Crime: കവർച്ചയ്ക്ക് പദ്ധതിയിടുന്നതായി രഹസ്യ വിവരം; കുരുക്കിട്ട് പോലീസ്, ഒടുവിൽ പിടിയിൽ
നാല് പേരുടെയും പേരിൽ വിവിധ പോലീസ് സ്റ്റേഷനുകളിൽ കേസുകൾ നിലവിലുണ്ട്. ഈരാറ്റുപേട്ടയിലെ ഒരു ലോഡ്ജിൽ നിന്നാണ് ഇവരെ പിടികൂടിയത്.
കോട്ടയം: ജില്ലയിലെ വിവിധയിടങ്ങളിൽ കവർച്ച നടത്താൻ പദ്ധതിയിട്ട നാലംഗ സംഘം പിടിയിൽ. ഈരാറ്റുപേട്ട സ്വദേശികളായ സുൽഫിക്കർ, അജ്മൽ ഷാ നിലമ്പൂർ സ്വദേസികളായ ഷെഫീഖ്, നബീൽ വി.പി എന്നിവരാണ് പോലീസിന്റെ പിടിയിലായത്. കൊലപാതക ശ്രമം, കവർച്ച, മയക്കുമരുന്ന് ഉൾപ്പെടെ നിരവധി കേസുകളിൽ ഉൾപ്പെട്ട സ്ഥിരം കുറ്റവാളികളാണ് നാല് പേരുമെന്ന് പോലീസ് വ്യക്തമാക്കി. ഈരാറ്റുപേട്ടയിൽ ഒരു സ്വകാര്യ ലോഡ്ജില്‍ മുറിയെടുത്ത് ഇവർ കവർച്ചയ്ക്ക് പദ്ധതിയിടുന്നതായി ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന് രഹസ്യ വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഈരാറ്റുപേട്ട പോലീസ് നടത്തിയ പരിശോധനയിലാണ് നാലുപേരും പിടിയിലാവുന്നത്.
സുൽഫിക്കറിന്റെ പേരിൽ കാഞ്ഞാർ, ഈരാറ്റുപേട്ട എന്നീ സ്റ്റേഷനുകളിലും, അജ്മൽ ഷാക്ക് ഈരാറ്റുപേട്ട സ്റ്റേഷനിലും, ഷെഫീക്കിന് നിലമ്പൂർ, കർണാടകയിലെ മദനായകഹള്ളി സ്റ്റേഷനിലും നബീലിന് നിലമ്പൂർ സ്റ്റേഷനിലും ക്രിമിനൽ കേസുകൾ നിലവിലുണ്ട്. ഈരാറ്റുപേട്ട സ്റ്റേഷൻ എസ്.എച്ച്. ഓ ബാബു സെബാസ്റ്റ്യൻ, എസ്.ഐ വിഷ്ണു.വി. വി, ബ്രഹ്മദാസ് പി.എം, എ.എസ്.ഐ ബിജു കെ തോമസ്, സി.പി.ഓ മാരായ ജോബി ജോസഫ്, അനിൽകുമാർ,സന്ദീപ് രവീന്ദ്രൻ എന്നിവർ ചേർന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. പ്രതികളെ കോടതിയിൽ ഹാജരാക്കി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...