Karuvannur bank scam: കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസ്; മുൻ മന്ത്രി എ.സി. മൊയ്തീന്റെ വീട്ടിൽ ഇഡി റെയ്ഡ്
AC Moideen: എ.സി. മൊയ്തീന്റെ വടക്കാഞ്ചേരി തെക്കുംകരയിലുള്ള വീട്ടിലും ഓഫീസിലുമാണ് റെയ്ഡ് നടക്കുന്നത്. കൊച്ചിയിൽ നിന്നുള്ള ഇ.ഡി. സംഘമാണ് പരിശോധന നടത്തുന്നത്.
തൃശൂർ: കരുവന്നൂർ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് മുൻ മന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ എ.സി. മൊയ്തീന്റെയും ബിനാമികളെന്ന് സംശയിക്കുന്നവരുടേയും വീടുകളിൽ ഇ.ഡി. റെയ്ഡ്. കൊച്ചിയിൽ നിന്നുള്ള ഇ.ഡി. സംഘമാണ് പരിശോധന നടത്തുന്നത്. എ.സി. മൊയ്തീന്റെ വടക്കാഞ്ചേരി തെക്കുംകരയിലുള്ള വീട്ടിലും ഓഫീസിലുമാണ് റെയ്ഡ് നടക്കുന്നത്.
കൊച്ചി ഇഡി ഓഫീസിൽ നിന്നുള്ള 12 ഉദ്യോഗസ്ഥരാണ് എ.സി. മൊയ്തീന്റെ വീട്ടില്‍ പരിശോധന നടത്തുന്നത്. ചൊവ്വാഴ്ച രാവിലെ ഏഴ് മണി മുതലാണ് റെയ്ഡ് ആരംഭിച്ചത്. കരുവന്നൂർ സഹകരണ ബാങ്കുമായി ബന്ധപ്പെട്ട 300 കോടി രൂപയുടെ തട്ടിപ്പ് നടന്ന കേസിൽ ഇഡി അന്വേഷണം നടക്കുന്നുണ്ട്. അതിന്റെ ഭാഗമായാണ് മുൻ മന്ത്രിയുടെ വീട്ടിലെ പരിശോധനയെന്നാണ് വിവരം.
മൊയ്തീന്റെ ബന്ധുക്കളിൽ ചിലർക്ക് കരുവന്നരൂർ സഹകരണ ബാങ്ക് തട്ടിപ്പുമായി ബന്ധമുണ്ടെന്ന് ആരോപണം ഉയർന്നിരുന്നു. എ.സി.മൊയ്തീന്റെ വീട്ടിലെ പരിശോധനയ്ക്ക് ഒപ്പം തന്നെ കോലഴിയിൽ പണമിടപാട് സ്ഥാപനം നടത്തുന്ന സതീഷ് എന്നയാളുടെ വീട്ടിലും പരിശോധന നടക്കുന്നുണ്ട്.
മുൻപ് കരുവന്നൂർ സഹകരണ ബാങ്കിലെ തട്ടിപ്പിൽ സിപിഎം മുൻ ഏരിയ സെക്രട്ടറിയും മുൻ ജില്ലാ സെക്രട്ടേറിയറ്റ് അംഗവുമായ സി.കെ.ചന്ദ്രന്റെയും എ.സി.മൊയ്തീൻ എംഎൽഎയുടെയും പങ്ക് അന്വേഷിക്കണമെന്ന് ജയിലിൽ കഴിയുന്ന ഒന്നാം പ്രതി ടി.ആർ.സുനിൽകുമാറിന്റെ അച്ഛൻ രാമകൃഷ്ണൻ ആവശ്യപ്പെട്ടിരുന്നു.
സിപിഎം കുടുംബത്തിലെ അംഗമായ സുനിൽകുമാർ കരുവന്നൂർ ബാങ്ക് സെക്രട്ടറിയായിരുന്നു. ഭരണസമിതി തീരുമാനമെടുത്ത് വരുന്ന ഫയലുകളിൽ ഒപ്പിടുക മാത്രമേ സുനിൽകുമാർ ചെയ്തിട്ടുള്ളൂവെന്നായിരുന്നു സുനിൽകുമാറിന്റെ അച്ഛൻ രാമകൃഷ്ണന്റെ നിലപാട്.
രേഖകളില്ലാതെയും ഈടില്ലാതെയുമുള്ള അപേക്ഷകളിൽ പാർട്ടി ബന്ധം മാത്രം നോക്കി വായ്പ കൊടുക്കാൻ തീരുമാനമെടുത്തത് ഈ നേതാക്കളുടെ അറിവോടെയാണെന്നും രാമകൃഷ്ണൻ ആരോപിച്ചിരുന്നു. അതേസമയം, തട്ടിപ്പുകാരന്റെ അച്ഛൻ എന്തുകൊണ്ടാണ് അങ്ങനെ പറഞ്ഞതെന്ന് അറിയില്ലെന്നായിരുന്നു മൊയ്തീന്റെ പ്രതികരണം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...