CPM Worker Murder: കേരളം കലാപഭൂമിയാക്കാൻ ശ്രമം; ഹരിദാസിനെ കൊലപ്പെടുത്തിയത് ആർഎസ്എസിന്റെ പരിശീലനം ലഭിച്ച ക്രിമിനലുകളെന്ന് കോടിയേരി ബാലകൃഷ്ണൻ

ഹരിദാസിനെ കൊലപ്പെടുത്തിയതിന് പിന്നിൽ കേരളത്തിൽ അരാജകത്വം സൃഷ്ടിക്കാനുള്ള ശ്രമമമാണെന്നും കോടിയേരി പറഞ്ഞു.

Written by - Zee Malayalam News Desk | Last Updated : Feb 21, 2022, 03:43 PM IST
  • പ്രത്യേക പരിശീലനം ലഭിച്ച ക്രിമിനലുകളാണ് ഇതിന് പിന്നിൽ
  • രണ്ട് മാസം മുൻപ് ആർഎസ്എസ് കേരളത്തിൽ ഒരാഴ്ച നീണ്ടുനിന്ന പരിശീലന ക്യാമ്പ് സംഘടിപ്പിച്ചിരുന്നു
  • ഈ ക്യാമ്പിൽ മൂവായിരത്തോളം പേർക്ക് പരിശീലനം നൽകി
  • ഇത്തരത്തിൽ പരിശീലനം ലഭിച്ചവരാണ് ഹരിദാസിനെ കൊലപ്പെടുത്തിയതെന്ന് കോടിയേരി പറഞ്ഞു
CPM Worker Murder: കേരളം കലാപഭൂമിയാക്കാൻ ശ്രമം; ഹരിദാസിനെ കൊലപ്പെടുത്തിയത് ആർഎസ്എസിന്റെ പരിശീലനം ലഭിച്ച ക്രിമിനലുകളെന്ന് കോടിയേരി ബാലകൃഷ്ണൻ

കണ്ണൂർ: തലശേരിയിലെ സിപിഎം പ്രവർത്തകൻ ഹരിദാസിന്റെ കൊലപാതകത്തിൽ ആർഎസ്എസിനും ബിജെപിക്കും പങ്കുണ്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. പ്രത്യേകം പരിശീലനം ലഭിച്ച ക്രിമിനലുകളാണ് കൊലപാതകം നടത്തിയത്. ഹരിദാസിനെ കൊലപ്പെടുത്തിയതിന് പിന്നിൽ കേരളത്തിൽ അരാജകത്വം സൃഷ്ടിക്കാനുള്ള ശ്രമമമാണെന്നും കോടിയേരി പറഞ്ഞു.

ഹരിദാസിനെ ക്രൂരമായി ആക്രമിക്കുകയും കാല് വെട്ടിമാറ്റുകയും ചെയ്തിരുന്നു. പ്രത്യേക പരിശീലനം ലഭിച്ച ക്രിമിനലുകളാണ് ഇതിന് പിന്നിൽ. രണ്ട് മാസം മുൻപ് ആർഎസ്എസ് കേരളത്തിൽ ഒരാഴ്ച നീണ്ടുനിന്ന പരിശീലന ക്യാമ്പ് സംഘടിപ്പിച്ചിരുന്നു. ഈ ക്യാമ്പിൽ മൂവായിരത്തോളം പേർക്ക് പരിശീലനം നൽകി. ഇത്തരത്തിൽ പരിശീലനം ലഭിച്ചവരാണ് ഹരിദാസിനെ കൊലപ്പെടുത്തിയതെന്ന് കോടിയേരി പറഞ്ഞു.

ബിജെപി നേതൃത്വത്തിന്റെ അറിവോടെയാണ് കൊലപാതകം നടത്തിയത്. കേരളത്തെ കലാപ ഭൂമിയാക്കാൻ ലക്ഷ്യമിട്ടാണ് ആക്രമണങ്ങൾ നടത്തുന്നത്. ​ഗൂഢാലോചന നടത്തിയവരെ കണ്ടെത്തണം. കൊലപാതകം ചെയ്തവർ തന്നെ പോലീസിന്റെ വീഴ്ചയാണെന്ന് ആരോപിച്ച് അരാജകത്വം സൃഷ്ടിക്കാനാണ് ശ്രമിക്കുന്നത്. ആർഎസ്എസ്-ബിജെപി സംഘം കൊലക്കത്തി താഴെ വച്ചിട്ടില്ലെന്നാണ് തെളിയുന്നത്. എന്നാൽ ഇത്തരം പ്രവൃത്തികൾ കൊണ്ട് സിപിഎമ്മിനെ വിരട്ടാമെന്ന് കരുതരുതെന്നും കോടിയേരി പറഞ്ഞു. ഇത്തരം ആക്രമണങ്ങളെ അതിജീവിച്ചാണ് സിപിഎം വളര്‍ന്നത്. ഇതിനെയും അതിജീവിക്കാനുള്ള കരുത്ത് സിപിഎമ്മിനുണ്ടെന്നും കോടിയേരി പറഞ്ഞു.

കൊലപാതക സംഘങ്ങളുടെ പ്രകോപനത്തില്‍ വീഴാതെ സംയമനം പാലിക്കാന്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ പ്രത്യേകം ശ്രദ്ധിക്കണം. കണ്ണൂരില്‍ പാര്‍ട്ടി കോണ്‍ഗ്രസുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ നല്ലരീതിയില്‍ നടന്നുവരികയാണ്. ഇന്ന് സിപിഎം സംസ്ഥാന സമ്മേളനത്തിന്റെ പതാകദിനമാണ്. അതെല്ലാം കണക്കിലെടുത്തായിരിക്കാം കൊലപാതകത്തിന് ഇന്നേ ദിവസം തീരുമാനിച്ചത്. തലശേരിയിലെ ഒരു കൗണ്‍സിലറുടെ പ്രസംഗത്തില്‍ പ്രദേശത്ത് രണ്ട് പേരെ കൊലപ്പെടുത്തുമെന്ന് വ്യക്തമാക്കിയിരുന്നു. ഇത് ഗൂഡാലോചനയുടെ തെളിവാണെന്നും കോടിയേരി പറഞ്ഞു.

ഒരാഴ്ച മുമ്പ് ഉത്സവവുമായി ബന്ധപ്പെട്ട് പുന്നോലിൽ സിപിഎം-ബിജെപി പ്രവർത്തകർ തമ്മിൽ സംഘർഷമുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് ഹരിദാസനെ കൊലപ്പെടുത്തിയത്. തലശേരി കൊമ്മൽ വാർഡിലെ കൗൺസിലർ വിജേഷ് ഉത്സവത്തിന് പിന്നാലെ നടത്തിയ പ്രതിഷേധ യോഗത്തിൽ നടത്തിയത് പ്രകോപനപരമായ പ്രസംഗമാണെന്നും സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി.ജയരാജൻ പ്രതികരിച്ചു.

തലശേരിയിൽ സിപിഎം പ്രവർത്തകനെ വെട്ടിക്കൊന്ന സംഭവം ആസൂത്രിതമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവന്‍ പറഞ്ഞു. ആർഎസ്എസാണ് കൊലയ്ക്ക് പിന്നിലെന്ന് എ വിജയരാഘവൻ ആരോപിച്ചു. സമാധാന അന്തരീക്ഷം തകർക്കാനുള്ള ആർഎസ്എസിന്റെ ​ഗൂഢനീക്കമാണിത്. സിപിഎം യാതൊരു പ്രകോപനവും നടത്തിയിട്ടില്ലെന്നും നാട്ടില്‍ കലാപം ഉണ്ടാക്കാന്‍ ആര്‍എസ്എസ് ശ്രമിക്കുകയാണെന്നും വിജയരാഘവന്‍ പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
 

Trending News