ശബരിമല വിഷയം: റിവ്യൂ ഹര്‍ജികള്‍ പരിഗണിക്കുന്ന കാര്യത്തില്‍ തീരുമാനം നാളെ

ശബരിമലയിൽ നിലനിൽക്കുന്ന അടിയന്തരസാഹചര്യം കണക്കിലെടുത്ത് ഉടൻ ഹർജി പരിഗണിയ്ക്കണമെന്നായിരുന്നു ഒരു സംഘം അഭിഭാഷകർ ആവശ്യപ്പെട്ടത്. 

Last Updated : Oct 22, 2018, 12:22 PM IST
ശബരിമല വിഷയം: റിവ്യൂ ഹര്‍ജികള്‍ പരിഗണിക്കുന്ന കാര്യത്തില്‍ തീരുമാനം നാളെ

ന്യൂഡല്‍ഹി: ശബരിമല വിഷയത്തില്‍ പുനഃപരിശോധനാ ഹര്‍ജികള്‍ പരിഗണിക്കുന്നതില്‍ തീരുമാനം നാളെ. ഹര്‍ജികള്‍ എപ്പോള്‍ പരിഗണിക്കണമെന്ന് സുപ്രീംകോടതി നാളെ തീരുമാനിക്കും. യുവതികളെ ശബരിമലയില്‍ പ്രവേശിപ്പിക്കണമെന്ന വിധിക്കെതിരെയാണ് ഹര്‍ജി. 19 പുനഃപരിശോധനാ ഹര്‍ജികളാണ് ശബരിമല വിഷയത്തില്‍ കോടതിയില്‍ എത്തിയത്.

ശബരിമലയിൽ നിലനിൽക്കുന്ന അടിയന്തരസാഹചര്യം കണക്കിലെടുത്ത് ഉടൻ ഹർജി പരിഗണിയ്ക്കണമെന്നായിരുന്നു ഒരു സംഘം അഭിഭാഷകർ ആവശ്യപ്പെട്ടത്. ശബരിമലയിൽ ഇതരമതസ്ഥർ കയറുന്നത് തടയണമെന്നാവശ്യപ്പെട്ട് നൽകിയ ഹർജിയും ഇക്കൂട്ടത്തിൽ പെടും. 

ദേശീയ അയ്യപ്പഭക്തജന കൂട്ടായ്മയുടെ അഭിഭാഷകൻ മാത്യു നെടുമ്പാറ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് അധ്യക്ഷനായ ബഞ്ചിന് മുമ്പാകെയാണ് ആവശ്യമുന്നയിച്ചത്. ഇതേത്തുടർന്നാണ് പുതിയ ഹർജികൾ എന്ന് പരിഗണിയ്ക്കണമെന്ന് നാളെ അറിയിക്കാമെന്ന് കോടതി അറിയിച്ചത്.

തുടർന്ന് ഇതേ വിഷയത്തിൽ പുനഃപരിശോധനാഹർജികളുമുണ്ടെന്ന് ഒരു അഭിഭാഷകൻ ചൂണ്ടിക്കാട്ടി. അത് കോടതിയ്ക്കറിയാമെന്നും 19 പുനഃപരിശോധനാഹർജികൾ ഇതുവരെ കോടതിയിലെത്തിയിട്ടുണ്ടെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു. ഈ ഹർജികൾ എപ്പോൾ പരിഗണിയ്ക്കണമെന്ന കാര്യത്തിൽ ഇപ്പോഴും കോടതി അന്തിമ തീരുമാനമെടുത്തിട്ടില്ല. 

ദേവസ്വം ബോർഡിന് ഈ ഹർജികളിലെല്ലാം നിലപാട് അറിയിക്കേണ്ടി വരും. ശബരിമലയിലെ തൽസ്ഥിതി അറിയിച്ചുകൊണ്ട് ഒരു റിപ്പോർട്ട് സുപ്രീംകോടതിയിൽ നൽകാനാണ് ദേവസ്വം ബോർഡ് തീരുമാനിച്ചിരിക്കുന്നത്. പൂജ അവധിയ്ക്ക് ശേഷം ഇന്നാണ് സുപ്രീംകോടതി വീണ്ടും തുറന്നത്.

സാധാരണയായി, വധശിക്ഷക്കെതിരെ സമര്‍പ്പിക്കപ്പെട്ട പുനഃപരിശോധനാ ഹര്‍ജികള്‍ ഒഴികെയുള്ളവ ജസ്റ്റിസുമാരുടെ ചേമ്പറിലാണ് പരിഗണിക്കാറ്. മറ്റുള്ളവ തുറന്ന കോടതിയില്‍ പരിഗണിക്കുന്ന കീഴ്വഴക്കമില്ല. എന്നാല്‍ ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപെട്ട പുനപരിശോധനാ ഹര്‍ജികള്‍ തുറന്ന കോടതികളില്‍ പരിഗണിക്കണമെന്ന് ഹര്‍ജിക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.   

Trending News