World Sight Day 2022: സംസ്ഥാനത്തെ തിമിര മുക്തമാക്കുന്നതിന് പദ്ധതി ആവിഷ്‌ക്കരിക്കുമെന്ന് മന്ത്രി വീണാ ജോർജ്

Cataracts: പ്രമേഹം പോലെയുള്ള ദീർഘസ്ഥായീ രോഗങ്ങൾ നിയന്ത്രണ വിധേയമാക്കി ഒരുപരിധിവരെ തിമിരത്തെ പ്രതിരോധിക്കാനാകും

Written by - Zee Malayalam News Desk | Last Updated : Oct 13, 2022, 11:59 AM IST
  • എല്ലാ വർഷവും ഒക്ടോബർ മാസം രണ്ടാമത്തെ വ്യാഴാഴ്ച ലോക കാഴ്ചദിനമായി ആചരിച്ചുവരുന്നു
  • ദേശീയ അന്ധത നിയന്ത്രണ പരിപാടിയുടെ ഭാഗമായി ഈ വർഷം ഒക്ടോബർ പതിമൂന്നിനാണ് ലോക കാഴ്ചദിനം ആചരിക്കുന്നത്
  • ‘നിങ്ങളുടെ കണ്ണുകളെ സ്നേഹിക്കുക’ എന്നതാണ് ഈ വർഷത്തെ കാഴ്ചദിന സന്ദേശം
World Sight Day 2022: സംസ്ഥാനത്തെ തിമിര മുക്തമാക്കുന്നതിന് പദ്ധതി ആവിഷ്‌ക്കരിക്കുമെന്ന് മന്ത്രി വീണാ ജോർജ്

തിരുവനന്തപുരം: സംസ്ഥാനത്തെ തിമിര മുക്തമാക്കുന്നതിന് പദ്ധതി ആവിഷ്‌ക്കരിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. സംസ്ഥാനത്ത് തിമിരം ബാധിച്ചിട്ടുള്ള 1.36 ലക്ഷത്തോളം പേരിൽ 1.13 ലക്ഷത്തോളം പേർക്ക് തിമിര ശസ്ത്രക്രിയ നടത്തി. ബാക്കിയുള്ളവരെ കൂടി കണ്ടെത്തി മുഴുവൻ പേർക്കും തിമിര ശസ്ത്രക്രിയ നടത്തി കാഴ്ച ഉറപ്പിക്കുകയാണ് ലക്ഷ്യം. ഇതിനായി ഒഫ്ത്താൽമോളജി വിഭാഗത്തെ സജ്ജമാക്കുന്നതാണ്. തിമിരം പ്രതിരോധിക്കുന്നത് വളരെ പ്രധാനമാണ്. പ്രമേഹം പോലെയുള്ള ദീർഘസ്ഥായീ രോഗങ്ങൾ നിയന്ത്രണ വിധേയമാക്കി ഒരുപരിധിവരെ തിമിരത്തെ പ്രതിരോധിക്കാനാകുമെന്നും മന്ത്രി വ്യക്തമാക്കി.

എല്ലാ വർഷവും ഒക്ടോബർ മാസം രണ്ടാമത്തെ വ്യാഴാഴ്ച ലോക കാഴ്ചദിനമായി ആചരിച്ചുവരുന്നു. ദേശീയ അന്ധത നിയന്ത്രണ പരിപാടിയുടെ ഭാഗമായി ഈ വർഷം ഒക്ടോബർ പതിമൂന്നിനാണ് ലോക കാഴ്ചദിനം ആചരിക്കുന്നത്. ‘നിങ്ങളുടെ കണ്ണുകളെ സ്നേഹിക്കുക’ എന്നതാണ് ഈ വർഷത്തെ കാഴ്ചദിന സന്ദേശം. അന്ധതയ്ക്ക് കാരണമായ ബഹുഭൂരിപക്ഷം രോഗങ്ങളും പ്രതിരോധിക്കാനോ ചികിത്സിച്ച് ഭേദമാക്കാനോ സാധ്യമായവയാണ്.

തിമിരം (Cataract): പ്രായമായവരിൽ കണ്ടുവരുന്ന തിമിരം, അന്ധതയ്ക്കുള്ള പ്രധാനകാരങ്ങളിൽ ഒന്നാണ്. ലളിതമായ ശസ്ത്രക്രിയയിലൂടെ തിമിരം മൂലമുണ്ടാകുന്ന അന്ധത ഭേദമാക്കാവുന്നതാണ്. ജില്ലാ, താലൂക്ക്, ആശുപത്രികളിലും മെഡിക്കൽ കോളേജിലും തിമിര ശസ്ത്രക്രിയ സൗജന്യമായി ചെയ്തുവരുന്നു.

കാഴ്ചവൈകല്യങ്ങൾ (Refractive Errors): കാഴ്ച വൈകല്യങ്ങൾ ശ്രദ്ധിക്കാതെ പോകുന്നത് കണ്ണുകൾക്ക് കൂടുതൽ ദോഷം ചെയ്യും. നേത്ര ഗോളത്തിനുണ്ടാകുന്ന വലിപ്പ വ്യത്യാസമോ ഫോക്കസ് ചെയ്യാനുള്ള അപാകതയോ ആണ് കാഴ്ച വൈകല്യങ്ങളുടെ പ്രധാന കാരണങ്ങൾ. ഹ്രസ്വദൃഷ്ടി, ദീർഘദൃഷ്ടി, അസ്റ്റിഗ്മാറ്റിസം എന്നിവയാണ് പ്രധാന കാഴ്ച തകരാറുകൾ. കുട്ടികളിലെ കാഴ്ച വൈകല്യങ്ങൾ നേരത്തെ തന്നെ നേത്ര പരിശോധനയിലൂടെ കണ്ടെത്തി കണ്ണട, കോണ്ടാക്ട് ലെൻസ് എന്നിവ ഉപയോഗിച്ച് പരിഹരിക്കാവുന്നതാണ്. സ്‌കൂൾ വിദ്യാർഥികൾക്കായി സൗജന്യ കണ്ണട സർക്കാർ തലത്തിൽ നൽകി വരുന്നുണ്ട്.

ALSO READ: World Sight Day 2022: കൺമണി പോലെ കാക്കാം കണ്ണുകളെ; സ്ക്രീൻ സമയം വർധിക്കുന്നത് കാഴ്ചയെ ബാധിക്കുന്നതിങ്ങനെ

പ്രമേഹ ജന്യ നേത്രാനന്തരപടല രോഗം (Diabetic Retinopathy): ജീവിതശൈലി രോഗങ്ങളായ പ്രമേഹവും രക്തസമ്മർദവും മൂലമുണ്ടാകുന്ന റെറ്റിനോപ്പതി കൂടുതൽ ആളുകളിൽ ഭേദമാക്കാനാകാത്ത അന്ധതയ്ക്ക് കാരണമാകുന്നു. വ്യായാമം, മരുന്ന്, ഭക്ഷണ നിയന്ത്രണം എന്നിവയിലൂടെ ഈ രോഗങ്ങളെ നിയന്ത്രിക്കുന്നതിനോടൊപ്പം കൃത്യമായ ഇടവേളകളിൽ വിദഗ്ധ നേത്ര പരിശോധനയിലൂടെ അതുമൂലമുണ്ടാകുന്ന അന്ധത ചെറുക്കാവുന്നതാണ്.

ഗ്ലോക്കോമ (Glaucoma): കണ്ണിനകത്തുള്ള ദ്രാവകത്തിന്റെ മർദ്ദം കൂടുന്ന അവസ്ഥയാണ് ഗ്ലോക്കോമ. കാഴ്ചയുടെ നിശബ്ദ കൊലയാളി എന്നും ​ഗ്ലോക്കോമ അറിയപ്പെടുന്നു. ​ഗ്ലോക്കോമ നേരത്തെ കണ്ടുപിടിക്കുകയും ചികിത്സിക്കുകയും ചെയ്താൽ അന്ധതയിലേക്കെത്താതെ കാഴ്ചയെ സംരക്ഷിക്കാം.

ആഹാരക്രമത്തിലും ജീവിത ശൈലിയിലും മാറ്റം വരുത്തിയാൽ പോഷകാഹാരക്കുറവ് മൂലമുണ്ടാകുന്ന കാഴ്ച വൈകല്യങ്ങളിൽ നിന്നും രക്ഷനേടാം. ഇത്തരത്തിൽ ശരിയായ നേത്ര സംരക്ഷണത്തിലൂടെ അന്ധതയെ ചെറുക്കുവാൻ സാധിക്കുന്നതാണ്. അന്ധതാ നിയന്ത്രണ പദ്ധതിയുടെ ഭാഗമായി നേത്ര സംബന്ധമായ എല്ലാ അസുഖങ്ങൾക്കും സംസ്ഥാനത്ത് ചികിത്സ ലഭ്യമാണ്. ഈ പദ്ധതിയുടെ കീഴിൽ സംസ്ഥാനത്തെ എല്ലാ ജില്ലകളിലും സൗജന്യ തിമിര ശസ്ത്രക്രിയ, സ്‌കൂൾ കുട്ടികൾക്കും വയോജനങ്ങൾക്കും കാഴ്ച പരിശോധിച്ച് സൗജന്യ കണ്ണട വിതരണം എന്നിവ നടപ്പിലാക്കുന്നു.

നേത്രരോ​ഗങ്ങളെ തടയാനുള്ള പ്രധാന മാർ​ഗം ഒരു ഒപ്‌റ്റോമെട്രിസ്റ്റിനെയോ നേത്രരോഗവിദഗ്ദ്ധനെയോ സന്ദർശിച്ച് പതിവായി നേത്രപരിശോധന നടത്തുക എന്നതാണ്. ഇത് രോഗങ്ങളെ തടയാനും അല്ലെങ്കിൽ പ്രാരംഭ ഘട്ടത്തിൽ രോഗാവസ്ഥകൾ കണ്ടെത്താനും ശരിയായ ചികിത്സയിലൂടെ കൃത്യസമയത്ത് രോഗം നിയന്ത്രിക്കാനും കാഴ്ച നഷ്ടപ്പെടുന്നത് തടയാനും സഹായിക്കും. പ്രായവുമായി ബന്ധപ്പെട്ട മാക്യുലർ ഡീജനറേഷൻ (എഎംഡി), ഡയബറ്റിക് റെറ്റിനോപ്പതി (ഡിആർ) തുടങ്ങിയ രോഗങ്ങൾ കൃത്യമായും ശരിയായ സമയത്തും കൈകാര്യം ചെയ്തില്ലെങ്കിൽ കാഴ്ച നഷ്ടപ്പെടാനോ കാഴ്ചവൈകല്യത്തിനോ ഇടയാക്കും.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News