Dengue Fever: ഒരു മാസത്തിനിടെ പകർച്ചപ്പനി ബാധിച്ച് മരിച്ചത് 86 പേർ; 138 ഡെങ്കി ബാധിത മേഖലകൾ
Dengue affected areas: സംസ്ഥാനത്ത് 138 ഡെങ്കിപ്പനി ബാധിത പ്രദേശങ്ങൾ ആരോഗ്യ വകുപ്പ് കണ്ടെത്തിയിട്ടുണ്ട്. കോഴിക്കോട്, കൊല്ലം ജില്ലകളിൽ 20 വീതം ഹോട്ട്സ്പോട്ടുകളാണ് ഉള്ളത്.
തിരുവനന്തപുരം: സംസ്ഥാനത്ത് പനി ബാധിച്ച് മരിക്കുന്നവരുടെ എണ്ണം ഉയരുന്നു. ഒരു മാസത്തിനിടെ പകർച്ചപ്പനി ബാധിച്ച് സംസ്ഥാനത്ത് 86 പേരാണ് മരിച്ചത്. ശനിയാഴ്ച മാത്രം എട്ട് പേരാണ് മരിച്ചത്. ഇതിൽ രണ്ട് പേർ ഡെങ്കിപ്പനി ബാധിച്ചും രണ്ട് പേർ എലിപ്പനി ബാധിച്ചുമാണ് മരിച്ചത്. ഒരാൾക്ക് എച്ച്1 എൻ1 ബാധിച്ചിരുന്നതായും സംശയമുണ്ട്.
മറ്റ് രണ്ട് പേരുടെ മരണം ഡെങ്കിപ്പനി ബാധിച്ചും ഒരാളുടെ മരണം എലിപ്പനി ബാധിച്ചുമാണെന്ന് സംശയിക്കുന്നു. ശനിയാഴ്ച 12,728 പേർ പനിബാധിച്ച് ചികിത്സ തേടി. സംസ്ഥാനത്ത് 138 ഡെങ്കിപ്പനി ബാധിത പ്രദേശങ്ങളും ആരോഗ്യ വകുപ്പ് കണ്ടെത്തിയിട്ടുണ്ട്. കോഴിക്കോട്, കൊല്ലം ജില്ലകളിൽ 20 വീതം ഹോട്ട്സ്പോട്ടുകളാണ് ഉള്ളത്.
ഈ പ്രദേശങ്ങളിൽ പ്രത്യേക ജാഗ്രത പുലർത്താനും പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കാനും തീരുമാനിച്ചു. സംസ്ഥാനത്ത് പനിബാധിതരുടെ എണ്ണവും പനിമരണങ്ങളും വർധിക്കുന്ന സാഹചര്യത്തിൽ പകര്‍ച്ചപ്പനികള്‍ക്കെതിരെ ജാഗ്രത വേണമെന്നും പനി നിസാരമായി കാണരുതെന്നും ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു.
ഡെങ്കിപ്പനി, ഇന്‍ഫ്ലുവൻസ, എലിപ്പനി, സിക എന്നിവ ബാധിക്കാതിരിക്കാന്‍ എല്ലാവരും ഒരുപോലെ ജാഗ്രത പാലിക്കേണ്ടതാണ്. നീണ്ടുനില്‍ക്കുന്ന പനി പകര്‍ച്ചപ്പനിയാകാന്‍ സാധ്യതയുള്ളതിനാല്‍ ആരംഭത്തിലേ ചികിത്സ തേടണം. പനി ഉള്ളതായി സംശയം തോന്നിയാൽ മെഡിക്കല്‍ സ്റ്റോറില്‍ നിന്നും ഗുളിക വാങ്ങി സ്വയം ചികിത്സ പാടില്ലെന്നും എല്ലാ പ്രധാന ആശുപത്രികളിലും പനി ക്ലിനിക്കുകള്‍ ആരംഭിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...