Four year graduation course: ജൂലൈ ഒന്നുമുതല്‍ സംസ്ഥാനത്തെ കോളേജുകളിൽ നാല് വർഷത്തെ ബിരുദ കോഴ്സ്

Graduation course: ജൂൺ 15നകം ട്രയൽ റാങ്ക് ലിസ്റ്റും അവസാന റാങ്ക് ലിസ്റ്റും പ്രസിദ്ധീകരിക്കും. ജൂൺ 20 മുതൽ പ്രവേശനം ആരംഭിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

Written by - Zee Malayalam News Desk | Last Updated : May 10, 2024, 02:27 PM IST
  • മെയ് 20ന് മുമ്പ് അപേക്ഷ ക്ഷണിക്കും
  • ജൂൺ 15നകം ട്രയൽ റാങ്ക് ലിസ്റ്റും അവസാന റാങ്ക് ലിസ്റ്റും പ്രസിദ്ധീകരിക്കും
  • ജൂൺ 20 മുതൽ പ്രവേശനം ആരംഭിക്കുമെന്നും മന്ത്രി വ്യക്തമാക്കി
Four year graduation course: ജൂലൈ ഒന്നുമുതല്‍ സംസ്ഥാനത്തെ കോളേജുകളിൽ നാല് വർഷത്തെ ബിരുദ കോഴ്സ്

ജൂലൈ ഒന്നിന് ഈ വർഷം നാലുവർഷബിരുദ പ്രോഗ്രാമിൻ്റെ ക്ലാസുകൾ ആരംഭിക്കുമെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു. മെയ് 20ന് മുമ്പ് അപേക്ഷ ക്ഷണിക്കും. ജൂൺ 15നകം ട്രയൽ റാങ്ക് ലിസ്റ്റും അവസാന റാങ്ക് ലിസ്റ്റും പ്രസിദ്ധീകരിക്കും. ജൂൺ 20 മുതൽ പ്രവേശനം ആരംഭിക്കുമെന്നും മന്ത്രി വ്യക്തമാക്കി. കേരളത്തിൻ്റെ ഉന്നതവിദ്യാഭ്യാസ മേഖലയിലെ സുപ്രധാനമായ ചുവടുവെപ്പ് എന്ന നിലയിൽ നാലുവർഷ ബിരുദ പദ്ധതിയുടെ ലോഞ്ചിങ് സംസ്ഥാനത്തെ മുഴുവൻ സർവ്വകലാശാലകളിലും കോളേജുകളിലും വിപുലമായി സംഘടിപ്പിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

എന്താണ് കേരളത്തിൻറെ നാലുവർഷ ബിരുദം?

നിലവിലെ മൂന്നുവർഷ ബിരുദത്തിൽ നിന്ന് അധികമായി ഒരു വർഷം പഠിക്കുക എന്നതല്ല നാലുവർഷ ബിരുദം കൊണ്ട് ഉദ്ദേശിക്കുന്നത്. പുതിയ കാലത്തിനാവശ്യമായ കഴിവുകൾ വിദ്യാർത്ഥികൾക്ക് വികസിപ്പിക്കാൻ അവസരം ഒരുക്കുക എന്നതാണ് പുതിയ സംവിധാനത്തിലെ ഊന്നൽ. വിദ്യാർത്ഥികൾക്ക് സ്വതന്ത്രമായി ഉന്നതപഠനത്തിൽ മുന്നേറാൻ അവസരം ഒരുക്കലാണിതിന്റെ പരമപ്രധാനലക്ഷ്യം. 

ഉന്നതവിദ്യാഭ്യാസത്തിൽ സ്വന്തം അഭിരുചിക്കൊത്ത പാത തിരഞ്ഞെടുക്കാനാവുമ്പോഴാണ് വിവിധ വിഷയങ്ങളിൽ ഏറ്റവും സർഗ്ഗാത്മകമായ ഫലങ്ങളുണ്ടാക്കാൻ കഴിവുള്ളവരായി വിദ്യാർത്ഥികൾക്ക് കലാലയങ്ങളിൽനിന്നും പുറത്തിറങ്ങാനാവുക. വിദ്യാർത്ഥികൾക്ക് ആ സ്വാതന്ത്ര്യം ഉറപ്പാക്കിക്കൊണ്ട്, പുതിയ കാലത്തെ അക്കാഡമിക് - കരിയർ താല്പര്യങ്ങൾക്കനുസരിച്ചു സ്വന്തം ബിരുദം രൂപകൽപന ചെയ്യാനാണ് പുതിയ സംവിധാനാം സൗകര്യമൊരുക്കുന്നത്.

ഉദാഹരണത്തിന്, നിലവിൽ കെമിസ്ട്രിയോടൊപ്പം ഫിസിക്‌സും കണക്കും നിർബന്ധമായി പഠിക്കേണ്ടതുണ്ടെങ്കിൽ, പുതിയ സംവിധാനത്തിൽ അത് കെമിസ്ട്രിയോടൊപ്പം ഫിസിക്‌സും ഇലക്ട്രോണിക്‌സും ചേർന്നോ, അല്ലെങ്കിൽ സാഹിത്യവും സംഗീതാവും ചേർന്നോ, അതുമല്ലെങ്കിൽ കെമിസ്ട്രി മാത്രമായോ പഠിക്കാനുള്ള അവസരം നൽകും. അവരവരുടെ  അഭിരുചിക്കനുസരിച്ചു പഠനം രൂപകല്പന ചെയ്യാൻ കലാലയങ്ങളിൽ അക്കാഡമിക് കൗൺസിലർമാർ പുതിയ സംവിധാനത്തിന്റെ ഭാഗമായുണ്ടാവും. 

മൂന്നു വർഷം കഴിയുമ്പോൾ ബിരുദവും നാലു വർഷം കഴിയുമ്പോൾ ഓണേഴ്‌സ് ബിരുദവും ലഭിക്കുന്നതാണ് പുതിയ സംവിധാനത്തിന്റെ പ്രത്യേകത. സാമൂഹ്യമായി അരികുവത്കരിക്കപ്പെടുന്ന വിദ്യാർത്ഥികളുടെയും പെൺകുട്ടികളുടെയും കൊഴിഞ്ഞുപോക്ക് ഒഴിവാക്കുക എന്നതാണു ഇതിലെ പ്രധാന കാഴ്ചപ്പാട്. മിടുക്കരായ വിദ്യാർത്ഥികൾക്ക് രണ്ടര വർഷം കൊണ്ടുതന്നെ ബിരുദം പൂർത്തീകരിക്കാനുള്ള അവസരം (എൻ മൈനസ് വൺ സംവിധാനം) ഉണ്ടാകുമെന്നും മന്ത്രി വ്യക്തമാക്കി. അതുപോലെ, പഠനത്തിനിടക്ക് തന്നെ താൽപര്യമുള്ള വിദ്യാർത്ഥികൾക്ക് അന്തർസർവ്വകലാശാല മാറ്റത്തിനുള്ള അവസരവുമുണ്ടാകും.

വിഷയങ്ങളുടെ കോമ്പിനേഷൻ തിരഞ്ഞെടുക്കുന്നതിലെ സ്വാതന്ത്ര്യത്തോടൊപ്പം പുതിയ സംവിധാനം മറ്റൊരു പ്രധാന ആകർഷണവും ഒരുക്കുന്നുണ്ട്. റെഗുലർ കോളേജ് പഠനത്തോടൊപ്പം ആവശ്യമെങ്കിൽ വിദ്യാർത്ഥികൾക്ക് ഓൺലൈൻ ആയിപ്പോലും കോഴ്സുകളെടുക്കാനും, അതിലൂടെ ആർജ്ജിക്കുന്ന ക്രെഡിറ്റുകൾ ബിരുദ/ഓണേഴ്‌സ് കോഴ്‌സ് പൂർത്തീകരിക്കാൻ ഉപയോഗപ്പെടുത്താനും സാധിക്കും. ലോകത്തിന്റെ ഏതു ഭാഗത്തു നിന്ന് വിദ്യാർത്ഥികൾ ആർജിച്ച ക്രെഡിറ്റും അവരുടെ പഠന പ്രോഗ്രാമിന്റെ ഭാഗമായി മാറ്റാൻ സംവിധാനം ഉണ്ടാകും. നൈപുണ്യം വർധിപ്പിക്കാനുള്ള പരിശീലനങ്ങൾ കോഴ്സിന്റെ ഭാഗമാക്കുന്നതോടൊപ്പം, അതിനായി സ്വീകരിക്കുന്ന ഇന്റേൺഷിപ്പ് അടക്കം ബിരുദം/ഓണേഴ്‌സ് നേടാനുള്ള ക്രെഡിറ്റിലേക്ക് മുതൽക്കൂട്ടാനും സാധിക്കും. 

നിലവിലെ അദ്ധ്യാപന, പഠന രീതികളിൽ നിന്നും സമൂലമായ മാറ്റമാണ് ഇതോടെ വരുന്നത്.  ഓരോ വിഷയവും സവിശേഷമായി പരിഗണിച്ച്, അതിനാവശ്യമായ പഠനരീതികൾ കോഴ്‌സുകളിൽ അവലംബിക്കാൻ സ്വാതന്ത്ര്യം ഒരുക്കുകയാണ് പുതിയ സംവിധാനം. ഓരോ കലാലയത്തിന്റെയും പ്രത്യേകതകൾക്കനുസരിച്ചു രീതികൾ തിരഞ്ഞെടുക്കാനും സ്വാതന്ത്ര്യമുണ്ടാകും. അതായത് ഒരു സർവ്വകലാശാലക്ക് കീഴിലെ ഒരു കോളേജിൽ നടത്തപ്പെടുന്ന പോലെ ആവണമെന്നില്ല ഒരു കോഴ്‌സോ വിഷയമോ മറ്റൊരു കോളേജിൽ പഠിപ്പിക്കപ്പെടുക. ഈ രൂപകല്പനയിലും വിദ്യാർത്ഥികളുടെ മികച്ച രീതിയിലുള്ള പങ്കാളിത്തം ഉണ്ടാകും. അത് അധ്യാപകർ ഉറപ്പാക്കുന്ന വിധത്തിലാവും പുതിയ സംവിധാനം. 

പഠനം ഇതോടെ ക്ലാസ്സ്‌മുറികളിൽ മാത്രം ഒതുങ്ങുന്ന ഒന്നാവില്ല. വിദ്യാർത്ഥി നേടിയെടുക്കേണ്ട ജ്ഞാനവും അതോടൊപ്പം നൈപുണിയും ഉറപ്പാക്കുന്ന വിധത്തിലാണ് ഓരോ കോഴ്സും രൂപകല്പന ചെയ്യപ്പെടുക. സാമൂഹ്യശാസ്ത്ര, മാനവിക, ഭാഷ വിഷയങ്ങളിലും ആവശ്യമെങ്കിൽ ഇതിനുവേണ്ടി പ്രാക്ടിക്കൽ ഉൾപ്പെടുത്തും. പരീക്ഷ-മൂല്യനിർണയ രീതികളിലും സമൂലമായ മാറ്റമാണ് ഇതോടെ വരിക. പരീക്ഷാദൈർഘ്യം കുറക്കുന്നതോടൊപ്പം, ഓരോ വിഷയത്തിന്റെയും സ്വഭാവമനുസരിച്ചു അതിലൂടെ വിദ്യാർത്ഥി കോഴ്‌സിലൂടെ ആർജ്ജിച്ച ജ്ഞാനവും, ഒപ്പം നൈപുണിയും പരിശോധിക്കുന്ന തരത്തിലാണ് ഇനി പരീക്ഷയുണ്ടാവുക.

കേവലം എഴുത്തു പരീക്ഷയാവില്ല ഇനി. വിവിധങ്ങളായ രീതികളിലൂടെ വിദ്യാർത്ഥികളുടെ കഴിവിനെ പരിശോധിക്കുന്ന സംവിധാനമാണ് വിഭാവനം ചെയ്തിരിക്കുന്നത്. ഭിന്നശേഷി വിഭാഗങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾക്ക് പ്രത്യേക പരീക്ഷാരീതികൾ ഉണ്ടാകും. ഇതിനെല്ലാമാവശ്യമായ രീതിയിൽ സർവകലാശാല നിയമങ്ങളും ചട്ടങ്ങളും പരിഷ്കരിക്കുകയാണ്. സർവ്വകലാശാലകൾ കരിക്കുലവും റെഗുലേഷനും തയാറാക്കുക, സിലബസും പരീക്ഷയും മൂല്യനിർണയവും കോളേജുകളിൽ തന്നെ നടത്തപ്പെടുക എന്ന പരീക്ഷാപരിഷ്കരണ കമീഷൻ ശുപാർശയാണ് സർക്കാർ ഇക്കാര്യത്തിൽ പൊതുവായി സ്വീകരിച്ചിരിക്കുന്നത്. 

ആദ്യഘട്ടം എന്ന നിലയിൽ എല്ലാ കോഴ്‌സുകളുടെയും ഇരുപതു ശതമാനം സിലബസ് പഠിപ്പിക്കുന്ന അധ്യാപകർ തന്നെ തയ്യാറാക്കും. ഇത് പിന്നീട് ഘട്ടംഘട്ടമായി ഉയർത്തും. ഇതിലൂടെ കോഴ്സുകൾക്ക് ആവശ്യമെങ്കിൽ എല്ലാ വർഷവും സ്വയം നവീകരിക്കാനും പുതിയ ഉള്ളടക്കങ്ങൾ സിലബസിൽ ഉൾപ്പെടുത്താനും സാധിക്കും. അതുപോലെ, ഓരോ ക്യാമ്പസിന്റെയും പ്രത്യേകത അനുസരിച്ചു ആവശ്യമായ ഉള്ളടക്കം ചേർക്കാനും നൈപുണി പോലെയുള്ള ഘടകങ്ങൾ ആവശ്യാനുസരണം ഉൾപ്പെടുത്താനും സാധിക്കും.

സേവനാവകാശ പത്രിക, ഹെൽപ്പ് ഡെസ്കുകൾ, ഏകീകൃത കലണ്ടർ

അക്കാഡമിക് സമൂഹത്തിനു അതിവേഗം സേവനം ഉറപ്പു വരുത്തുക എന്നതാണ് ഏറ്റവും മുൻഗണനയോടെ ലക്‌ഷ്യം വെക്കുന്നത്. സേവനങ്ങൾക്കായി വിദ്യാർത്ഥികൾ സർവ്വകലാശാല ഓഫീസുകൾ നടന്നു മടുക്കുന്ന സാഹചര്യം ഒഴിവാക്കും. കോഴ്സുകളുടെ തിരഞ്ഞെടുപ്പ് സംബന്ധിച്ചുള്ളതടക്കം വിദ്യാർത്ഥികളുടെ ഏതു സംശയങ്ങളും പ്രയാസങ്ങളും കാലതാമസമൊട്ടും കൂടാതെ പരിഹരിക്കാൻ സഹായത്തിനായി സർവ്വകലാശാലാ തലത്തിലും കോളേജ് തലങ്ങളിലും ഹെൽപ്പ് ഡെസ്കുകൾ പുതിയ സംവിധാനത്തിന്റെ ഭാഗമായൊരുക്കും. പരമാവധി സേവനങ്ങൾ ഓൺലൈനാക്കും. 

പരീക്ഷകൾ, ഫലങ്ങൾ, മാർക്ക് ലിസ്റ്റുകൾ, സർട്ടിഫിക്കറ്റുകൾ തുടങ്ങിയവയുടെ കാര്യങ്ങളിലെല്ലാം ഉദ്യോഗസ്ഥനടപടിക്രമങ്ങളുടെ കെട്ടുകൾ പരമാവധി ഒഴിച്ചെടുക്കാനുള്ള സംവിധാനങ്ങളും ഇതോടൊപ്പം കൊണ്ടുവരികയാണ്. വിദ്യാർത്ഥികളുടെയും അദ്ധ്യാപകരുടെയും സേവനാവകാശ പത്രികയും ഏകീകൃത അക്കാദമിക് കലണ്ടറും കൊണ്ടുവരുന്നത് ഇക്കാര്യങ്ങളിൽ ഏറ്റവും വിപ്ലവകരമായ മാറ്റങ്ങളുണ്ടാക്കും. പരീക്ഷയും ഫലപ്രഖ്യാപനവും സർട്ടിഫിക്കറ്റ് വിതരണവും അടക്കം വിദ്യാർത്ഥികൾക്കു വേണ്ട സേവനങ്ങളും അവകാശങ്ങളും സർവ്വകലാശാലാ വ്യത്യാസമില്ലാത്ത കൃത്യമായും സമയബന്ധിതമായും നടപ്പാവുമെന്ന് ഉറപ്പാക്കുന്നതാവും ഏകീകൃത അക്കാദമിക് കലണ്ടർ.   

എല്ലാ കലാലയങ്ങളിലും നൈപുണ്യ വികസന കേന്ദ്രങ്ങൾ

നൈപുണ്യവിടവ് (skill gap) പരിഹരിക്കുന്നതിനെ പുതിയ സംവിധാനം മുന്തിയ മുൻഗണനയോടെ ഏറ്റെടുക്കുകയാണ്. നൈപുണ്യ വിടവ് നികത്തുന്നതിനായി ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹ്രസ്വകാല വ്യവസായ സംബന്ധിയായ കോഴ്‌സുകൾ ആരംഭിക്കും. എല്ലാ തലങ്ങളിലെയും ഉന്നതവിദ്യാഭ്യാസത്തിലേക്ക് നൈപുണ്യത്തെ സമന്വയിപ്പിക്കുന്നതിനായി എല്ലാ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലും നൈപുണ്യ വികസനത്തിനായി ഒരു കേന്ദ്രം യുജിസി മാർഗ്ഗനിർദ്ദേശങ്ങൾക്കനുസൃതമായി സ്ഥാപിക്കും.

പ്രൊഫഷണൽ നൈപുണ്യ പരിശീലന ഏജൻസികളുമായി സഹകരിച്ച് എല്ലാ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലും നൈപുണ്യവികസന കോഴ്സുകളും കരിയർ പ്ലാനിംഗും നടത്തുന്നതിനാവും ഈ സ്ഥാപനങ്ങൾ. Centre for Skill Development Courses and Career Planning (CSDCCP) എന്ന പേരിൽ സ്വയംപര്യാപ്ത രീതിയിലാണിവ സ്ഥാപിക്കുക. നാലുവർഷ ബിരുദ പ്രോഗ്രാമിന്റെ മൈനർ കോഴ്‌സുകൾക്ക് പകരമായി ഈ ഹ്രസ്വകാല നൈപുണ്യ വികസന കോഴ്‌സുകളിലൂടെ നേടിയ ക്രെഡിറ്റുകൾ വിദ്യാർത്ഥികൾക്ക് ഉപയോഗിക്കാനാവും. ഓരോ വിദ്യാർത്ഥിയുടെയും അക്കാദമിക്  അക്കാദമിക് ബാങ്ക് ഓഫ് ക്രെഡിറ്റ് (എബിസി) അക്കൗണ്ടിലേക്ക്  ഈ കേന്ദ്രത്തിൽനിന്നും സമ്പാദിച്ച ക്രെഡിറ്റുകൾ നിക്ഷേപിക്കും, അതിന്റെ അടിസ്ഥാനത്തിൽ സർട്ടിഫിക്കറ്റ്  നല്കുകയും ചെയ്യും. 

ഈ നൈപുണ്യവികസന കേന്ദ്രങ്ങൾ സ്ഥാപിക്കുന്നതിന് അനുയോജ്യമായ പ്രൊഫഷണൽ നൈപുണ്യ പരിശീലന ഏജൻസികളെ സർക്കാർതലത്തിൽ തിരഞ്ഞെടുക്കും. ഈ കേന്ദ്രങ്ങൾ വാഗ്ദാനം ചെയ്യുന്ന കോഴ്സുകൾ നിർദ്ദിഷ്ട പ്രാദേശിക/വ്യവസായ ആവശ്യങ്ങൾ നിറവേറ്റുക മാത്രമല്ല ചെയ്യുക. വിദ്യാർത്ഥികൾക്കെന്ന പോലെ, പൂർവ്വവിദ്യാർത്ഥികൾക്കും പൊതുജനങ്ങൾക്കും വിവിധ തലത്തിലുള്ള നൈപുണിവികസനത്തിനും (skilling, upskilling, reskilling) പ്രത്യേക തൊഴിൽപരിശീലനത്തിനും ഈ കേന്ദ്രങ്ങൾ സഹായമേകും.

ഇതുവഴി സംസ്ഥാനത്തെ മൊത്തത്തിലുള്ള ഉന്നതവിദ്യാഭ്യാസ പരിതസ്ഥിതി ഉയർത്താനും വിദഗ്ദ്ധ പ്രൊഫഷണലുകളുടെ ഉയർന്നുവരവിനും ഈ കേന്ദ്രങ്ങൾ സംഭാവന നൽകും. ഈ ഹ്രസ്വകാലനൈപുണ്യ വികസന കോഴ്‌സിനായുള്ള പാഠ്യപദ്ധതി സംസ്ഥാനതലത്തിൽ വികസിപ്പിച്ചെടുക്കും. സർവ്വകലാശാലകൾ അവരുടെ അക്കാദമിക് കൗൺസിൽ അഥവാ തത്തുല്യയോഗ്യതയുള്ള ബോഡികൾ വഴി അവയ്ക്ക് അംഗീകാരം നൽകും.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News