ഇന്ന് മകരവിളക്ക്; സുരക്ഷ ശക്തം; ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

7.52നാണ് മകര സംക്രമ പൂജ. സന്നിധാനത്ത് എട്ട് കേന്ദ്രങ്ങളില്‍ മകരജ്യോതി ദര്‍ശനത്തിന് സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്.   

Last Updated : Jan 14, 2019, 08:50 AM IST
ഇന്ന് മകരവിളക്ക്; സുരക്ഷ ശക്തം; ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

ശബരിമല: മകരവിളക്കിനും സംക്രമ പൂജയ്ക്കും ഉള്ള ഒരുക്കങ്ങള്‍ സന്നിധാനത്ത് പൂര്‍ത്തിയായി. അയ്യപ്പ വിഗ്രഹത്തില്‍ ചാര്‍ത്താനുള്ള തിരുവാഭരണവും വഹിച്ചുള്ള ഘോഷയാത്ര ഇന്ന് വൈകിട്ട് അഞ്ചര മണിയോടെ ശരംകുത്തിയില്‍ എത്തിച്ചേരും. ദേവസ്വം അധികൃതര്‍ ശരംകുത്തിയില്‍ തിരുവാഭരണ ഘോഷയാത്രയെ സ്വീകരിക്കും.

തുടര്‍ന്ന് അയ്യപ്പ വിഗ്രഹത്തില്‍ തിരുവാഭരണം ചാര്‍ത്തി ദീപാരാധന നടക്കും. ദീപാരാധനയ്ക്ക് ശേഷം പൊന്നമ്പലമേട്ടില്‍ ആകാശത്ത്‌ മകരവിളക്ക് തെളിയിക്കും. പൊന്നമ്പലമേട്ടിലേക്കുള്ള കാഴ്ചയ്ക്കു തടസ്സമില്ലാത്ത എല്ലായിടത്തും ഭക്തര്‍ നിറഞ്ഞുകഴിഞ്ഞു. കാടിനുള്ളില്‍ പര്‍ണശാലകള്‍ കെട്ടി, കൊട്ടും പാട്ടും നൃത്തച്ചുവടുകളുമായി പതിനായിരങ്ങളാണ് കാത്തിരിക്കുന്നത്. 

7.52നാണ് മകര സംക്രമ പൂജ. സന്നിധാനത്ത് എട്ട് കേന്ദ്രങ്ങളില്‍ മകരജ്യോതി ദര്‍ശനത്തിന് സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്. അയ്യായിരത്തോളം പോലീസുകാരെയും കേന്ദ്ര സേനയെയുമാണ് ശബരിമലയില്‍ വിന്യസിച്ചിരിക്കുന്നത്. ഒരു ഐജിയുടേയും രണ്ട് എസ്.പിയുടെയും നേതൃത്വത്തിലാണ് സുരക്ഷ ഒരുക്കിയിരിക്കുന്നത്.

മകരവിളക്കിനോടനുബന്ധിച്ച് പമ്പയിലും പൊലീസ് സുരക്ഷ ശക്തമാക്കി. എഡിജിപി അനന്തകൃഷ്ണനും ജില്ലാ കളക്ടര്‍ പി.ബി നൂഹും പമ്പയില്‍ ക്യാംപ് ചെയ്യുന്നുണ്ട്. ഹില്‍ടോപ്പില്‍ നിയന്ത്രണം ഉള്ളതിനാല്‍ പമ്പയിലെ വിവിധയിടങ്ങളില്‍ മകരജ്യോതി ദര്‍ശനത്തിന് പരമാവധി സൗകര്യം ഒരുക്കാനാണ് പൊലീസിന്റെ തീരുമാനം.

അപകടസാധ്യത കണക്കിലെടുത്താണ് ഹൈക്കോടതി നിരീക്ഷണ സമിതി ഭക്തര്‍ക്ക് വിലക്കേര്‍പ്പെടുത്തിയത്. പമ്പയില്‍ 40,000 ത്തോളം പേര്‍ മകരജ്യോതി ദര്‍ശനത്തിന് എത്തുമെന്നാണ് പൊലീസിന്റെ കണക്ക്.

ഹില്‍ടോപ്പില്‍ വിലക്ക് രേഖപ്പെടുത്തിയ ബോര്‍ഡ് സ്ഥാപിക്കണമെന്ന് നിരീക്ഷണ സമിതി നിര്‍ദ്ദേശം നല്‍കിയിരുന്നു. മകരവിളക്കിനായി ശബരിമലയില്‍ ഏര്‍പ്പെടുത്തിയ ഒരുക്കങ്ങളില്‍ ഹൈക്കോടതി നിരീക്ഷക സമിതി തൃപ്തി രേഖപ്പെടുത്തിയിരുന്നു.

തിരുവാഭരണ ഘോഷയാത്ര ഇന്ന് ഉച്ചയോടെ പമ്പയ്ക്കടുത്ത് ചെറിയാനവട്ടത്ത് എത്തും. തിരുവാഭരണ ഘോഷയാത്രയെ പൊലീസ്, റവന്യൂ, ഫോറസ്റ്റ് ഉദ്യോഗസ്ഥരും അനുഗമിക്കും. ചെറിയാനവട്ടത്ത് ഇന്നലെ കാട്ടാന ഇറങ്ങിയ പശ്ചാത്തലത്തില്‍ ഇതുവഴി കടന്നുപോകുന്നതിന് തീര്‍ത്ഥാടകര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

പന്തളത്തുനിന്ന് പുറപ്പെട്ട തിരുവാഭരണ ഘോഷയാത്രയെ തിങ്കളാഴ്ച വൈകീട്ട് പതിനെട്ടാംപടിക്ക് മുകളില്‍ ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രന്റെയും ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ. പദ്മകുമാറിന്റെയും നേതൃത്വത്തില്‍ സ്വീകരിക്കും.

തന്ത്രി കണ്ഠര് രാജീവരും മേല്‍ശാന്തി വാസുദേവന്‍നമ്പൂതിരിയും ചേര്‍ന്ന് തിരുവാഭരണപേടകം ഏറ്റുവാങ്ങും. മകരവിളക്ക് ഉത്സവത്തിന് മുന്നോടിയായി ഞായറാഴ്ച ക്ഷേത്രത്തിനുള്ളില്‍ ബിംബശുദ്ധിക്രിയകള്‍ നടന്നു.

Trending News