Kodiyeri Balakrishnan: കോടിയേരിക്ക് വിട നൽകാനൊരുങ്ങി കേരളം; സംസ്കാരം നാളെ പയ്യാമ്പലത്ത് [Live]
സിപിഎം പൊളിറ്റ് ബ്യൂറോ അംഗവും മുൻ സംസ്ഥാന സെക്രട്ടറിയുമായിരുന്ന കോടിയേരി ബാലകൃഷ്ണൻ അന്തരിച്ചു.
സിപിഎം പൊളിറ്റ് ബ്യൂറോ അംഗവും മുൻ സംസ്ഥാന സെക്രട്ടറിയുമായിരുന്ന കോടിയേരി ബാലകൃഷ്ണൻ അന്തരിച്ചു. അർബുദ ബാധിതമായി ചെന്നൈ അപ്പോളോ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
Latest Updates
കോടിയേരി ബാലകൃഷ്ണൻ അധിക്ഷേപിച്ച പോലീസുകാരനെതിരെ നടപടി
തലശ്ശേരി ടൗണ്‍ഹാളില്‍ കോടിയേരി ബാലകൃഷ്ണന്റെ മൃതദേഹം പൊതുദർശനത്തിന് വെക്കുന്ന സമയം 12 മണിവരെയായി നീട്ടി. പത്തു മണിവരെയായിരുന്നു പൊതുദർശനത്തിന്റെ സമയം നിശ്ചയിച്ചിരുന്നത്.
കോടിയേരി ബാലകൃഷ്ണന്റെ മൃതദേഹം തലശ്ശേരി ടൗണ്‍ഹാളില്‍ പൊതുദര്‍ശനത്തിന് വെച്ചു. മുഖ്യമന്ത്രി പിണറായി വിജയനും മറ്റ് മുതിർന്ന നേതാക്കളും മൃതദേഹത്തിൽ ചെങ്കൊടി പുതപ്പിച്ച് അന്തിമോപചാരം അര്‍പ്പിച്ചു
കോടിയേരി ബാലകൃഷ്‌ണന്റെ മൃതദേഹവുമായി വിലാപയാത്ര തലശ്ശേരി ടൗൺഹാളിൽ എത്തി. ഇന്ന് മുഴുവൻ മൃതദേഹം തലശ്ശേരി ടൗൺഹാളിൽ പൊതു ദർശനത്തിന് വെക്കും. മുഖ്യമന്ത്രി ഉൾപ്പടെയുള്ള നേതാക്കൾ തലശ്ശേരി ടൗൺഹാളിൽ എത്തി ചേർന്നിട്ടുണ്ട്. മട്ടന്നൂരിലും തലശ്ശേരിയിലും വൻജനാവലിയാണ് ഉള്ളത്.
വിലാപ യാത്ര ആരംഭിച്ചു
കോടിയേരിയുടെ മൃതദേഹം വിലാപയാത്രയായി കണ്ണൂരിലേക്ക് കൊണ്ടുപോകുന്നു. റോഡിന് ഇരുവശവും ജനസാഗരം. പൊതുജനങ്ങൾക്ക് അന്തിമോപചാരം അർപ്പിക്കാൻ 14 ഇടങ്ങളിൽ സൗകര്യമൊരുക്കി.
നാളെ രാവിലെ 10 മുതൽ സിപിഎം ജില്ലാ കമ്മിറ്റി ഓഫീസായ അഴീക്കോടൻ സ്മാരക മന്ദിരത്തിൽ പൊതുദർശനം ഉണ്ടായിരിക്കും. കോടിയേരിയെ ഒരു നോക്കു കാണാൻ നാടിന്റെ നാനാഭാഗങ്ങളിൽ നിന്ന് വൻ ജനാവലിയാണ് എത്തിയിരിക്കുന്നത്. വിലാപയാത്ര കടന്നുപോകുന്ന സ്ഥലങ്ങളിൽ ഗതാഗതക്കുരുക്ക് ഉണ്ടാകാതിരിക്കാനും സുരക്ഷ ശക്തമാക്കാനും മൂന്ന് ജില്ലകളിലെ ജില്ലാ പോലീസ് മേധാവിമാരെ കൂടി നിയമിച്ചിട്ടുണ്ട്. തലശ്ശേരിയിലും പരിസരപ്രദേശങ്ങളിലും പൊലീസുകാരെ വിന്യസിച്ചിട്ടുണ്ട്. ദുഃഖസൂചകമായി നാളെ കണ്ണൂർ, തലശ്ശേരി ധർമ്മടം എന്നിവിടങ്ങളിൽ ഹർത്താലും സിപിഎം ആചരിക്കും
കോടിയേരിയുടെ മൃതദ്ദേഹം കണ്ണൂർ വിമാനത്താവളത്തിലെത്തിച്ചു. സിപിഎം ജില്ലാ സെക്രട്ടറി എം വി ജയരാജന്റെ നേതൃത്വത്തിൽ മൃതദേഹം ഏറ്റുവാങ്ങും. അധികം വൈകാതെ മൃതദേഹം റോഡ് മാർഗ്ഗം വിലാപയാത്രയായി തലശ്ശേരിയിലേക്ക് കൊണ്ടുപോകും. 14 ഇടങ്ങളിൽ പൊതുജനങ്ങൾക്ക് അന്ത്യാഭിവാദ്യം അർപ്പിക്കാൻ സൗകര്യം ഒരുക്കിയിട്ടുണ്ട്. മുഖ്യമന്ത്രി, എസ് ആർ പി ഉൾപ്പടെയുള്ള നേതാക്കൾ തലശ്ശേരി ടൗൺ ഹാളിൽ എത്തി. ഉച്ചക്ക് മൂന്ന് മണി മുതൽ തലശ്ശേരി ടൗൺഹാളിൽ പൊതുദർശനത്തിന് വെക്കും.
കമ്മ്യൂണിസ്റ്റ് മൂല്യത്തെ ഉയർത്തിപ്പിടിച്ച നേതാവ്
സാമൂഹ്യ ജീവിതത്തില്‍ വ്യത്യസ്ഥതയുള്ള ജീവിതരേഖ വരച്ചുവെച്ചാണ് കോടിയേരി വിടവാങ്ങിയതെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവന്‍.
കമ്മ്യൂണിസ്റ്റ് മൂല്യത്തെ ഉയര്‍ത്തിപ്പിച്ച നേതാവായിരുന്നു കൊടിയേരി. ഏറ്റവും മികച്ച നേതൃത്വമെന്നതാണ് കോടിയേരിയുടെ ഏറ്റവും വലിയ സംഭവനയെന്നും എ വിജയരാഘവന്‍ അനുസ്മരിച്ചു.സൗമ്യനും എല്ലാവരോടും സൗഹൃദം കാത്ത് സൂക്ഷിച്ചിരുന്ന ഒരു രാഷ്ട്രീയ നേതാവായിരുന്നു കോടിയേരി ബാലകൃഷണനെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. രാഷ്ട്രീയമായി ശക്തമായി വിയോജിപ്പുകൾ നിലനിർത്തുമ്പോഴും എല്ലാവരോടും സൗഹൃദത്തിനും ആശയ വിനിമയത്തിനും ശ്രമിച്ചിട്ടുള്ള നേതാവാണ് കോടിയേരിയെന്നും സുരേന്ദ്രൻ കോഴിക്കോട്ട് പറഞ്ഞു
കോടിയേരിയുടെ വിയോഗം പാർട്ടിക്കും പൊതുസമൂഹത്തിനും വലിയ നഷ്ടം
കോടിയേരിയുടെ വിയോഗം പാർട്ടിക്കും പൊതുസമൂഹത്തിനും വലിയ നഷ്ടമെന്ന് മന്ത്രി കെ രാധാകൃഷ്ണൻ. പാർട്ടിയുടെ ഉത്തരവാദിത്തം നിറവേറ്റുക എന്നുള്ള ഭാരിച്ച കാര്യം അദ്ദേഹം കൃത്യമായി ചെയ്തു. തീർച്ചയായും അദ്ദേഹത്തിന്റെ വേർപാട് പാർട്ടിക്കും പൊതു സമൂഹത്തിനും വലിയ നഷ്ടമാണ്. ഇനിയും എത്രയോ കാലം പാർട്ടിയേയും നാടിനെയും നയിക്കേണ്ട ഒരു വലിയ വ്യക്തിത്വത്തെയാണ് ഉന്നതനായ നേതാവിനെയാണ് നഷ്ടമാകുന്നത്. അദ്ദേഹം ഉയർത്തിപ്പിടിച്ച ആശയങ്ങളും അദ്ദേഹം നൽകിയ സംഭാവനകളുമെല്ലാം തന്നെ ഉൾക്കൊണ്ടു കൊണ്ട് മുന്നോട്ടുപോകും. കോടിയേരിയുടെ വിയോഗത്തിൽ അനുശോചിക്കുന്നുവെന്നും മന്ത്രി കെ രാധാകൃഷ്ണൻ വ്യക്തമാക്കി.
കോടിയേരി ബാലകൃഷ്‌ണന്റെ നിര്യാണത്തിൽ അനുശോചനം അറിയിച്ച് മുൻ മന്ത്രിയും സിപിഎം നേതാവുമായ ജെ മേഴ്സിക്കുട്ടിയമ്മ. കോടിയേരിയുടെ ആശ്വാസ സാന്നിധ്യം മാഞ്ഞു പോയിരിക്കുന്നുവെന്നും രോഗത്തിൻറെ കാഠിന്യം കൊണ്ട് പ്രതീക്ഷിച്ചതാണ് വിയോഗമെങ്കിലും ഇത്ര പെട്ടെന്ന് എന്നത് താങ്ങാവുന്നതിലും അപ്പുറം തന്നെയാണെന്നും മേഴ്സിക്കുട്ടിയമ്മ ഫേസ്‌ബുക്കിൽ കുറിച്ചു. എന്തും തുറന്നു പറയാൻ കഴിയുന്ന. ഒരു ജേഷ്ഠ സഹോദരനെ പോലെയായിരുന്നു കോടിയേരി എന്നും മേഴ്സിക്കുട്ടിയമ്മ കുറിപ്പിൽ പറയുന്നുണ്ട്.
സിപിഎമ്മിന് മാത്രമല്ല കേരള രാഷ്ട്രീയത്തിന് തന്നെ തീരാനഷ്ടം
സിപിഎമ്മിന് മാത്രമല്ല കേരള രാഷ്ട്രീയത്തിന് തന്നെ തീരാനഷ്ടമാണ് കോടിയേരിയുടെ വിയോഗമെന്ന് പിജെ ജോസഫ്. വിമർശനങ്ങൾ പോലും ചിരിച്ചുകൊണ്ട് ഖണ്ഡിക്കുന്ന നേതാവായിരുന്നു. കേരളം കണ്ട മികച്ച ആഭ്യന്തര മന്ത്രിമാരിൽ ഒരാൾ. പ്രശ്നങ്ങൾ ഉണ്ടാകുമ്പോൾ എല്ലാവർക്കും സ്വീകാര്യമായ രീതിയിൽ ഇടപെട്ട് പരിഹരിക്കുന്ന നേതാവ്. ഓരോ പ്രശ്നത്തിലും മനുഷ്യത്വത്തോടെ ഇടപെട്ടിരുന്ന നേതാവായിരുന്നു കോടിയേരിയെന്നും പിജെ ജോസഫ് അനുസ്മരിച്ചു.
കോടിയേരിയുടെ മൃതദേഹവുമുമായി എയർ ആംബുലൻസ് ചെന്നൈയിൽ നിന്ന് പുറപ്പെട്ടു, ഉച്ചയ്ക്ക് ഒരു മണിയോടെ എയർ ആംബുലൻസ് കണ്ണൂരിൽ എത്തും. എം.വി.ജയരാജൻ്റെ നേതൃത്വത്തിൽ വിമാനത്താവളത്തിൽ മൃതദ്ദേഹം ഏറ്റുവാങ്ങും. 14 ഇടങ്ങളിൽ പ്രവർത്തകർക്കും നേതാക്കൾക്കും അന്ത്യാഭിവാദ്യമർപ്പിക്കാൻ സൗകര്യം ഒരുക്കും. കോടിയേരിക്ക് അന്ത്യാഞ്ജലി അർപ്പിക്കാൻ നേതാക്കൾ കണ്ണൂരിലെത്തി
കോടിയേരിക്ക് അന്ത്യാഞ്ജലി അർപ്പിക്കാൻ 14 കേന്ദ്രങ്ങൾ
കോടിയേരി ബാലകൃഷ്ണന് അന്ത്യാഞ്ജലി അർപ്പിക്കാൻ മട്ടന്നൂർ മുതൽ തലശേരി വരെ 14 കേന്ദ്രങ്ങളിൽ വിലാപയാത്ര നിർത്തും.
എയർ ആംബുലൻസ് ചെന്നൈയിൽ നിന്ന് പുറപ്പെട്ടു
കോടിയേരിയുടെ മൃതദേഹവുമായി എയർ ആംബുലൻസ് ചെന്നൈയിൽ നിന്ന് പുറപ്പെട്ടു. ഭാര്യ വിനോദിനി, മകന്‍ ബിനീഷ്, മരുമകള്‍ റിനീറ്റ എന്നിവരും ഒപ്പമുണ്ട്.
കോടിയേരി ബാലകൃഷ്‌ണന്റെ നിര്യാണത്തിൽ സിപിഐ സമ്മേളനം അനുശോചനം രേഖപ്പെടുത്തി
എയർ ആംബുലൻസ് പുറപ്പെടാൻ വൈകുന്നു. എയർ ആംബുലൻസ് 11 മണിക്ക് ചെന്നൈയിൽ നിന്ന് പുറപ്പെടും. മൃതദേഹം ഉച്ചയോടെ കണ്ണൂരിൽ എത്തിക്കും. സിപിഎമ്മിന്റെ ഉന്നത നേതാക്കളെല്ലാം കണ്ണൂരിലേക്ക് തിരിച്ചു. മുഖ്യമന്ത്രിയും ഉച്ചയോടെ കണ്ണൂരിൽ എത്തും.
സഖാവ് കോടിയേരി ബാലകൃഷ്ണന്റെ വിയോഗം അങ്ങേയറ്റം സങ്കടകരം
സഖാവ് കോടിയേരി ബാലകൃഷ്ണന്റെ വിയോഗം ഈ രാജ്യത്ത് ഇടതുപക്ഷ പ്രസ്ഥാനങ്ങൾ ഏറ്റവും ശക്തമായി ഇടപെടേണ്ട സാഹചര്യത്തിൽ ഉണ്ടായിരിക്കുന്നുവെന്നത് അങ്ങേയറ്റം സങ്കടകരമായ കാര്യമാണെന്ന് സിപിഐ നേതാവ് ആനി രാജ. ഇടതുപക്ഷ പ്രസ്ഥാനങ്ങളുടെ സമാരാധ്യനായ ഒരു നേതാവാണ്. വളരെയധികം തീവ്രതയോടെ വർഗീയ ഫാസിസ്റ്റ് ശക്തികളെ പരാജയപ്പെടുത്തുന്നതിന് മുന്നിൽ നിന്ന് പ്രവർത്തിച്ച ഇടതുപക്ഷ ഐക്യത്തോടെ പ്രവർത്തിച്ച ഒരു സഖാവായിരുന്നു. അദ്ദേഹത്തിന്റെ വിയോഗം തീർച്ചയായും ഇടതുപക്ഷ ജനാധിപത്യ പ്രസ്ഥാനങ്ങൾക്കൊക്കെത്തന്നെ വലിയൊരു തീരാനഷ്ടമാണെന്നും ആനി രാജ പറഞ്ഞു.
കോടിയേരിയുടെ മൃതദേഹം ചെന്നൈ വിമാനത്താവളത്തിൽ എത്തിച്ചു
കോടിയേരിയുടെ മൃതദേഹം ചെന്നൈ വിമാനത്താവളത്തിൽ എത്തിച്ചു. 10.30 ന് എയർ ആംബുലൻസിൽ കണ്ണൂരിലേക്ക് പുറപ്പെടും. ഭാര്യ വിനോദിനി, മകൻ ബിനീഷ് കോടിയേരി, മരുമകൾ റിനീറ്റ എന്നിവർ മൃതദേഹത്തെ അനുഗമിക്കും. മൃതദേഹം 12 മണിയോടെ കണ്ണൂർ വിമാനത്താവളത്തിലെത്തിക്കും.
ഏത് കാര്യത്തെയും വളരെ തുറന്ന മനസോടെ സ്വീകരിച്ച വ്യക്തി
ഏത് കാര്യത്തെയും വളരെ തുറന്ന മനസോടെ സ്വീകരിച്ച വ്യക്തിയായിരുന്നു കോടിയേരി ബാലകൃഷ്ണനെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. സിപിഎമ്മിലെ വിഭാഗീയത കത്തി നിന്ന കാലത്ത് വിഎസ് അച്യുതാനന്ദൻ മുഖ്യമന്ത്രിയും പിണറായി വിജയൻ പാർട്ടി സെക്രട്ടറിയുമായിരുന്ന കാലത്ത് വലിയ സംഘർഷം പാർട്ടിയിൽ ഉള്ള സമയത്ത് വിഎസുമായി ഏറ്റവും അടുത്ത് നിന്നുകൊണ്ടുതന്നെ ആ പ്രശ്നങ്ങൾ എല്ലാം പരിഹരിക്കാൻ ആ സംഘർഷങ്ങൾ ലഘൂകരിക്കുന്നതിനുള്ള വലിയ ശ്രമങ്ങളും അദ്ദേഹം നടത്തിയിട്ടുണ്ട്. കേരളം കണ്ട ശ്രദ്ധേയരായ നേതാക്കളുടെ നിരയിൽ മുൻനിരയിൽ തന്നെയാണ് അദ്ദേഹത്തിന്റെ സ്ഥാനം. അടുത്ത സൗഹൃദം ഉണ്ടായിരുന്ന ഒരു വലിയ രാഷ്ട്രീയ നേതാവ് വിടവാങ്ങുമ്പോഴുള്ള വേദനയും ദുഖവും ഉണ്ട്. അദ്ദേഹത്തിന്റെ കുടുംബത്തിന്റെ ദുഖത്തിൽ പങ്കുചേരുന്നുവെന്നും വിഡി സതീശൻ പറഞ്ഞു.
രാഷ്ട്രീയത്തിന് അതീതമായി എല്ലാ ജനങ്ങളുടെയും സ്നേഹം പിടിച്ചുപറ്റിയ നേതാവ്
രാഷ്ട്രീയത്തിന് അതീതമായി എല്ലാ ജനങ്ങളുടെയും സ്നേഹം പിടിച്ചുപറ്റിയ നേതാവായിരുന്നു കോടിയേരി ബാലകൃഷ്ണനെന്ന് കാന്തപുരം അബൂബക്കർ മുസ്ലിയാർ. സമുദായങ്ങൾക്കിടയിലുള്ള അഭിപ്രായ വ്യത്യാസങ്ങളും എതിർപ്പുകളുമെല്ലാം കുറയ്ക്കാനും എല്ലാവർക്കും കഴിവിന്റെ പരമാവധി ഗുണം ചെയ്ത് കൊടുക്കാനും അദ്ദേഹം ശ്രമിച്ചിരുന്നു. അദ്ദേഹത്തിന്റെ മരണത്തിൽ അനുശോചനം അറിയിക്കുന്നുവെന്നും കാന്തപുരം അബൂബക്കർ മുസ്ലിയാർ പറഞ്ഞു.
കോടിയേരിയുടെ വിടവാങ്ങൽ വലിയ വേദനയുളവാക്കുന്നത്
കോടിയേരിയുടെ വിടവാങ്ങൽ വലിയ വേദനയുളവാക്കുന്നതാണെന്ന് മന്ത്രി പി.രാജീവ്. പാർട്ടിക്കും ഇടതുപക്ഷ പ്രസ്ഥാനത്തിനും കേരളീയ സമൂഹത്തിനും വലിയ നഷ്ടമാണ് ആ വിടവാങ്ങൽ സൃഷ്ടിച്ചിട്ടുള്ളത്.
കോടിയേരി പാർട്ടിക്ക് വേണ്ടി പോരാടിയ ആളെന്ന് സീതാറാം യെച്ചൂരി
അടിയുറച്ച കമ്മ്യൂണിസ്റ്റുകാരനായി നിന്ന് പാർട്ടിക്കുവേണ്ടി പോരാടിയ ആളാണ് കോടിയേരി ബാലകൃഷ്ണൻ എന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി.
മുഖ്യമന്ത്രി കണ്ണൂരിലെത്തും
മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് കണ്ണൂരിലെത്തും. നേതാക്കൾ കണ്ണൂരിലെത്തി ആദരാഞ്ജലി അർപ്പിക്കും.
കോടിയേരി ബാലകൃഷ്ണന് വിട നൽകാനൊരുങ്ങി കേരളം. ഇന്ന് രാത്രി വരെ തലശ്ശേരി ടൗൺ ഹാളിൽ പൊതുദർശനം ഉണ്ടാകും. മാടപ്പീടികയിലെ വസതിയിൽ നാളെ രാവിലെ 10 വരെ പൊതുദർശനം ഉണ്ടാകും. തുടർന്ന് 11 മണി മുതൽ സിപിഎം കണ്ണൂർ ജില്ലാ കമ്മിറ്റി ഓഫീസിലും പൊതുദർശനമുണ്ടാകും. നാളെ മൂന്ന് മണിക്ക് പയ്യാമ്പലത്താണ് സംസ്കാരം.