തൃശൂർ: പൂജ്യം ഡിഗ്രിയോളം തണുപ്പ്. പരിശോധിക്കേണ്ടി വരിക രണ്ടായിരത്തോളം ഫ്ലാറ്റുകൾ. എല്ലാ പ്രതിബന്ധങ്ങളെയും തരണം ചെയ്ത് തൃശൂർ പോലീസ് ഡൽഹിയിൽ നിന്ന് പോക്‌സോ കേസ് പ്രതിയെ പിടികൂടി. ഇൻസ്റ്റഗ്രാമിലെ 'മലയാളി മല്ലു' എന്ന പേരിൽ നിന്ന് ആരംഭിച്ച അന്വേഷണം യഥാർഥ പ്രതിയിലേക്ക് എത്തിയതും ഏറെ വെല്ലുവിളികളെ മറികടന്നാണ്.


COMMERCIAL BREAK
SCROLL TO CONTINUE READING

സംഭവത്തിലെ പ്രതിയായ ന്യൂ ഡൽഹിയിലെ ആർ.കെ.പുരം സെക്ടർ എട്ടിൽ താമസിക്കുകയായിരുന്ന ദേവൻ മേനോൻ (20) ആണ് പിടിയിലായത്. മെഡിക്കൽ കോളേജ് പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർമാരായ വി.ആർ. ലിജിത്, കെ.എസ്. അഖിൽ വിഷ്ണു എന്നിവരാണ് പ്രതിയെ പിടികൂടിയത്.


സാമൂഹിക മാധ്യമം വഴി പരിചയപ്പെട്ട, പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ നഗ്‌നഫോട്ടോകളും വീഡിയോകളും കൈവശപ്പെടുത്തി ഭീഷണിപ്പെടുത്തിയെന്ന പരാതിയിലാണ് പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചത്. ഇൻസ്റ്റഗ്രാം അക്കൗണ്ട് വഴി മെയിൽ ഐഡിയും അതുവഴി ഫോൺ നമ്പറും സൈബർ പോലീസിന്റെ സഹായത്തോടെ കണ്ടെത്തി.


ALSO READ: ചികിത്സക്കെത്തിയ പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം; ഡോക്ടർക്ക് ഒരു വർഷം തടവും ഇരുപതിനായിരം രൂപ പിഴയും


തുടർന്ന് ഇവർ പ്രതിയെ പിടികൂടുന്നതിനായി ഡൽഹിയിലേക്ക് തിരിച്ചു. ഇവരുടെ കൈയിലുണ്ടായിരുന്ന വിലാസത്തിൽ നിന്ന് മൂന്നുമാസം മുൻപെ പ്രതി താമസം മാറ്റിയിരുന്നു. ഇക്കാര്യം ഡൽഹിയിൽ എത്തിയപ്പോഴാണ് മനസ്സിലായത്. ഇവിടെ നിന്ന് ലഭിച്ച സൂചന അനുസരിച്ചുള്ള സ്ഥലത്താണെങ്കിൽ രണ്ടായിരത്തിലേറെ ഫ്ലാറ്റുകളാണ് ഉണ്ടായിരുന്നത്.


നൂറും നൂറ്റമ്പതും ഫ്ലാറ്റുകൾ അടങ്ങിയ കെട്ടിടങ്ങളായിരുന്നു ഫ്ലാറ്റ് സമുച്ചയത്തിൽ ഉണ്ടായിരുന്നത്. അപ്പോഴും പ്രതിയുടെ ഫോൺ നമ്പർ മാത്രമാണ് പോലീസിന്റെ കൈവശം ഉണ്ടായിരുന്നത്. പോലീസിൻറെ പക്കൽ പ്രതിയുടെ ഫോട്ടോ പോലും ഇല്ലായിരുന്നു.


തുടർന്ന് പോലീസ് പ്രതി താമസിക്കുന്നെന്ന് സംശയിക്കുന്ന പ്രദേശത്തെ മലയാളം പത്രവിതരണക്കാർ, മലയാളികളായ പച്ചക്കറിക്കടക്കാർ, പാൽവിതരണക്കാർ എന്നിവരുടെ സഹായം തേടി. പോലീസ് പരോക്ഷമായി ഇവരിൽ നിന്ന് വിവരങ്ങൾ ശേഖരിച്ചു. പിന്നീട് ഫോട്ടോ സംഘടിപ്പിച്ചു.


ALSO READ: ഇൻസ്റ്റാഗ്രാം ചാറ്റിങ്ങ്: ഒൻപതാം ക്ലാസ് വിദ്യാർഥിനി ആത്മഹത്യ ചെയ്ത സംഭവത്തിൽ ഒരാൾ പിടിയിൽ


കടുത്ത തണുപ്പും അന്തരീക്ഷമലിനീകരണവും മൂലം ആളുകൾ പുറത്തിറങ്ങാത്തത് അന്വേഷണത്തിന് വെല്ലുവിളിയായതായി പോലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. ഒരുമാസത്തിലേറെ പിന്തുടർന്നാണ് പോലീസ് അന്വേഷണം പ്രതിയിലേക്ക് എത്തിയത്.


സർക്കിൾ ഇൻസ്‌പെക്ടർ ഷാജു, സബ് ഇൻസ്‌പെക്ടർ ബാലസുബ്രഹ്‌മണ്യം എന്നിവരുടെയും സൈബർ പോലീസിന്റെയും പിന്തുണയും പ്രതിയിലേക്ക് എത്താൻ സഹായിച്ചതായി പോലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. പ്രതി ദേവൻ മേനോൻ പത്തനംതിട്ടയിൽ ബന്ധങ്ങളുള്ളയാളാണ്. തൃശൂരിലെത്തിച്ച പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.