Ganja Seized: തൃശൂരിൽ വൻ കഞ്ചാവ് വേട്ട; 15 കിലോ കഞ്ചാവുമായി രണ്ടു പേർ പിടിയിൽ
15 കിലോ കഞ്ചാവാണ് പ്രതികളിൽ നിന്നും പിടികൂടിയത്. കെഎസ്ആർടിസി ബസിൽ കടത്താൻ ശ്രമിക്കുന്നതിനിടെയാണ് തൃശൂർ ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡ് രണ്ട് പേരെ പിടികൂടിയത്.
തൃശൂർ: തൃശൂർ ചുവന്ന മണ്ണിൽ വൻ കഞ്ചാവ് വേട്ട. കെഎസ്ആർടിസി ബസിൽ കടത്താൻ ശ്രമിച്ച 15 കിലോ കഞ്ചാവാണ് തൃശൂർ ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡ് പിടികൂടിയത്. സംഭവത്തിൽ രണ്ട് പേർ അറസ്റ്റിലായി. പട്ടിക്കാട് സ്വദേശി അജയ്, പശ്ചിമ ബംഗാൾ സ്വദേശി ബിശ്വാസ് എന്നിവരാണ് അറസ്റ്റിലായിരിക്കുന്നത്. പിടികൂടിയവരിൽ അജയ് എന്നയാളുടെ നേതൃത്വത്തിലാണ് ഒഡീഷയിൽ നിന്ന് കഞ്ചാവ് കടത്തിക്കൊണ്ടു വന്നത്. ഭാഷ അറിയാനും മറ്റുമായാണ് ഇയാൾ ബംഗാൾ സ്വദേശിയുടെ സഹായം തേടിയതെന്ന് പോലീസ് വ്യക്തമാക്കുന്നു. പീച്ചി പോലീസ് ഇത് സംബന്ധിച്ച് കേസ് രജിസ്റ്റർ ചെയ്യും.
Crime News: ദേവസ്വം ഭണ്ഡാരത്തിൽ കാണിക്കയായി നിക്ഷേപിച്ച സ്വർണ്ണക്കിഴി മോഷ്ടിച്ചു; ദേവസ്വം ജീവനക്കാരൻ പിടിയിൽ
ദേവസ്വം ഭണ്ഡാരത്തിൽ കാണിക്കയായി നിക്ഷേപിച്ച സ്വർണ്ണക്കിഴി മോഷ്ടിച്ച ദേവസ്വം ജീവനക്കാരനെ ദേവസ്വം വിജിലൻസ് പിടികൂടി. ഏറ്റുമാനൂർ ഗ്രൂപ്പിൽ വസുദേവപുരം ദേവസ്വത്തിലെ ഭണ്ഡാരത്തിൽ തളി ആയി ജോലി ചെയ്തിരുന്ന റെജി കുമാറിനെയാണ് ദേവസ്വം വിജിലൻസ് സബ് ഇൻസ്പക്ടർ ബിജു രാധാകൃഷ്ണൻ പിടികൂടിയത്.
ഇയാളിൽ നിന്നും ഒന്നര പവൻ സ്വർണ്ണം കണ്ടെടുത്തിട്ടുണ്ട്. കഴിഞ്ഞ മാസം 16ന് ആണ് കേസിനാസ്പദമായ സംഭവം നടന്നത്. ദേവസ്വം ബോർഡിലെ തന്നെ ഒരു ഉദ്യോഗസ്ഥൻ ഭണ്ഡാരത്തിൽ സ്വർണം കാണിക്കയായി നിക്ഷേപിച്ചു. പിന്നീട് ദേവസ്വത്തിൻ്റെ കണക്കിൽ ഇത് എത്താതെ വന്നതോടെ നടത്തിയ പരിശോധനയിലാണ് ജീവനക്കാരൻ മോഷ്ടിച്ചതായി കണ്ടെത്തിയത്.
ജീവനക്കാരൻ ഭണ്ഡാരത്തിൽ സ്വർണം നിക്ഷേപിക്കുന്നതിൻ്റെയും പിന്നീട് റെജി കുമാർ ഇത് കൈക്കലാക്കുന്നതിൻ്റെയും സിസി ടിവി ദൃശ്യങ്ങൾ ലഭിച്ചു. തുടർന്ന് ദേവസ്വം വിജിലൻസ് ഇയാളെ പിടികൂടി പമ്പാ സ്റ്റേഷനിലേക്ക് കൈമാറി. പോലീസ് ഇയാൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു. പ്രതിയെ ഇന്ന് റാന്നി കോടതിയിൽ ഹാജരാക്കും.