തിരുവനന്തപുരം: വീണ്ടുമൊരു പൊങ്കാലക്കാലം കൂടി ആരംഭിക്കുകയാണ്. കുംഭ മാസത്തിലെ കാർത്തിക നക്ഷത്രത്തിലാണ് പൊങ്കാല നടക്കുന്നത്. പൂരം നാളും പൗർണമിയും ഒത്തു വരുന്ന അന്ന് പൊങ്കാല സമർപ്പിക്കും. മധുരാപുരി ചുട്ടെരിച്ച് കോപത്തിൽ എത്തിയ കണ്ണകിയെ ശാന്തയാക്കാൻ ജനങ്ങൾ പൊങ്കാലയിട്ടു എന്നാണ് സങ്കൽപ്പം. ഈ വിശ്വാസത്തിലാണ് എല്ലാവർഷവും പൊങ്കാലയിടുന്നത്.
മഹിഷാസുര മർദ്ദനത്തിന് ശേഷം സാക്ഷാൽ ശ്രീഭദ്രകാളിയെയും ഇത്തരത്തിൽ ഏതിരേറ്റെന്നും കഥയുണ്ട്. പൊങ്കാല ഗിന്നസ് ബുക്കിൽ കേറുന്നത് 1997 മുതലാണ് 1.5 മില്യൺ സ്ത്രീകൾ പങ്കെടുത്തു എന്ന കണക്കിൻറെ അടിസ്ഥാനത്തിലാണ് ആദ്യ ഗിന്നസ് നേട്ടം. ലോകത്തെ ഏറ്റവും കൂടുതൽ സ്ത്രീകൾ ഒത്തുകൂടുന്ന ഉത്സവം എന്ന പേരിലാണ് ഗിന്നസ് ബുക്കിൽ ഈ ഉത്സവം അറിയപ്പെടുന്നത്.
1997 ഫെബ്രുവരി 23-ന് നടന്ന പൊങ്കാലയിൽ 1.5 മില്യൺ സ്ത്രീകൾ പങ്കെടുത്തതു അടിസ്ഥാനമാക്കിയാണ് ഈ ചടങ്ങ് ഗിന്നസ് ബുക്കിൽ കയറിയത്. 2009-ലെ പുതുക്കിയ ഗിന്നസ് റെക്കോർഡ് പ്രകാരം 25 ലക്ഷം പേർ പൊങ്കാലയിട്ടുവത്രെ. ഫെബ്രുവരി 25-നാണ് ഇത്തവണത്തെ പൊങ്കാല.
അരിയാകുന്ന മനസ്സ് തിളച്ച്
പുതിയ മൺകലത്തിലാണ് പൊങ്കാല ഇടേണ്ടത്. പ്രപഞ്ചത്തിൻറെ പ്രതീകമായി മൺകലത്തിനെ തങ്ങളുടെ ശരീരമായി സങ്കൽപ്പിച്ച് അതിൽ അരിയാകുന്ന മനസ്സ് തിളച്ച് അഹംബോധം നശിക്കും, ശർക്കരയാകുന്ന പരമാനന്ദം കൂടി ചേരുമ്പോൾ അത് ആത്മസാക്ഷാത്കാരത്തിൻറെ പായസമായി മാറുന്നു എന്നാണ് തത്വം. പൊങ്കാലയ്ക്ക് ആദ്യ തീ കത്തിക്കുന്നത് ക്ഷേത്രത്തിനു മുൻപിലുള്ള പണ്ഡാര (രാജാവിന്റെ പ്രതീകം) അടുപ്പിലാണ്. ഇവിടെ തീ കത്തിച്ചതിനു ശേഷം മാത്രമേ മറ്റുള്ള അടുപ്പുകളിൽ തീ കത്തിക്കാൻ പാടുള്ളൂ. സാധാരണയായി ശർക്കര പായസം, കടുംപായസം അഥവാ കഠിനപായസം, വെള്ള ചോറ്, വെള്ളപായസം, എന്നിവയും തെരളി (കുമ്പിളപ്പം), മണ്ടപ്പുട്ട് മുതലായ ഏത് ഭക്ഷ്യ വസ്തുവും ഉണ്ടാക്കി ഭക്തിയോടെ ഭഗവതിക്ക് നിവേദിക്കാം.
പൊങ്കാല ദിനത്തിലെ ചടങ്ങുകൾ
ഫെബ്രുവരി 25-ന് രാവിലെ 10.30 നാണ് പണ്ടാര അടുപ്പിലേക്ക് തീ പകരുന്നത്. പിന്നീട് ഉച്ചകഴിഞ്ഞ് 2:30-ക്ക് ശേഷം നിവേദ്യം കഴിയുന്നതോടെ പൊങ്കാല ഇട്ട് ജനങ്ങൾ മടങ്ങും. 26-ന് രാത്രി 12: 30 ന് നടക്കുന്ന കുരുതിയോട്കൂടി ആറ്റുകാൽ പൊങ്കാല സമാപിക്കും. പൊങ്കാല ഉത്സവം തുടങ്ങി മൂന്നാം ദിനം മുതൽ കുത്തിയോട്ട വ്രതം ആരംഭിക്കും. പൊങ്കാല ദിവസം ബാലികമാർക്കുള്ള നേർച്ചയായ താലപ്പൊലിയും നടക്കും. ഉത്സവത്തിനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി ആറ്റുകാൽ ക്ഷേത്ര ട്രസ്റ്റ് ഭാരവാഹികൾ അറിയിച്ചിട്ടുണ്ട്.