മന്ത്രിയുടെ ഭരണഘടനാ വിരുദ്ധ പ്രസംഗം അര്‍.എസ്.എസ് അഭിപ്രായത്തിന് തുല്യം; ആര്‍.എസ്.എസില്‍ ചേര്‍ന്നാല്‍ സജി ചെറിയാന് കേന്ദ്രമന്ത്രി സ്ഥാനം കിട്ടുമെന്ന് പ്രതിപക്ഷ നേതാവ്

ജനം ഉന്നയിക്കുന്ന ചോദ്യങ്ങള്‍ക്ക് മറുപടി പറയാന്‍ മുഖ്യമന്ത്രിക്കോ സര്‍ക്കാരിനോ സാധിക്കുന്നില്ലെന്ന് വ്യക്തമായിരിക്കുകയാണ്

Written by - Zee Malayalam News Desk | Last Updated : Jul 6, 2022, 01:28 PM IST
  • ഭരണകക്ഷി അംഗങ്ങള്‍ സീറ്റില്‍ നിന്നും ഇറങ്ങി വന്ന് പ്രകോപനമുണ്ടാക്കി
  • ചോദ്യോത്തര വേളയില്‍ മുദ്രാവാക്യം മുഴക്കുന്നത് നിയമസഭാ ചരിത്രത്തില്‍ ആദ്യമല്ല
  • ഭരണകക്ഷി അംഗങ്ങള്‍ സീറ്റില്‍ നിന്നും ഇറങ്ങി വന്ന് പ്രകോപനമുണ്ടാക്കി
മന്ത്രിയുടെ ഭരണഘടനാ വിരുദ്ധ പ്രസംഗം അര്‍.എസ്.എസ് അഭിപ്രായത്തിന് തുല്യം; ആര്‍.എസ്.എസില്‍ ചേര്‍ന്നാല്‍ സജി ചെറിയാന് കേന്ദ്രമന്ത്രി സ്ഥാനം കിട്ടുമെന്ന് പ്രതിപക്ഷ നേതാവ്

സജി ചെറിയാന്‍ ഇന്ത്യന്‍ ഭരണഘടനയെയും ഭരണഘടനാ ശില്‍പികളെയും അപമാനിച്ച സംഭവം സഭാ നടപടികള്‍ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്ന അടിയന്തിര പ്രമേയത്തിന് മറുപടി നല്‍കാതെ സര്‍ക്കാരും മുഖ്യമന്ത്രിയും ഒളിച്ചോടി. ഭരണകക്ഷി അംഗങ്ങള്‍ സീറ്റില്‍ നിന്നും ഇറങ്ങി വന്ന് പ്രകോപനമുണ്ടാക്കി. ചോദ്യോത്തര വേളയില്‍ മുദ്രാവാക്യം മുഴക്കുന്നത് നിയമസഭാ ചരിത്രത്തില്‍ ആദ്യമല്ല. നടുത്തളത്തില്‍ ഇറങ്ങാതെ സീറ്റില്‍ ഇരുന്ന് പ്രതിഷേധിച്ചിട്ടും ചോദ്യോത്തര വേള ഉള്‍പ്പെടെയുള്ള നടപടിക്രമങ്ങള്‍ സ്പീക്കര്‍ റദ്ദാക്കി. ജനം ഉന്നയിക്കുന്ന ചോദ്യങ്ങള്‍ക്ക് മറുപടി പറയാന്‍ മുഖ്യമന്ത്രിക്കോ സര്‍ക്കാരിനോ സാധിക്കുന്നില്ലെന്ന് വ്യക്തമായിരിക്കുകയാണ്. 

ഭരണഘടന രാജ്യത്തെ കൊള്ളയടിക്കുന്നതിന് വേണ്ടിയുള്ള ഒരു ഡോക്യുമെന്റാണെന്നാണ് ഉത്തരവാദിത്തപ്പെട്ട ഒരു മന്ത്രി പറഞ്ഞിരിക്കുന്നത്. മഹാരഥന്‍മാരായെ ആളുകള്‍ മൂന്ന് കൊല്ലക്കാലം നടത്തിയ ചര്‍ച്ചയിലൂടെ രൂപപ്പെടുത്തിയെടുത്ത ഇന്ത്യന്‍ ഭരണഘടന ബ്രിട്ടീഷുകാര്‍ എഴുതിക്കൊടുത്തതാണെന്ന സജി ചെറിയാന്റെ പ്രസ്താവന ആര്‍.എസ്.എസ് അഭിപ്രായത്തിന് സമാനമാണ്. ആര്‍.എസ്.എസ് ആചാര്യനായ ഗോള്‍വാള്‍ക്കര്‍ 'ബെഞ്ച് ഓഫ് തോട്ട്‌സ്' എന്ന പുസ്തകത്തിലും ഇതേ വാദം ഉന്നയിച്ചിട്ടുണ്ട്. 'ബെഞ്ച് ഓഫ് തോട്ട്‌സ്' എന്ന ഈ പുസ്തകം കാലിക്കറ്റ് സര്‍വകലാശാലയില്‍ പഠിപ്പിക്കാന്‍ തീരുമാനിച്ചവരാണ് എല്‍.ഡി.എഫ് സര്‍ക്കാര്‍. ആര്‍.എസ്.എസ് ആശയങ്ങളാണ് സജി ചെറിയാന്‍ ഉയര്‍ത്തുന്നത്. മുഖ്യമന്ത്രിക്കും സര്‍ക്കാരിനും ഇതേ അഭിപ്രായം തന്നെയാണോയെന്ന് അറിയാന്‍ താല്‍പര്യമുണ്ട്. നിങ്ങളുടെ അഭിപ്രായം ഇതല്ലെങ്കില്‍ സജി ചെറിയാനോട് രാജിവയ്ക്കാന്‍ ആവശ്യപ്പെടണം. രാജി വച്ചില്ലെങ്കില്‍ മുഖ്യമന്ത്രി പുറത്താകണം. 

ഭരണഘടനാ ശില്‍പിയായ ബി.ആര്‍ അംബേദ്ക്കര്‍ ഉള്‍പ്പെടെയുള്ളവരെയാണ് അപമാനിച്ചത്. ഭരണഘടനാ ശില്‍പികളെ ആക്ഷേപിക്കാനും അപമാനിക്കാനുമുള്ള ധൈര്യ സജി ചെറിയാന്‍ നല്‍കിയത് സി.പി.എം നേതൃത്വമാണോ? എങ്ങനെയാണ് ഇത്രയും ഹീനമായ വാക്കുകള്‍ ഉപയോഗിക്കാന്‍ കഴിഞ്ഞത്?  തൊഴിലാളി വിരുദ്ധമാണ് ഇന്ത്യ ഭരണഘടനയെന്നാണ് സജി ചെറിയാന്‍ പറഞ്ഞിരിക്കുന്നത്. തൊഴിലാളികള്‍ക്ക് മിനിമം കൂലി ഉറപ്പാക്കുന്ന മിനിമം വേജസ് ആക്ട് ഉള്‍പ്പെടെ പാസാക്കിയത് ഇന്ത്യന്‍ ഭരണഘടനയുടെ ചുവട് പിടിച്ചാണ്. ഇതൊന്നും അറിയാതെ ഗോള്‍വാള്‍ക്കറുടെ പുസ്തകം മാത്രം വായിച്ച് ആര്‍.എസ്.എസ് ആശയങ്ങള്‍ മാത്രം പഠിച്ച സജി ചെറിയാന്‍ രാജി വച്ച് പുറത്ത് പോകുന്നതാണ് നല്ലത്. രാജിവച്ച് ആര്‍.എസ്.എസില്‍ ചേര്‍ന്നാല്‍ സജി ചെറിയാന് കേന്ദ്ര മന്ത്രി സ്ഥാനം കിട്ടും. 

ആര്‍.എസ്.എസ് പറയുന്നതിനേക്കാള്‍ ആര്‍ജവത്തോടെയാണ് അവരുടെ ആശയം സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗമായ സജി ചെറിയാന്‍ പറഞ്ഞിരിക്കുന്നത്. ഇക്കാര്യത്തില്‍ സി.പി.എം പി.ബി ഉള്‍പ്പെടെയുള്ളവര്‍ക്ക് എന്താണ് പറയാനുള്ളതെന്ന് അറിയാന്‍ താല്‍പര്യമുണ്ട്. രാജ്യത്തിനും കേരളത്തിനും അപമാനകരമായ പ്രസംഗമാണ് മന്ത്രി നടത്തിയത്. അതിനെ അനുകൂലിക്കാന്‍ വന്നവരോട് സഹതപിക്കുന്നു.  മന്ത്രിയെ പുറത്താക്കുന്നത് സംബന്ധിച്ച് മുഖ്യമന്ത്രിയും ഗവര്‍ണറുമാണ് മറുപടി പറയേണ്ടത്. 

രാജി വയ്ക്കാന്‍ തയാറായില്ലെങ്കില്‍ യു.ഡി.എഫ് നിയമപരമായി നീങ്ങും. മൂന്ന് വര്‍ഷത്തെ തടവ് ശിക്ഷ കിട്ടുന്ന കുറ്റമാണ് മന്ത്രി ചെയ്തിരിക്കുന്നത്. പൊലീസ് ഇതുവരെ കേസ് എടുത്തിട്ടില്ല. ഗവര്‍ണറാണ് അതിന് അനുമതി നല്‍കേണ്ടത്. ഇക്കാര്യത്തില്‍ മന്ത്രിസഭയുടെ അനുമതി ആവശ്യമില്ലെന്ന സുപ്രീം കോടതി ഉത്തരവുണ്ട്. മന്ത്രി രാജി വയ്ക്കില്ലെന്ന് മുഖ്യമന്ത്രി ഇതുവരെ പറഞ്ഞിട്ടില്ല. രാജി ആവശ്യമില്ലെന്ന് മന്ത്രി മാത്രമാണ് പറഞ്ഞിരിക്കുന്നത്. രാജി വയ്ക്കില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞാല്‍ നിയമ നടപടികളുമായി മുന്നോട്ട് പോകുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
 
 

Trending News