Kattakkada Student Murder: കാട്ടാക്കടയിൽ വിദ്യാർഥിയെ കാറിടിച്ച് കൊന്ന കേസ്; പോലീസിന് വീഴ്ചയുണ്ടായോ എന്ന് അന്വേഷണം, ഉത്തരവിട്ട് റേഞ്ച് ഡിഐജി
Kattakkada Student Murder Case: സിസിടിവി ദൃശ്യങ്ങൾ കിട്ടിയിട്ടും കാട്ടാക്കട പോലീസ് നടപടിയെടുക്കാൻ വൈകിയെന്ന ആരോപണത്തിൽ റേഞ്ച് ഡിഐജി അന്വേഷണത്തിന് ഉത്തരവിട്ടു.
തിരുവനന്തപുരം: കാട്ടാക്കട പൂവച്ചലിൽ പത്താം ക്ലാസുകാരൻ ആദിശേഖറിനെ കാറിടിച്ച് കൊന്ന കേസിൽ പോലീസിന് വീഴ്ചയുണ്ടായോ എന്നതിൽ അന്വേഷണം. സിസിടിവി ദൃശ്യങ്ങൾ കിട്ടിയിട്ടും നടപടിയെടുക്കാൻ കാട്ടാക്കട പോലീസ് വൈകിയെന്ന ആരോപണത്തിൽ റെഞ്ച് ഡിഐജി അന്വേഷണത്തിന് ഉത്തരവിട്ടു.
അടിയന്തരമായി അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ തിരുവനന്തപുരം റൂറൽ അഡീഷണൽ എസ് പി എം.കെ സുൽഫിക്കറിന് ആർ.നിശാന്തിനി നിർദേശം നൽകി. ഇക്കഴിഞ്ഞ ഓഗസ്റ്റ് മുപ്പതിന് പുളിങ്കോട് ക്ഷേത്ര പരിസരത്ത് പ്രിയരഞ്ജൻ മൂത്രമൊഴിച്ചത് ആദിശേഖർ ചോദ്യം ചെയ്തിരുന്നു. ഇതിലുണ്ടായ വൈരാഗ്യമാണ് പത്താം ക്ലാസുകാരനെ വാഹനമിടിച്ച് കൊലപ്പെടുത്താനുണ്ടായ സാഹചര്യമെന്നാണ് പൊലീസ് പറയുന്നത്.
സംഭവം നടന്ന് ദിവസങ്ങൾ പിന്നിട്ട ശേഷമാണ് പൊലീസ് വിഷയത്തിൽ കാര്യമായി ഇടപെട്ടത്. ആദിശേഖറിനെ അകന്നബന്ധു കൂടിയായ നാലാഞ്ചിറ സ്വദേശി പ്രിയരഞ്ജൻ വാഹനമിടിച്ച് കൊലപ്പെടുത്തുന്ന 29 മിനിട്ട് 30 സെക്കൻഡ് ദൈർഘ്യമുള്ള സിസിടിവി ദൃശ്യങ്ങൾ ക്ഷേത്ര പരിസരത്തെ ക്യാമറയിൽ പതിഞ്ഞിരുന്നു.
എന്നാൽ, ആദ്യഘട്ടത്തിൽ തന്നെ പോലീസ് ഈ ദൃശ്യങ്ങൾ ലഭിച്ചിരുന്നുവെങ്കിലും സാധാരണഗതിയിലെ ഒരു അപകടമാണെന്ന് കരുതി കൂടുതൽ അന്വേഷണത്തിന് തയ്യാറായിരുന്നില്ല. പിന്നീട്, സിസിടിവി ദൃശ്യങ്ങളിൽ നടത്തിയ കൂടുതൽ പരിശോധനയിൽ നിന്നാണ് മനപ്പൂർവ്വം വാഹനമിടിച്ച് കൊലപ്പെടുത്തിയതാണെന്ന് പോലീസിന് കൃത്യമായി ബോധ്യപ്പെട്ടത്.
സെപ്റ്റംബർ ആറിന് മനപ്പൂർവ്വമല്ലാത്ത നരഹത്യക്ക് കേസെടുത്തിരുന്നുവെങ്കിലും സെപ്റ്റംബർ ഒമ്പതിന് ഐപിസി 302 പ്രകാരം കൊലക്കുറ്റവും കൂടുതൽ വകുപ്പുകളും ചുമത്തുകയായിരുന്നു. ബന്ധുക്കൾ സിസിടിവി ദൃശ്യങ്ങൾ നൽകിയിട്ടും കേസെടുക്കാൻ വൈകി എന്നാണ് പോലീസിനെതിരെ ഉയരുന്ന ആരോപണം.
ഇക്കാര്യത്തിലാണ് പൊലീസിന് വീഴ്ച ഉണ്ടായിട്ടുണ്ടോ എന്നതിൽ അന്വേഷണം നടത്താൻ റേഞ്ച് ഡിഐജി ആർ. നിശാന്തിനി ഉത്തരവിട്ടത്. കേസന്വേഷിച്ച കാട്ടാക്കട സ്റ്റേഷനിലെ എസ്ഐ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർക്കെതിരെയാണ് അന്വേഷണം. വിവാദമായ കേസിൽ കളിയിക്കാവിളക്ക് സമീപം കുഴിത്തുറയിൽ നിന്നാണ് പ്രതിയെ പിടികൂടിയത്.
രണ്ട് ദിവസം മുൻപ് ഇയാളെ തെളിവെടുപ്പിന് എത്തിച്ചിരുന്നു. പോലീസ് അറസ്റ്റ് ചെയ്ത പ്രിയരഞ്ജൻ നിലവിൽ റിമാൻഡിലാണ്. ആദിശേഖറിനെ പ്രതി ഇക്കഴിഞ്ഞ ഏപ്രിലിൽ കയ്യേറ്റം ചെയ്യാൻ ശ്രമിച്ചതിന്റെ മൊഴിയും നേരത്തെ പുറത്തുവന്നിരുന്നു. മരിച്ച കുട്ടിയുടെ കുടുംബത്തെ അപകീർത്തിപ്പെടുത്താൻ പ്രതിയുടെ ഭാര്യ ശ്രമിക്കുന്നുവെന്ന പരാതിയിലും പോലീസ് കേസെടുത്തിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...