അമേരിക്കയിലേയ്ക്ക് കാലുകുത്തണമെങ്കില്‍ ചില യോഗ്യതകള്‍ വേണം

അതിര്‍ത്തിയില്‍ അനധികൃതമായി ആളുകള്‍ കടക്കുന്നത് കര്‍ശനമായി പരിശോധിക്കുമെന്ന് ട്രംപ് പറഞ്ഞു.

Last Updated : Oct 14, 2018, 01:09 PM IST
അമേരിക്കയിലേയ്ക്ക് കാലുകുത്തണമെങ്കില്‍ ചില യോഗ്യതകള്‍ വേണം

വാഷിംഗ്ടണ്‍: അമേരിക്കയിലേയ്ക്ക് വരുന്നവര്‍ക്ക് ചില യോഗ്യതകള്‍ നിര്‍ബന്ധമാണെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു. മാത്രമല്ല, അതിര്‍ത്തിയില്‍ അനധികൃതമായി ആളുകള്‍ കടക്കുന്നത് കര്‍ശനമായി പരിശോധിക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു.

അതിര്‍ത്തിയിലെ കാര്യങ്ങളില്‍ ഞാന്‍ വളരെ കര്‍ക്കശക്കാരനാണ്. രാജ്യത്തേയ്ക്ക് ആളുകള്‍ കടക്കേണ്ടത് പൂര്‍ണ്ണമായും നിയമപരമായി മാത്രമായിരിക്കണം. യോഗ്യതയുടെ അടിസ്ഥാനത്തില്‍ മാത്രമേ ഇനി ആളുകളെ രാജ്യത്തേയ്ക്ക് കടത്തുകയുള്ളൂവെന്നും മാധ്യമങ്ങളോട് ട്രംപ് പറഞ്ഞു.

യോഗ്യതയുടെ അടിസ്ഥാനത്തില്‍ മാത്രം അന്യരാജ്യക്കാരെ കയറ്റുന്നത് ഇന്ത്യയില്‍ നിന്നുള്ള സാങ്കേതിക വിദഗ്ധര്‍ക്ക് കൂടുതല്‍ തൊഴിലവസരങ്ങള്‍ ഉണ്ടാക്കും. നിരവധി കാര്‍ കമ്പനികളാണ് അമേരിക്കയിലേയ്ക്ക് എത്തുന്നത്. 

സമാനമായ രീതിയില്‍ സാങ്കേതിക വിദഗ്ധരെ കൂടുതലായി രാജ്യത്തേയ്ക്ക് കൊണ്ടുവന്ന് ആഭ്യന്തര ഉല്‍പ്പാദനം മെച്ചപ്പെടുത്തുകയാണ് അമേരിക്കയുടെ ലക്ഷ്യം. അതിന് ഉപകരിക്കുന്ന ആളുകളെ മാത്രം കടത്തി വിട്ടാല്‍ മതിയെന്നാണ് ട്രംപ് ഭണകൂടത്തിന്‍റെ തീരുമാനം.

ചെയ്ന്‍ മൈഗ്രേഷന്‍ പോളിസിയെ ട്രെംപ് അതിശക്തമായി എതിര്‍ത്തു. തന്‍റെ പുതിയ തീരുമാനം രാജ്യത്തെ ഭൂരിപക്ഷം ജനങ്ങളും അംഗീകരിക്കുമെന്നാണ് പ്രസിഡന്റിന്‍റെ വിശ്വാസം. 

ലോകത്തിലെ ഏറ്റവും വലിയ സാമ്പത്തിക ശക്തിയാണ് അമേരിക്കയെന്നും ചൈനയെക്കാളും വേഗത്തില്‍ വലിയ സാമ്പത്തിക ശക്തിയാണ് തങ്ങളെന്നും അതിനാല്‍ മറ്റ് രാജ്യത്തിലെ ആളുകള്‍ കടന്നു കയറ്റത്തിന് ശ്രമിക്കുമെന്നും ട്രംപ് പറഞ്ഞു. 

അതുകൊണ്ടുതന്നെ അതിര്‍ത്തിയില്‍ എല്ലാ സാങ്കേതിക സജ്ജീകരണങ്ങളോടും കൂടിയാണ് സുരക്ഷ ഒരുക്കിയിരിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഇന്ത്യയില്‍ നിന്നും അമേരിക്കയിലേയ്ക്ക് അനധികൃതമായി എത്തുന്ന ആളുകളുടെ എണ്ണത്തില്‍ മൂന്നിരട്ടി വര്‍ദ്ധനവ് ഉണ്ടായെന്ന് നേരത്തെ അമേരിക്കന്‍ ഭരണകൂടം പുറത്തു വിട്ട റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു.

Trending News