ചി കോർപ്പറേഷനും സമീപ പഞ്ചായത്തുകളിലും നഗരസഭകളിലുമായി പ്രവർത്തിക്കുന്ന സ്കൂളുകൾക്കാണ് അവധി ബാധകം. അന്തരീക്ഷത്തിൽ പുകയുടെ സാന്നിധ്യം റിപ്പോർട്ട് ചെയ്തിരിക്കുന്ന സാഹചര്യം ഉള്ളതിനാൽ ആരോഗ്യപരമായ മുൻകരുതലിന്റെ ഭാഗമായിട്ടാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നതെന്ന് ജില്ല കലക്ടർ രേണു രാജ് വ്യക്തമാക്കി.

കൊച്ചി മുനിസിപ്പൽ കോർപ്പറേഷൻ, തൃക്കാക്കര, തൃപ്പൂണിത്തുറ, മരട് നഗരസഭകൾ, വടവുകോട് - പുത്തൻകുരിശ്, കിഴക്കമ്പലം, കുന്നത്തുനാട് ഗ്രാമപഞ്ചായത്തുകളുടെ പരിധിയിൽ വരുന്ന സ്കൂളുകളിൽ ഏഴാം ക്ലാസ് വരെയുള്ള വിദ്യാർഥികൾക്കാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. സിബിഎസ്ഇ ഐസിഎസ്ഇ സ്കൂളുകൾക്കും അവധി ബാധകമാണ്. ഒപ്പം അങ്കണവാടികൾ, കിന്റർഗാർട്ടൺ, ഡേ കെയർ സെന്ററുകൾ പ്രവർത്തിക്കാൻ പാടുള്ളതല്ല. അതേസമയം പൊതു പരീക്ഷകൾക്ക് മാറ്റമില്ലെന്ന് കലക്ടർ വ്യക്തമാക്കി.

ALSO READ : ബ്ര​ഹ്മപുരത്ത് വൈകീട്ടോടെ തീ പൂർണമായും അണയ്ക്കാനാകും, ജനങ്ങൾ മാസ്‌ക് ധരിച്ച് പുറത്തിറങ്ങണമന്ന് പി.രാജീവ്

ജില്ല കലക്ടറുടെ അറിയിപ്പ്

സ്കൂൾ അവധി സംബന്ധിച്ച അറിയിപ്പ്

ബ്രഹ്മപുരം മാലിന്യശേഖരണ പ്ലാന്റിൽ ഉണ്ടായ തീപിടിത്തത്തെ തുടർന്ന് ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ അന്തരീക്ഷത്തിൽ പുകയുടെ സാന്നിധ്യം റിപ്പോർട്ട് ചെയ്തിരിക്കുന്ന സാഹചര്യം ഉള്ളതിനാൽ ആരോഗ്യപരമായ മുൻകരുതലിന്റെ ഭാഗമായി വടവുകോട് - പുത്തൻകുരിശ് ഗ്രാമപഞ്ചായത്ത്, കിഴക്കമ്പലം ഗ്രാമപഞ്ചായത്ത്, കുന്നത്തുനാട് ഗ്രാമപഞ്ചായത്ത്, തൃക്കാക്കര മുനിസിപ്പാലിറ്റി, തൃപ്പൂണിത്തുറ മുനിസിപ്പാലിറ്റി, മരട് മുനിസിപ്പാലിറ്റി, കൊച്ചി മുനിസിപ്പൽ കോർപ്പറേഷൻ എന്നീ തദ്ദേശ സ്ഥാപനങ്ങളിലെ അങ്കണവാടികൾ, കിന്റർഗാർട്ടൺ, ഡേ കെയർ സെന്ററുകൾ എന്നിവയ്ക്കും സർക്കാർ, എയ്ഡഡ്, അൺ എയ്ഡഡ്, സിബിഎസ്ഇ, ഐസിഎസ്ഇ സ്കൂളുകളിലെ ഒന്നു മുതൽ ഏഴു വരെയുള്ള ക്ലാസുകളിലെ വിദ്യാർത്ഥികൾക്കും  06-03-2023 (തിങ്കൾ) അവധിയായിരിക്കും. പൊതു പരീക്ഷകൾക്ക് മാറ്റമില്ല
ജില്ലാ കളക്ടർ
എറണാകുളം

അതേസമയം ബ്രഹ്മപുരം മാലിന്യ സംസ്കരണ പ്ലാന്റിലെ തീ നിയന്ത്രണ വിധേയമായെന്നും വൈകിട്ടോടെ  പൂർണമായും അണക്കാൻ കഴിയുമെന്ന് വ്യവസായ മന്ത്രി പി രാജീവ് അറിയിച്ചു. ബ്രഹ്മപുരത്തെ പ്രവർത്തനങ്ങൾ വിലയിരുത്താൻ പ്രത്യേക കോ–ഓർഡിനേഷൻ കമ്മിറ്റിക്ക് രൂപം നൽകുമെന്നും മാലിന്യനീക്കം പുനരാരംഭിക്കാൻ കലക്ടറുടെ നേതൃത്വത്തിൽ പ്രത്യേക സംവിധാനം ഏർപ്പെടുത്തുമെന്നും മന്ത്രി  ഉന്നതതല യോഗത്തിന് ശേഷം വ്യക്തമാക്കി. ജനങ്ങൾ പുറത്തിറങ്ങരുതെന്ന് നേരത്തെ നിർദേശിച്ചിരുന്നെങ്കിലും ഇപ്പോൾ അങ്ങനെയൊരു സാഹചര്യമില്ല. ആസ്മ രോഗബാധിതർ പുറത്തിറങ്ങാതിരിക്കാൻ ശ്രദ്ധിച്ചാൽ മതിയാകുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

എന്നാൽ ബ്രഹ്മപുരത്തെ മാലിന്യകൂമ്പാരത്തിന് തീപിടിച്ചതിനെ തുടർന്നുണ്ടായ കനത്ത വിഷപ്പുക ശ്വസിച്ച് 20 അഗ്നിശമനസേനാ ഉദ്യോഗസ്ഥര്‍ ചികിത്സ തേടി. ഛര്‍ദിയും ശ്വാസതടസ്സവും വയറിളക്കവും അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് ഭൂരിഭാഗം പേരും ചികിത്സ തേടിയത്. 

ബ്രഹ്മപുരത്ത് വര്‍ഷങ്ങളായി കെട്ടിക്കിടക്കുന്ന ടണ്‍കണക്കിന് മാലിന്യം ശാസ്ത്രീയമായി സംസ്കരിക്കാന്‍ ബെംഗളൂരു ആസ്ഥാനമായ സോണ്‍ടാ ഇന്‍ഫ്രാടെക് പ്രൈവറ്റ് ലിമിറ്റഡിനാണ് കരാര്‍ നല്‍കിയത്. പ്ലാസ്റ്റിക് മാലിന്യങ്ങള്‍ വേര്‍തിരിച്ച് ബയോ മൈനിങ് നടത്തണമെന്നായിരുന്നു ഒന്‍പത് മാസം കാലാവധിയുള്ള കരാറിലെ വ്യവസ്ഥ. കരാര്‍ തുകയായ 55 കോടിയില്‍ 14 കോടി കമ്പനി കൈപ്പറ്റി. കരാ‍ര്‍ കാലാവധി തീര്‍ന്നിട്ടും മാലിന്യ സംസ്കരണം എങ്ങുമെത്തിയില്ല. വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ടതിന് പിന്നാലെയാണ് തീപിടിത്തം. ബയോ മൈനിങില്‍ മുന്‍പരിചയമില്ലാത്ത കമ്പനിക്ക് കരാ‍ര്‍ നല്‍കിയതിന് പിന്നില്‍ കോടികളുടെ അഴിമതിയുണ്ടെന്നും ആരോപണമുണ്ട്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News