Bodinayakanur Train Service: വ്യാഴാഴ്ച മുതൽ ബോഡി നായ്ക്കന്നൂരില്‍ തീവണ്ടിയുടെ ചൂളം വിളി
ജൂണ്‍ 15-ന് രാത്രി 8.30-ന് ട്രെയിന്‍ നമ്പര്‍ 20602 എംജിആര്‍ ചെന്നൈ സെന്‍ട്രല്‍ എക്‌സ്പ്രസ്, ബോഡി നായ്ക്കന്നൂരില്‍ നിന്ന് പ്രയാണം ആരംഭിയ്ക്കും
ഇടുക്കി: ജില്ലക്ക് പ്രതീക്ഷയുമായി ബോഡി നായ്ക്കന്നൂരില്‍ വ്യാഴാഴ്ച മുതൽ തീവണ്ടിയുടെ ചൂളം വിളി മുഴങ്ങും. ഇടുക്കിയുടെ അതിര്‍ത്തി മേഖലയായ ബോഡിമെട്ടില്‍ നിന്നും 27 കിലോമീറ്റര്‍ മാത്രമാണ് ബോഡി നായ്ക്കന്നൂരിലേയ്ക്കുള്ള ദൂരം.
ജൂണ്‍ 15-ന് രാത്രി 8.30ന് ട്രെയിന്‍ നമ്പര്‍ 20602 എംജിആര്‍ ചെന്നൈ സെന്‍ട്രല്‍ എക്‌സ്പ്രസ്, ബോഡി നായ്ക്കന്നൂരില്‍ നിന്ന് പ്രയാണം ആരംഭിയ്ക്കും. കേന്ദ്രമന്ത്രി എല്‍ മുരുകന്‍ ഫ്‌ളാഗ് ഓഫ് ചെയ്യും. തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളിലാണ്, ബോഡിയില്‍ നിന്നും ചെന്നൈയിലേയ്ക്ക് സര്‍വ്വീസ് ഉണ്ടാവുക.
ചൊവ്വാ, വ്യാഴം, ഞായര്‍ ദിവസങ്ങളില്‍ തിരിച്ചും സര്‍വ്വീസ് നടത്തും. ഇതോടൊപ്പം മധുര- ബോഡി റൂട്ടില്‍ അണ്‍ റിസര്‍വേര്‍ഡ് എക്‌സ്പ്രസ് ട്രെയിന്‍ എല്ലാ ദിവസവും സര്‍വ്വീസ് നടത്തും. മധുരയില്‍ നിന്ന് രാവിലെ 8.20ന് ആരംഭിയ്ക്കുന്ന സര്‍വ്വീസ് 10.30-ന് ബോഡിയില്‍ എത്തും. തുടര്‍ന്ന് വൈകിട്ട് 5.50-ന് ബോഡിയില്‍ നിന്നും പുറപ്പെടുന്ന സര്‍വ്വീസ് രാത്രി 7.50ന് മധുരയില്‍ എത്തും.
മധുര- തേനി- ബോഡി റൂട്ടില്‍ 90 കിലോമീറ്റര്‍ ദൈര്‍ഘ്യത്തിലാണ്, ബ്രോഡ്‌ഗേജ് പാത നിര്‍മ്മിച്ചിരിയ്ക്കുന്നത്. ഏതാനും മാസങ്ങള്‍ക്ക മുന്‍പ് തന്നെ തേനി വരെയുള്ള സര്‍വ്വീസ് ആരംഭിച്ചിരുന്നു. ബോഡിയിലേയ്ക്കുള്ള പാതയിലെ, വിവിധ ഘട്ട പരീക്ഷണ ഓട്ടങ്ങളും പൂര്‍ത്തീകരിച്ച ശേഷമാണ്, സര്‍വ്വീസ് ആരംഭിയ്ക്കുന്നത്
ഇടുക്കിയോട് ചേര്‍ന്ന് കിടക്കുന്ന പട്ടണത്തില്‍ റെയില്‍ വേ എത്തിയതോടെ ഹൈറേഞ്ചിനും കൂടുതല്‍ ഗുണകരമാകുമെന്നാണ് പ്രതീക്ഷ. ഹൈറേഞ്ചില്‍ നിന്നുള്ള സുഗന്ധവ്യഞ്ജനങ്ങളുടെ ചരക്ക് നീക്കവും വേഗത്തിലാകും. വിനോദ സഞ്ചാരികള്‍ക്കും ശബരിമല തീര്‍ത്ഥാടകര്‍ക്കും പാത ഗുണകരമാകും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...