#മീടൂ:'അമ്മ'യ്ക്ക് ഹൈക്കോടതിയുടെ നോട്ടീസ്

ഡബ്ല്യൂസിസി അംഗങ്ങളായ പത്മപ്രിയ, റിമ കല്ലിങ്കല്‍ എന്നിവര്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ നോട്ടീസ്. 

Last Updated : Oct 17, 2018, 05:51 PM IST
#മീടൂ:'അമ്മ'യ്ക്ക് ഹൈക്കോടതിയുടെ നോട്ടീസ്

കൊച്ചി: വുമണ്‍ ഇന്‍ സിനിമ കളക്ടീവ് (ഡബ്ല്യൂസിസി)ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ എഎംഎംഎക്ക് കോടതിയുടെ നോട്ടീസ്.

ഡബ്ല്യൂസിസി അംഗങ്ങളായ പത്മപ്രിയ, റിമ കല്ലിങ്കല്‍ എന്നിവര്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ നോട്ടീസ്. 

തൊഴിലിടങ്ങളിലെ പീഡനം നേരിടാനുള്ള പ്രത്യേക സമിതി താരസംഘടനയായ എഎംഎംയില്‍ നടപ്പാക്കണമെന്നാവശ്യപ്പെട്ടായിരുന്നു ഹര്‍ജിയിലെ ആവശ്യം. 

സുപ്രീംകോടതിയുടെ വിശാഖ കേസുമായി ബന്ധപ്പെട്ട വിധിയുടെ അടിസ്ഥാനത്തിലാണ് ഡബ്ല്യൂസിസി ഹര്‍ജി നല്‍കിയത്. 

സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തില്‍ നടപടികള്‍ സ്വീകരിക്കാത്തതിനാല്‍ സിനിമാമേഖലയില്‍ ലൈംഗികാതിക്രമത്തിന് ഇരയാവുന്നവര്‍ക്കുവേണ്ടി എഎംഎംഎക്ക് ഒന്നും ചെയ്യാനാവുന്നില്ലെന്ന് ഹര്‍ജിക്കാര്‍ പറഞ്ഞിരുന്നു. 

എഎംഎംഎയുടെ നടപടി ഭരണഘടനാ അവകാശങ്ങളുടെ ലംഘനമാണ്. തൊഴിലിടങ്ങളിലെ ലൈംഗികപീഡനം നേരിടാനായി 2013ല്‍ പാര്‍ലമെന്‍റ് പ്രത്യേക നിയമം തന്നെ കൊണ്ടു വന്നിരുന്നു. 

പ്രൊഡ്യൂസേഴ്സ് ഗില്‍ഡും സ്‌ക്രീന്‍ റൈറ്റേഴ്സ് അസോസിയേഷനും ആഭ്യന്തര സമിതികള്‍ രൂപീകരിച്ചപ്പോഴും എഎംഎംഎ ഭാരവാഹികള്‍ അനങ്ങിയില്ലെന്ന് ഹര്‍ജിയില്‍ പറയുന്നു.

എംഎംഎയില്‍ സമിതിയില്ലാത്തത് അതിലെ വനിതാ അംഗങ്ങളുടെ മൗലികാവകാശങ്ങളെ ഹനിക്കുന്നുവെന്നും സിനിമാമേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്ത്രീകള്‍ വിവിധതരത്തിലുള്ള പീഡനങ്ങള്‍ക്ക് ഇരയാവുന്നുവെന്ന വെളിപ്പെടുത്തലുകള്‍ വന്നുകൊണ്ടിരിക്കുകയണെന്നും ഹര്‍ജിയില്‍ വ്യക്തമാക്കുന്നു. 

ഒരു സിനിമാനിര്‍മാണത്തിനിടെ പീഡിപ്പിക്കപ്പെട്ടതിന് നല്‍കിയ പരാതി സിനിമ കഴിയുന്നതോടെ ഇല്ലാതാകുന്ന അവസ്ഥയാണ്. ഇതെല്ലാം പരിഗണിച്ച്‌ പൊതുസമ്മതരായ വ്യക്തികള്‍ അടങ്ങിയ പ്രത്യേക സമിതി എഎംഎംഎയില്‍ വേണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു. 

 

Trending News