'സെര്‍വി സ്‌കാന്‍' കാന്‍സര്‍ ചികിത്സാ രംഗത്തെ ആര്‍സിസിയുടെ മികച്ച സംഭാവന: മന്ത്രി വീണാ ജോര്‍ജ്

Servi scan: എ ഐയുടെ സഹായത്തോടെ ഗര്‍ഭാശയഗള കാന്‍സര്‍ പ്രാരംഭ ദശയില്‍ തന്നെ നിര്‍ണയിക്കുന്ന ഓട്ടോമാറ്റിക് ഹൈസ്പീഡ് മെഷീനാണ് സെര്‍വി സ്‌കാന്‍. 

Written by - Zee Malayalam News Desk | Last Updated : Apr 20, 2023, 07:29 PM IST
  • കാന്‍സര്‍ ചികിത്സാ രംഗത്ത് രാജ്യത്തിന്റെ നെടുംതൂണാണ് റീജിയണല്‍ കാന്‍സര്‍ സെന്റര്‍.
  • സംസ്ഥാനത്തെ കാന്‍സര്‍ ചികിത്സ ആധുനിക തലങ്ങളിലേക്ക് പ്രവേശിക്കുകയാണ്.
  • കാന്‍സര്‍ ചികിത്സാ രംഗത്ത് വലിയ വികസന പ്രവര്‍ത്തനങ്ങളാണ് നടന്നു വരുന്നത്.
'സെര്‍വി സ്‌കാന്‍' കാന്‍സര്‍ ചികിത്സാ രംഗത്തെ ആര്‍സിസിയുടെ മികച്ച സംഭാവന: മന്ത്രി വീണാ ജോര്‍ജ്

തിരുവനന്തപുരം: 'സെര്‍വി സ്‌കാന്‍' കാന്‍സര്‍ ചികിത്സാ രംഗത്തെ ആര്‍സിസിയുടെ മികച്ച സംഭാവനയെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപയോഗിച്ച് ഗര്‍ഭാശയഗള കാന്‍സര്‍ പ്രാരംഭ ദശയില്‍ത്തന്നെ നിര്‍ണയിക്കുന്ന ഓട്ടോമാറ്റിക് ഹൈസ്പീഡ് മെഷീനാണ് സെര്‍വി സ്‌കാന്‍. കാന്‍സര്‍ ചികിത്സാ രംഗത്ത് രാജ്യത്തിന്റെ നെടുംതൂണാണ് റീജിയണല്‍ കാന്‍സര്‍ സെന്റര്‍. കാന്‍സര്‍ രോഗത്തിന് മുമ്പില്‍ നിസഹായതയോടും ആശങ്കയോടും വേദനയോടും വരുന്നവര്‍ക്ക് മികച്ച ചികിത്സാ സേവനങ്ങള്‍ കരുതലോടെ നല്‍കുക എന്ന ലക്ഷ്യത്തോടെയാണ് ആര്‍സിസി പ്രവര്‍ത്തിച്ച് മുന്നേറുന്നതെന്നും മന്ത്രി വ്യക്തമാക്കി. ആര്‍സിസിയിലെ ഓട്ടോമേറ്റഡ് സെര്‍വി സ്‌കാന്‍, യൂറോ-ബ്രാക്കി തെറാപ്പി യൂണിറ്റ്, ഗാലിയം ജനറേറ്റര്‍ & ലൂട്ടീഷ്യം ചികിത്സ എന്നിവയുടെ ഉദ്ഘാടനവും പേഷ്യന്റ് വെല്‍ഫെയര്‍ & സര്‍വീസ് ബ്ലോക്കിന്റെ നിര്‍മ്മാണ ഉദ്ഘാടനവും നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

സംസ്ഥാനത്തെ കാന്‍സര്‍ ചികിത്സ ആധുനിക തലങ്ങളിലേക്ക് പ്രവേശിക്കുകയാണ്. കാന്‍സര്‍ ചികിത്സാ രംഗത്ത് വലിയ വികസന പ്രവര്‍ത്തനങ്ങളാണ് നടന്നു വരുന്നത്. ആര്‍സിസിയിലേയും എംസിസിയിലേയും ഡിജിറ്റല്‍ പത്തോളജിയെ മികവിന്റെ കേന്ദ്രങ്ങളാക്കി. റോബോട്ടിക് സര്‍ജറി സംവിധാനം യാഥാര്‍ത്ഥ്യമാക്കാനുള്ള ശ്രമത്തിലാണ്. കാന്‍സര്‍ രംഗത്തെ ഗവേഷണങ്ങള്‍ക്കും സര്‍ക്കാര്‍ പ്രാധാന്യം നല്‍കുന്നു. കാന്‍സര്‍ ചികിത്സയ്ക്കും പ്രതിരോധത്തിനും സംസ്ഥാന സര്‍ക്കാര്‍ കാന്‍സര്‍ സ്ട്രാറ്റജിക് ആക്ഷന്‍ പ്ലാന്‍ രൂപീകരിച്ചിട്ടുണ്ട്. കാന്‍സര്‍ പ്രാരംഭ ഘട്ടത്തില്‍ തന്നെ കണ്ടെത്തി ചികിത്സിക്കാന്‍ പദ്ധതി ആവിഷ്‌ക്കരിച്ചിട്ടുണ്ട്.

ALSO READ: പൂരാവേശത്തിൽ തൃശൂർ; നെയ്തലക്കാവിൻറെ തിടമ്പേറ്റാൻ തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ എത്തും

നവകേരളം കര്‍മ്മ പദ്ധതി രണ്ട്, ആര്‍ദ്രം മിഷനിലെ 10 പദ്ധതികളില്‍ പ്രധാനമായ ഒന്ന് കാന്‍സര്‍ ചികിത്സയും പ്രതിരോധവുമായി ബന്ധപ്പെട്ടതാണ്. കാന്‍സര്‍ രജിസ്ട്രി സംവിധാനം ആരംഭിച്ചു. വാര്‍ഡ് തലത്തില്‍ 30 വയസിന് മുകളിലുള്ളവരെ വീട്ടിലെത്തി വാര്‍ഷിക ആരോഗ്യ പരിശോധനയ്ക്ക് വിധേയരാക്കി വരുന്നു. രോഗമുള്ളവര്‍ക്ക് ആവശ്യമായ ചികിത്സ ഉറപ്പ് വരുത്തുന്നു. 1.16 കോടി പേരെ സ്‌ക്രീന്‍ ചെയ്യാന്‍ കഴിഞ്ഞിട്ടുണ്ട്. അവരില്‍ 7 ലക്ഷത്തിലധികം വ്യക്തികള്‍ക്ക് കാന്‍സര്‍ സാധ്യത കണ്ടെത്തിയിട്ടുണ്ട്. ഏറ്റവും കൂടുതല്‍ സ്തനാര്‍ബുദമാണ് സംശയിക്കുന്നത്. ഗര്‍ഭാശയഗള കാന്‍സറും സാധ്യതയും കൂടുതലാണ്. രോഗം കണ്ടെത്തുന്നവര്‍ക്ക് പരിശോധനയും ചികിത്സയും ഉറപ്പാക്കുന്നു. 14 ജില്ലകളിലും കാന്‍സര്‍ ഗ്രിഡ് സംവിധാനം ആരംഭിച്ചിട്ടുണ്ട്. കാന്‍സര്‍ കെയര്‍ പോളിസി നടപ്പിലാക്കി. ഇതിലൂടെ കാന്‍സര്‍ പ്രാംരംഭ ഘട്ടത്തില്‍ തന്നെ കണ്ടെത്തി ചികിത്സ ഉറപ്പാക്കാനാകും.

മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ യോഗം ചേര്‍ന്ന് ഗര്‍ഭാശയഗള കാന്‍സര്‍ പ്രതിരോധത്തിനായി വാക്‌സിനേഷന്‍ പദ്ധതി ആവിഷ്‌ക്കരിച്ചിച്ചിട്ടുണ്ട്. വയനാട്, ആലപ്പുഴ ജില്ലകളില്‍ പൈലറ്റ് അടിസ്ഥാനത്തില്‍ നടപ്പിലാക്കുന്നതിന് തീരുമാനിച്ചിട്ടുണ്ട്. രോഗങ്ങള്‍ക്ക് മുമ്പില്‍ നിസഹായരാകുന്നവരാണ് പലരും. പണമില്ലാത്തതിന്റെ പേരില്‍ ആര്‍ക്കും ചികിത്സ മുടങ്ങരുത്. ആര്‍സിസിയിലെ ജീവനക്കാരുടെ പ്രശ്‌നങ്ങള്‍ സമയബന്ധിതമായി പരിഹരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

കടകംപള്ളി സുരേന്ദ്രന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ മുന്‍ എം.പി. സി.പി. നാരായണന്‍, ആര്‍സിസി ഡയറക്ടര്‍ ഡോ. രേഖ എ. നായര്‍, ഗ്രാമ വികസന വകുപ്പ് കമ്മീഷണര്‍ എം.ജി. രാജമാണിക്യം, കൗണ്‍സിലര്‍ ഡി.ആര്‍. അനില്‍, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ വി.എസ്. ബിജു, ആര്‍സിസി അഡീഷണല്‍ ഡയറക്ടര്‍ ഡോ. എ. സജീദ് എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News