KSRTC Hindi Controversy: കെഎസ്ആർടിസിയിൽ മലയാളം ബോർ‍ഡ്; വിവാദ ട്വീറ്റുമായി പചക വിദഗ്ധ; 'ദേശീയ' ശ്രദ്ധയിൽ ആനവണ്ടി

KSRTC Malayalam Controversy:  കെഎസ്ആർടിസി ബസിൽ മലയാളത്തിൽ ബോർഡ് വച്ചതിനെയാണ് പാചക വിദഗ്ധയായ നളിനിഉനഗർ 'അറഗന്റ് കേരള' എന്ന് വിശേഷിപ്പിച്ചത്.

Written by - ടിറ്റോ തങ്കച്ചൻ | Last Updated : May 2, 2024, 11:57 AM IST
  • ബസിൽ എഴുതിയിരിക്കുന്ന ഭാഷയല്ല പ്രശ്നമെന്നും, ഹിന്ദി അറിഞ്ഞിട്ടും മറുപടി ഹിന്ദിയിൽ നൽകാത്തതാണ് വിഷയമെന്നാണ് നളിനിയുടെ വിശദീകരണം
  • ആറ് വർഷം മുമ്പ് നടന്ന സംഭവത്തെ കുറിച്ചാണ് പറഞ്ഞതെന്നും നളിനി
  • ഇതും വലിയ വിമർശനത്തിന് വഴിവച്ചു
KSRTC Hindi Controversy: കെഎസ്ആർടിസിയിൽ മലയാളം ബോർ‍ഡ്; വിവാദ ട്വീറ്റുമായി പചക വിദഗ്ധ; 'ദേശീയ' ശ്രദ്ധയിൽ ആനവണ്ടി

മലയാളികളുടെ സമൂഹമാധ്യമങ്ങളിൽ കഴിഞ്ഞ രണ്ട് ദിവസമായി നിറഞ്ഞോടുകയാണ് KL-15-A 763 എന്ന കെഎസ്ആർടിസി ബസ്. തിരുവനന്തപുരം മേയർ ആര്യയും ഭർത്താവും ബാലുശേരി എംഎൽഎയുമായ സച്ചിൻ ദേവും ചേ‌ർന്ന് ഈ കെഎസ്ആർടിസി ബസ് തടഞ്ഞതുമായി ബന്ധപ്പെട്ട വാർത്തകൾ ഇനിയും കെട്ടടങ്ങിയിട്ടില്ല. എന്നാൽ KL-15-A-2228 എന്ന സൂപ്പർ ഫാസ്റ്റ് ബസ്സാണ് എക്സിലെ (ട്വിറ്ററിലെ) ഇപ്പോഴത്തെ താരം. 

ചെല്ലാനം, തൊപ്പുംപടി വഴി കറങ്ങി കേരളത്തിലെ ചൂടിന്റെ തലസ്ഥാനമായ പാലക്കാട് വഴി കോയമ്പത്തൂരിലേക്ക് പോകുന്ന ബസാണ് ഇത്. നല്ല വടിവൊത്ത മലയാള ഭാഷയിൽ ബസിന് മുമ്പിൽ ബോർഡും  എഴുതി വച്ചിട്ടുണ്ട്. ഇതിലൊക്കെ എന്താണ് വിവാദമെന്ന് ചോദിച്ചാൽ നളിനി ഉനഗർ എന്ന പാചക വിദഗ്ധയുടെ ട്വീറ്റ് കാണണം. 'അറഗന്റ് കേരള' എന്ന പേരിൽ അവർ കെഎസ്ആർടിസി ബസിന്റെ പടം പോസ്റ്റ് ചെയ്ത ശേഷം ഇങ്ങനെ പറയുന്നു. "അവർ എല്ലാം അവരുടെ ഭാഷയിൽ എഴുതി വച്ചിട്ടുണ്ട്. വിനോദസഞ്ചാരികൾക്ക് ഇത് മനസിലാകാൻ സാധിക്കുകയേയില്ല. അവരോട് എന്തെങ്കിലും ഹിന്ദിയിൽ ചോദിച്ചാൽ മറുപടിയും പറയില്ല". പോരെ പൂരം...നളിനിയെ വിമർശിച്ചും അനുകൂലിച്ചും പിന്നെ ട്വീറ്റുകളുടെ ഒഴുക്കായിരുന്നു. ഈ കഴിഞ്ഞ ഏപ്രിൽ 29 നാണ് നളിനി ഈ ട്വീറ്റ് ചെയ്തിരിക്കുന്നത്.

 

ഉടൻ തന്നെ മറുപടിയായി ഗുജറാത്തിൽ നിന്നുള്ള ബസിന്റെ ഗുജറാത്തി ഭാഷയിലെ ബോർഡിന്റെ പടം എത്തി. "അറഗന്റ് കേരള" എന്നതിന് പകരം "അറഗന്റ് ഗുജറാത്ത്" എന്ന് മാത്രമേ ചിത്രം പോസ്റ്റ് ചെയ്ത സന്ദീപ് മനുദനയ്ക്ക് നളിനിയുടെ പോസ്റ്റിൽ നിന്നും  തിരുത്തേണ്ടി വന്നുള്ളു. ഉടനെ നളിനിയുടെ മറുപടി. ബസിൽ എഴുതിയിരിക്കുന്ന ഭാഷയല്ല പ്രശ്നമെന്നും, ഹിന്ദി അറിഞ്ഞിട്ടും മറുപടി ഹിന്ദിയിൽ നൽകാത്തതാണ് വിഷയമെന്നും വിശദീകരണം. മലയാളത്തിലെ ബോർ‍ഡുകൾ വായിക്കാൻ പറ്റാതിരുന്ന നളിനി അവിടെ തന്നെ ഹിന്ദി പത്രം വായിച്ചുകൊണ്ടിരുന്ന ഒരാളോട് വിവരങ്ങൾ തിരക്കിയപ്പോൾ അവർ മറുപടി നൽകിയില്ലെന്നും, അതെ സമയം ചോദ്യം ഇംഗ്ലീഷിൽ ആക്കിയപ്പോൾ മറുപടി തന്നുവെന്നും നളിനി. എന്നാൽ അരി ഭക്ഷണം ശീലമാക്കിയ മലയാളികളോ ദക്ഷിണേന്ത്യക്കാരോ അങ്ങനെ സംഭവിക്കാൻ ചാൻസില്ലല്ലോയെന്ന പക്ഷക്കാരാണ്. 

സാങ്കേതിക വിദ്യയുടെ കുതിച്ചു ചാട്ടം നടക്കുന്ന ഈ കാലത്തിൽ എന്തുകൊണ്ടാണ് നളിനി അത് ഉപയോഗിക്കാത്തതെന്നും ഗൂഗിൾ ഇല്ലെ സഹായിക്കാനെന്നും മറ്റൊരു വിരുതൻ. ഗൂഗിൾ ലെൻസിലൂടെ മലയാളം നല്ല വെടിപ്പായി നളിനിക്ക് ഹിന്ദിയിലേക്കോ ഗുജറാത്തിയിലേക്കോ മാറ്റാമല്ലോയെന്നും ചിത്രം സഹിതം പോസ്റ്റ് ചെയ്‌തുള്ള മറുപടിയും. അതുപിന്നെ ഇതു ഞാൻ ആറ് വർഷം മുമ്പെയെടുത്ത പടമാണെന്നും അന്ന് ഗൂഗിളിന് ഇതൊന്നും ചെയ്യാൻ പറ്റില്ലെന്നുമായി നളിനി. അയ്യടി മനമേ അങ്ങനെ പറയെന്ന് പറഞ്ഞു പിന്നെ പൊങ്കാല. ആറു വർഷം മുൻപ് നടന്ന കാര്യം എന്തിന് ഇപ്പോ കുത്തിപ്പൊക്കിയെന്ന് ഉത്തര-ദക്ഷിണ വത്യാസമില്ലാതെ എല്ലാവരും നളിനിയോട് ചോദിച്ചു.

ഹിന്ദി ഭാഷ അടിച്ചേൽപ്പിക്കുന്നതിനെ കർശനമായി നേരിട്ട തമിഴ്നാട്ടിൽ നിന്നാണ് മറ്റൊരു രസകരമായ കമന്റ്. 

"കേരളത്തിൽ വന്ത് ഹിന്ദിയിൽ കേട്ടാൻ എപ്പടി ബദൽ സൊല്ലുവാങ്ക്. ഗുജറാത്തിൽ വന്ത് മലയാളത്തിൽ പേശിനാൽ നീങ്ക ബദൽ സൊല്ലുവാങ്കളാ...". 

മലയാളത്തിലേക്ക് തർജമ ചെയ്യാതെ തന്നെ മലയാളികൾക്ക് മനസിലാകുന്ന മാസ് മറുപടി സെൻ ബാലൻ എന്നയാൾ നൽകി. മലയാളികൾ എല്ലാ നാട്ടുകാരെയും ഭാഷയ്ക്കും ദേശത്തിനും ഉപരിയായി സ്വീകരിക്കുന്നവരാണെന്നും അവരെ മോശമായി ചിത്രീകരിക്കാനാണ് നളിനിയുടെ ശ്രമമെന്നും മിക്കവരും ട്വീറ്റ് ചെയ്തു. ആറു വർഷം മുമ്പുള്ള ചിത്രം ഇലക്ഷൻ സമയത്ത് കുത്തിപൊക്കിയതിനെയും ചിലർ വിമർശിക്കുന്നു.

വയനാട് എംപിക്ക് മലയാളം അറിയില്ലല്ലോ പിന്നെന്ത് പ്രശ്നമെന്ന് ചിലർ. കോൺഗ്രസ് എന്ന ഭാഷയല്ലാതെ മറ്റൊരു ഭാഷയും അവർക്ക് അറിയില്ലെന്ന് മറ്റൊരു കമന്റ്. സംഭവം രാഷ്ട്രീയ ചർച്ചകളിലേക്ക് നീങ്ങിയപ്പോഴാണ് എന്നാ പിന്നെ നളിനിയുടെ ബാക്കിയുള്ള ട്വീറ്റുകളിൽ കൂടിയൊന്ന് കണ്ണോടിക്കാമെന്ന് വച്ചത്.  നളിനിയുടെ മറ്റ് ട്വീറ്റുകളിൽ നിന്ന് അവരുടെ രാഷ്ട്രീയം കൃത്യമായി വായിച്ചെടുക്കാം. കേജ്രിവാളിനെ അറസ്റ്റ് ചെയ്തപ്പോൾ ഭാര്യ സർക്കാർ സംവിധാനം ഉപയോഗിച്ച് വാർത്ത സമ്മേളനം നടത്തിയതിനെ ചിത്രം സഹിതം പോസ്റ്റ് ചെയ്ത് ചോദ്യം ചെയ്യുന്നുണ്ട് നളിനി. മമത ബാനർജിക്ക് പരുക്ക് പറ്റി ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോഴുള്ള ചിത്രത്തോടൊപ്പമുള്ള നളിനിയുടെ ചോദ്യം ഇങ്ങനെ.

"ആശുപത്രിയിൽ എത്തിച്ച മുഖ്യമന്ത്രിയുടെ മുറിവിലെ രക്തം വാർന്നു പോകുന്നത് നിർത്താതെ ഒരു ഡോക്ടർക്ക് എങ്ങനെ ചിത്രങ്ങളെടുക്കാൻ സാധിക്കും."

കെഎസ്ആർടിസി പോസ്റ്റ് ഏണിയായതോടെ വിശദീകരണവുമായി നളിനി രംഗത്ത് വന്നു. മലയാളം ഉൾപ്പെടെയുള്ള ദക്ഷിണേന്ത്യൻ ഭാഷയിലെ പോസ്റ്റ് ഇങ്ങനെ…

"ഹിന്ദി ഭാഷ ഒരു സംസ്ഥാനത്തിനും അടിച്ചേൽപ്പിക്കുന്ന പ്രശ്നമില്ല. എല്ലാ സംസ്ഥാനങ്ങൾക്കും അവരുടെ മാതൃഭാഷ ഉപയോഗിക്കാനും പ്രോത്സാഹിപ്പിക്കാനും അവകാശമുണ്ട്, എന്നാൽ ഇന്ത്യയിൽ വ്യാപകമായി ഉപയോഗിക്കുന്നതിനാൽ ഹിന്ദി മികച്ച ആശയവിനിമയത്തിനുള്ള ഒരു പൊതു ഭാഷയായിരിക്കണം."

ഇതിന് പിന്നാലെ തന്നെ  ആർട്ടിക്കിൾ 351 അവർ പോസ്റ്റ് ചെയ്തിട്ടുമുണ്ട്. ഹിന്ദി ഭാഷയെ കേന്ദ്രം പ്രോത്സാഹിപ്പിക്കണമെന്ന് പറയുന്ന ഭാഗം അടിവരയിട്ട് രേഖപ്പെടുത്തിയ ചിത്രത്തിന്റെ ട്വീറ്റിൽ യൂണിൻ എന്നത് ഭക്ഷിണേന്ത്യ കൂടി ഉൾപ്പെടുന്നതാണെന്ന് അവർ അർഥംവച്ചു പറയുന്നു. ഭക്ഷിണേന്ത്യയെ വിഭജിച്ച് മറ്റൊരു രാജ്യമാക്കാൻ ശ്രമം നടക്കുന്നുണ്ടെന്ന സംഘപരിവാർ പ്രചാരണത്തോട് ചേരുന്ന തരത്തിലുള്ള ഒരു ട്വീറ്റ്. അതും തെരഞ്ഞെടുപ്പ് സമയത്ത്. 

എന്തായാലും ട്വിറ്ററിൽ പൊടിപൊടിക്കുന്ന കെഎസ്ആർടിസി ബോർഡിലെ മലയാളത്തിലെ സ്ഥലപ്പേരു വിഷയം തിരുവനന്തപുരത്തെ മെമ്മറി കാർഡ് കാണാതെ പോയ കെഎസ്ആർടിസി ബസിന്റെ പിന്നാലെ ഓടി ആര്യയ്ക്കും സച്ചിനും പിന്നെ യദുവിനും പിന്തുണ നൽകുന്ന മലയാളികൾ കാര്യമായി അറിഞ്ഞിട്ടില്ലെന്നതാണ് സത്യം.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News